ഫിറ്റ്നസ് ഫ്രീക്കന്മാരുടെ ശ്രദ്ധക്ക്; അമിത വ്യായാമം ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാം
text_fieldsനല്ല ആരോഗ്യത്തോടെ ദീർഘകാലം തുടരാൻ വ്യായാമം അനിവാര്യമാണ്. ശരീരഭാരം നിയന്ത്രിക്കാനും ശരീരത്തിന് വഴക്കമുണ്ടാവാനും രോഗ സാധ്യത കുറക്കാനും ഇത് നിങ്ങളെ സഹായിക്കും. എന്നാൽ ശരീരഭാരം കുറക്കാനും മറ്റും ജിമ്മിൽ മണിക്കൂറുകൾ വർക്ക്ഔട്ട് ചെയ്യുന്നവർ സൂക്ഷിക്കണം. നിങ്ങൾക്ക് ഹൃദയാഘാതമുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. കൂടുതൽ വർക്ക്ഔട്ട് കൂടുതൽ ഫലം ചെയ്യുമെന്നാണ് പലരുടെയും ധാരണ. എന്നാല്‍ ഇത് തെറ്റാണ്.
ഒരു ആവേശത്തിന് ജിമ്മിൽ ചേരുകയും ശരീരത്തിന് താങ്ങാൻ കഴിയുന്നതിനപ്പുറം വർക്ക്ഔട്ട് നടത്തുകയും ചെയ്യുന്നത് പരിക്കുകൾക്കും പേശികളുടെ ബലം ക്ഷയിക്കാനും കാരണമാകും. എല്ലാ ദിവസവും വർക്ക്ഔട്ട് ചെയ്യുന്നതിൽ നിന്ന് ഒരു ഇടവേള എടുക്കേണ്ടത് അത്യാവശ്യമാണ്.
തീവ്രമായ ട്രെയിനിങ് സെഷന് ശേഷം 24 മുതല്‍ 48 മണിക്കൂര്‍ വരെ വിശ്രമിക്കണം. വിശ്രമ വേളയിലാണ് ശരീരം പേശികളുടെ കേടുപാടുകള്‍ പരിഹരിക്കുകയും ശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നത്. വളരെ കഠിനവും വേഗത്തിലുള്ളതുമായ വ്യായാമങ്ങൾ ചെയ്യുന്നത് ചിലപ്പോൾ തിരിച്ചടിയായേക്കാം. അമിതമായ വ്യായാമം ഹൃദയപേശികളെ സമ്മർദത്തിലാക്കുന്നു. ഇത് ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാം.
അമിതമായി വ്യായാമം ചെയ്യുമ്പോൾ ശരീരം കോർട്ടിസോൾ പോലുള്ള സമ്മർദ ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ തുടങ്ങുന്നു. ശരീരത്തിലെ ഹോർമോണിന്റെ അളവ് സ്ഥിരമായി ഉയർന്നാൽ അത് ശരീരഭാരം വർധിപ്പിക്കും. ഉറക്കത്തെയും ദോഷകരമായി ബാധിക്കും.
സുരക്ഷിതമായി വര്‍ക്ക്ഔട്ട് ചെയ്യുന്നതിന് പ്രായം പ്രധാന ഘടകമാണ്. അതിനാല്‍ പ്രായമാകുമ്പോള്‍ വ്യായാമത്തിന്റെ തീവ്രത ക്രമീകരിക്കേണ്ടത് ആവശ്യമാണ്. ആഴ്ചയിൽ 150 മുതൽ 300 മിനിറ്റ് വരെ മിതമായ വ്യായാമമാണ് ശരീരത്തിന് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.