ഭാവിയിലുണ്ടാവുന്ന കോവിഡ് തരംഗങ്ങൾ ഇന്ത്യക്ക് വലിയ ആഘാതമാകില്ലെന്ന് വിദഗ്ധർ
text_fieldsന്യൂഡൽഹി: വ്യാപകമായി പ്രതിരോധ കുത്തിവെപ്പ് നടത്താനായതും രോഗബാധമൂലമുണ്ടായ പ്രതിരോധവും കാരണം ഭാവിയിലുണ്ടാവുന്ന കോവിഡ് തരംഗങ്ങൾ ഇന്ത്യക്ക് വലിയ ആഘാതമാകില്ലെന്ന് വിദഗ്ധർ. പ്രതിദിന കോവിഡ് നിരക്ക് കുറയുന്നതിനാൽ മാസ്ക് ധരിക്കുന്നതിൽ ഇളവ് അനുവദിക്കാമെന്നും ചിലർ കരുതുന്നു.
ദക്ഷിണ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിൽ ചിലയിടങ്ങളിലും ഇപ്പോൾ കോവിഡ് പടരുന്നുണ്ട്. ഞായറാഴ്ച ഇന്ത്യയിൽ പുതിയ 1,761 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇത് 688 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണ്. കോവിഡിന് കാരണമാകുന്നത് ആർ.എൻ.എ വൈറസ് ആണെന്നതിനാൽ ഇതിന്റെ സ്വഭാവത്തിൽ മാറ്റമുണ്ടായേക്കുമെന്ന് 'എയിംസ്' സീനിയർ എപിഡെമിയോളജിസ്റ്റും കോവാക്സിൻ പരീക്ഷണത്തിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററുമായ ഡോ. സഞ്ജയ് റായ് അഭിപ്രായപ്പെട്ടു. ഇതിനകം ആയിരത്തോളം ഭേദങ്ങൾ വൈറസിന് ഉണ്ടായിട്ടുണ്ട്. ഇതിൽ അഞ്ചെണ്ണമാണ് അപകടകരം.
ഇന്ത്യയിൽ നിലവിലെ അവസ്ഥയിൽ പുതിയ തരംഗമുണ്ടായാലും അധികം പേടിക്കാനില്ലെന്ന് ഡോ. റായ് പറഞ്ഞു. ഇന്ത്യയിൽ പുതിയ തരംഗത്തിന് സാധ്യത കുറവാണെന്ന് എപിഡെമിയോളജിസ്റ്റും പൊതുജനാരോഗ്യ വിദഗ്ധനുമായ ഡോ.ചന്ദ്രകാന്ത് ലഹാരിയ പറഞ്ഞു. എന്നാൽ മറ്റു രാജ്യങ്ങളിലെ സ്ഥിതി സർക്കാർ കൃത്യമായി വിലയിരുത്തണം. ഇനി കോവിഡിനൊപ്പം ജീവിക്കാനാണ് നാം ശീലിക്കേണ്ടത് -അദ്ദേഹം കൂട്ടിച്ചേർത്തു.
മിക്കവർക്കും കോവിഡ് വന്നതിനാൽ ഇനി മാസ്ക് ഒഴിവാക്കുന്നതുപോലുള്ള കാര്യങ്ങൾ പരിഗണിക്കാവുന്നതാണെന്ന് സഫ്ദർജങ് ഹോസ്പിറ്റലിലെ കമ്മ്യൂണിറ്റി മെഡിസിൻ മേധാവി ഡോ. ജുഗൽ കിഷോർ പറഞ്ഞു. പുതിയ തരംഗം വന്നാലും ഇന്ത്യയിലുള്ളവർക്ക് ഇനി കടുത്ത ലക്ഷണങ്ങളുണ്ടാകാൻ സാധ്യത കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.