അലൂമിനിയം ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് വിദഗ്ധർ
text_fieldsമനാമ: അലൂമിനിയം പാത്രങ്ങൾ പാചകത്തിനായി ഉപയോഗിക്കുന്നത് സാധാരണമാണ്. ഭാരം കുറഞ്ഞതാണ്, വില കുറവാണ്, വൈവിധ്യമാർന്ന പാത്രങ്ങൾ സുലഭമായി കിട്ടും എന്നീ കാരണങ്ങളാൽ അലൂമിനിയം പാത്രങ്ങൾക്ക് ആവശ്യക്കാരേറെയുമാണ്. എന്നാൽ, അലൂമിനിയം പാത്രങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. പാചകം ചെയ്യുമ്പോൾ ചെറിയ അളവിലാണെങ്കിലും അലൂമിനിയം നമ്മുടെ ശരീരത്തിലെത്തും. അത് വിവിധ രോഗങ്ങൾക്ക് കാരണമാകുമെന്ന് ബഹ്റൈൻ സൊസൈറ്റി ഓഫ് കെമിസ്റ്റ് വൈസ് പ്രസിഡന്റ് ഹുസൈൻ അൽ ഹൽവാച്ചി ചൂണ്ടിക്കാട്ടുന്നു.
മനുഷ്യശരീരത്തിലെത്തുന്ന അലൂമിനിയം കണികകൾ നാഡീകോശങ്ങളെ ബാധിക്കുക മാത്രമല്ല, അൽഷൈമേഴ്സ്, കാൻസർ തുടങ്ങി നിരവധി രോഗങ്ങൾക്കും കാരണമാകാൻ സാധ്യതയുണ്ട്. മുട്ടയും പച്ചക്കറികളും ചിക്കിയെടുക്കുമ്പോൾ പാനിലുള്ള വസ്തുക്കൾ മനുഷ്യശരീരത്തിലെത്തുന്നു. പലതരം രോഗങ്ങൾക്ക് ഇത് കാരണമാകുന്നുണ്ട്. കറുപ്പിലോ ചാരനിറത്തിലോ ഇൻസുലേറ്റിങ് പോളിമർകൊണ്ട് പൊതിഞ്ഞ പാത്രങ്ങളിൽ പോറലുകളുണ്ടായാൽ എളുപ്പത്തിൽ നമ്മുടെ ശ്രദ്ധയിൽ വരും. എന്നാൽ അലൂമിനിയം പാത്രങ്ങളിൽ ഇതറിയാൻ ബുദ്ധിമുട്ടാണ്.
പഴങ്ങളിൽനിന്നും പച്ചക്കറികളിൽനിന്നും അലൂമിനിയം ശരീരത്തിലെത്തുക സാധാരണമാണ്. കുടിവെള്ളത്തിലൂടെയും ചെറിയ അളവിൽ അലൂമിനിയം ശരീരത്തിലെത്താം. അലൂമിനിയം ഹൈഡ്രോക്സൈഡ് അടങ്ങിയ മരുന്നുകൾ, അലൂമിനിയം ക്ലോറൈഡ് അടങ്ങിയ ഡിയോഡറന്റുകൾ എന്നിവയിലൂടെയും അലൂമിനിയം ശരീരത്തിലെത്തും. പ്രതിദിനം ഒരു കിലോഗ്രാം ഭാരത്തിന് 0.143 mg എന്ന നിലയിൽ അലൂമിനിയം ശരീരത്തിലെത്തിയാൽ പ്രശ്നമില്ല. അലൂമിനിയത്തിന്റെ അളവ് ഇതിൽ കൂടുതലായാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നാണ് പഠനങ്ങൾ കാണിക്കുന്നത്.
അലൂമിനിയം മനുഷ്യശരീരത്തിൽ പ്രവേശിക്കുമ്പോൾ, അത് ടിഷ്യൂകളിലും എല്ലുകളിലും ശ്വാസകോശങ്ങളിലും കേന്ദ്രീകരിക്കപ്പെടുകയും തലച്ചോറിൽ എത്തിയാൽ നാഡീവ്യവസ്ഥയെ തകരാറിലാക്കുകയുംചെയ്യുമെന്ന് അൽ ഹൽവാച്ചി അഭിപ്രായപ്പെടുന്നു. കാൻസർ, പൾമണറി ഫൈബ്രോസിസ്, ശ്വാസകോശ രോഗങ്ങൾ, അസ്ഥി രോഗങ്ങൾ എന്നിവക്കും ഇത് കാരണമാകുന്നതായി പഠനങ്ങളുണ്ട്. പാത്രങ്ങൾ ഉരച്ചു കഴുകുന്നത് അപകടകരമാണ്. വില നോക്കാതെ സ്ക്രാച്ച് പ്രൂഫ്, സ്റ്റിക്ക്പ്രൂഫ് കുക്ക് വെയറുകൾ വാങ്ങാനാണ് അദ്ദേഹം ഉപദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.