കണ്ണിനെ കാക്കാം ശ്രദ്ധയോടെ
text_fieldsകണ്ണിലെ കൃഷ്ണമണിപോലെ കാക്കാമെന്നാണ് പൊതുവെ പറയുക. എന്നാൽ, കണ്ണിന് ആവശ്യമായ സാധാരണ പരിചരണങ്ങൾപോലും ആരും ചെയ്യാറില്ല. പ്രായം കൂടുന്തോറും ഇത് കണ്ണിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. കാഴ്ചവൈകല്യം പോലുള്ള അവസ്ഥക്കും വഴിവെക്കും. ലോകത്ത് 220 കോടി ജനങ്ങൾ കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. പ്രായമായവരിലാണ് പൊതുവെ കണ്ണിനെ സംബന്ധിച്ച പ്രശ്നങ്ങൾ കൂടുതൽ കണ്ടുവരുന്നത്. അൽപം ശ്രദ്ധ നൽകിയാൽ കണ്ണിനെ ബാധിക്കുന്ന പല പ്രശ്നങ്ങളും സ്വയം തന്നെ ഒഴിവാക്കാൻ കഴിയും.
കണ്ണുകൾക്ക് മാത്രമല്ല, നമ്മുടെ തലമുതൽ കാലുവരെയുള്ള ഭാഗങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് ഉറക്കം പ്രധാനമാണ്. കമ്പ്യൂട്ടറുകൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ സംഭവിച്ചാൽ റീസെറ്റ് ചെയ്യുന്നത് കണ്ടിട്ടില്ലേ. അതുപോലെ തന്നെയാണ് മനുഷ്യ ശരീരത്തിന് ഉറക്കം. നല്ല വിശ്രമം കണ്ണുകൾക്ക് ആരോഗ്യം പ്രദാനംചെയ്യും. ദിവസവും കുറഞ്ഞത് ഏഴുമണിക്കൂർ ഉറക്കം ഉറപ്പുവരുത്തണം.
കണ്ണുകളുടെ ആരോഗ്യത്തിന് ഏറ്റവും പ്രധാനമാണ് സ്ക്രീൻ ടൈം മാനേജ്മെന്റ്. ഡിജിറ്റൽ സ്ക്രീനുകളിൽനിന്ന് വരുന്ന ഹൈ എനർജി ബ്ലൂ ലൈറ്റ് കണ്ണുകളെ ഹാനികരമായി ബാധിക്കും. എന്നാൽ, ജോലിയുടെ ഭാഗമായും മറ്റും നിർബന്ധമായും ഡിജിറ്റൽ സ്ക്രീനുകളിലേക്ക് അധികനേരം നോക്കി ഇരിക്കേണ്ടിവരും. അതിനാൽ ഡിജിറ്റൽ സ്ക്രീനുകൾ ഉപയോഗിക്കുമ്പോൾ കണ്ണട ഉപയോഗിക്കുക, സ്ക്രീൻ കണ്ണിൽനിന്ന് കുറഞ്ഞത് 20-24 ഇഞ്ച് അകലത്തിലെങ്കിലും വെക്കുക, ഇടക്ക് അൽപനേരം അടച്ചുപിടിച്ചും മറ്റുവസ്തുക്കളിലേക്ക് നോക്കിയും കണ്ണിന് വിശ്രമം നൽകുക, സ്ക്രീനിലെ വെളിച്ചം കണ്ണുകൾക്ക് സുഖകരമാകുന്ന രീതിയിൽ ക്രമീകരിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണം. കണ്ണ് പരിശോധന നടത്തിയതിന് ശേഷം മാത്രം കണ്ണട ഉപയോഗിക്കാൻ ശ്രദ്ധിക്കണം
കണ്ണുകളുടെ ആരോഗ്യം നിലനിർത്തുന്നതിൽ പോഷകാഹാരം വലിയ പങ്ക് വഹിക്കുന്നു. വിറ്റമിൻ എ, സി, ഇ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങൾ കണ്ണിന്റെ ആരോഗ്യത്തിന് വലിയ ഗുണം ചെയ്യും. പച്ച ഇലക്കറികൾ, സാൽമൺപോലുള്ള ഫാറ്റി ഫിഷ് തുടങ്ങിയവയിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നു. ഇത് കണ്ണിന്റെ ആരോഗ്യത്തിന് പ്രധാനപ്പെട്ടവയാണ്. കൂടാതെ പപ്പായ, നാരങ്ങ, മാങ്ങ തുടങ്ങി മഞ്ഞ നിറമുള്ള പഴങ്ങളിൽ ധാരാളം ബീറ്റ കരോട്ടിനും വൈറ്റമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാൻ നല്ലതാണ്.
പ്രായമായവരിൽ തിമിരമാണ് പ്രധാനമായും കണ്ടുവരുന്ന നേത്രരോഗം. കണ്ണിനുള്ളിലെ ലെൻസിന്റെ സുതാര്യത നഷ്ടമാകുന്നതാണ് തിമിരം. ശസ്ത്രക്രിയയിലൂടെയാണ് തിമിരം ഭേദമാക്കുക. തിമിരം ബാധിച്ച ലെൻസ് മാറ്റി പുതിയ ലെൻസ് വെക്കുകയാണ് ചെയ്യുക.
45 വയസ്സിന് മുകളിലുള്ളവർ വർഷത്തിലൊരിക്കലെങ്കിലും നേത്രപരിശോധന നടത്തുന്നത് നന്നാകും. കുടുംബത്തിലുള്ളവർക്ക് കാഴ്ചവൈകല്യം ഉണ്ടെങ്കിലും, പ്രമേഹം, ഉയർന്ന രക്തസമ്മർദം തുടങ്ങിയവയുള്ളവരിലും പ്രായം കൂടുംതോറും നേത്രസംബന്ധമായ പ്രശ്നങ്ങൾ കണ്ടുവരാം. തൈറോയിഡ് രോഗം കൂടിയാലും കുറഞ്ഞാലും കണ്ണിനെ ബാധിക്കും. ഇവർ ഒരു മുൻകരുതലെന്ന നിലയിൽ വർഷത്തിലൊരിക്കൽ നേത്രപരിശോധന നടത്തുന്നതിലൂടെ നേരത്തേ തന്നെ പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും സങ്കീർണമാകാതെ വിദഗ്ധ ചികിത്സ ഉറപ്പാക്കാനും സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.