നോമ്പും ഉദരപ്രശ്നങ്ങളും
text_fieldsആത്മീയ നിർവൃതിയോടൊപ്പം ആരോഗ്യപരമായി നിരവധി ഗുണങ്ങളും പ്രദാനം ചെയ്യുന്നതാണ് നോമ്പ്. എങ്കിലും നോമ്പെടുക്കുന്ന പലരിലും കാണപ്പെടാറുള്ളതാണ് ഉദരസംബന്ധമായ, അല്ലെങ്കിൽ ദഹന വ്യവസ്ഥയെ ബാധിക്കുന്ന പ്രശ്നങ്ങൾ. മിക്കവരെയും പ്രധാനമായും അലട്ടുന്നതാണ് പുളിച്ചുതികട്ടൽ, ദഹനക്കേട്, നെഞ്ചെരിച്ചിൽ എന്നിവ. അൾസർ പ്രശ്നങ്ങൾ ഉള്ളവർക്ക് ബുദ്ധിമുട്ടുകൾ നോമ്പുകാലത്ത് കൂടുന്നതായും കണ്ടുവരാറുണ്ട്.
ഭക്ഷണസമയങ്ങളിലും രീതികളിലും വരുന്ന മാറ്റമാണ് ഈ പ്രശ്നങ്ങളുടെ അടിസ്ഥാന ഹേതു. അത്താഴ (സുഹൂർ) സമയത്തും നോമ്പുതുറക്കുമ്പോഴും ഒരുപാട് ആഹാരം ഒരുമിച്ചു കഴിക്കുന്നതും, രാത്രി വൈകി ആഹാരം കഴിക്കുന്നതുമെല്ലാം ഈ പ്രശ്നങ്ങളിലേക്ക് എത്തിക്കും. കൊഴുപ്പും എരിവും പുളിയും ധാരാളമുള്ളതുമായ ഭക്ഷണങ്ങളും ബുദ്ധിമുട്ടുകളുണ്ടാക്കും. പൊതുവേ ആരോഗ്യവാന്മാരായവർക്കും ദഹനസംബന്ധമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിവരാറുണ്ട്.
കുറച്ചു കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയാൽ നോമ്പുകാലത്ത് ഇത്തരം ബുദ്ധിമുട്ടുകളിൽനിന്ന് രക്ഷനേടാം.
● അമിത ഭക്ഷണം ഒഴിവാക്കുക
വലിയ അളവ് ഭക്ഷണവുമായി നോമ്പുതുറക്കുന്നത് വയറുവേദനക്കും ആസിഡ് റിഫ്ലക്സിനും ഇടയാക്കും. പകരം ലഘുഭക്ഷണത്തോടെ നോമ്പുതുറക്കുക. തുടർന്ന് ചെറിയ ഇടവേളകളിലായി മിതമായി മാത്രം കഴിക്കുക.
● കൊഴുപ്പടങ്ങിയ ഭക്ഷണം മിതപ്പെടുത്തുക
ധാരാളം കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ ദഹിക്കാൻ സമയമെടുക്കും. ഇത് വയറിനു അസ്വസ്ഥതകളും ദഹനസംബന്ധമായ ബുദ്ധിമുട്ടുകളും വരുത്തും. പുളിച്ചുതികട്ടൽ, നെഞ്ചെരിച്ചിൽ തുടങ്ങിയ അസ്വസ്ഥതകൾ ഇല്ലാതാക്കുന്നതിന് എരിവും പുളിയുമുള്ള ആഹാരവും മിതപ്പെടുത്തണം.
● നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളമായി കഴിക്കുക
ദഹനപ്രക്രിയ നല്ല രീതിയിൽ നടക്കാൻ സഹായിക്കുന്നവയാണ് നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ. നോമ്പുകാലത്ത് പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ എന്നിവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.
● വെള്ളം ധാരാളമായി കുടിക്കുക:
നോമ്പുകാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ദഹനസംബന്ധമായ പ്രശ്നങ്ങളെ ഒരു പരിധിവരെ തടയുന്നതിന് ഇത് സഹായിക്കും. ദീർഘനേരം ഭക്ഷണം കഴിക്കാത്തത് മൂലം ഉണ്ടായേക്കാവുന്ന മലബന്ധം, തലവേദന എന്നിവ പോലുള്ള ആരോഗ്യപ്രശ്നങ്ങളെ അകറ്റാനും വെള്ളം അത്യാവശ്യമാണ്. മധുരപാനീയങ്ങൾ, ചായ, കാപ്പി എന്നിവ പരമാവധി ഒഴിവാക്കുന്നതും നല്ലതാണ്.
● നിറഞ്ഞ വയറുമായി ഉറങ്ങരുത്
ഉറങ്ങാൻ പോകുന്നതിന് രണ്ടു മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. ഭക്ഷണം കഴിക്കുന്നത് രാത്രിയിൽ മാത്രം പരിമിതപ്പെടുത്തുമ്പോൾ ഇത് ബുദ്ധിമുട്ടായി തോന്നിയേക്കാം. പക്ഷേ, വയറുനിറഞ്ഞ അവസ്ഥയിൽ ഉറങ്ങുന്നത് ദഹനവ്യവസ്ഥ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നതിന് തടസ്സമാവും.
● ഡോക്ടറോട് സംസാരിക്കുക
ഉദരസംബന്ധമോ ദഹനസംബന്ധമോ ആയ പ്രശ്നങ്ങൾ ഉള്ളവരാണെങ്കിൽ, നോമ്പുകാലത്തെ ഭക്ഷണക്രമത്തിലെ മാറ്റങ്ങളെക്കുറിച്ച് ഡോക്ടറോട് സംസാരിക്കുക. മരുന്ന് എടുക്കുന്നവരാണെങ്കിൽ നോമ്പുകാലത്തെ ദിനചര്യക്കുതകുന്ന വിധം അത് ക്രമപ്പെടുത്തുന്നതും ഡോക്ടറുമായി ആലോചിച്ച് മാറ്റങ്ങൾ വരുത്തുക. ചെറിയ തോതിലുള്ള ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾ നോമ്പുകാലത്ത് സാധാരണമാണെങ്കിലും പുതിയതോ ആശങ്കാജനകമോ ആയ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ തീർച്ചയായും ഡോക്ടറെക്കണ്ട് ഉപദേശം തേടേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.