പനി ബാധിതർ കൂടുന്നു: എട്ട് പേർക്കുകൂടി ഡെങ്കി
text_fieldsകൊല്ലം: പകർച്ചപ്പനിക്കും ഡെങ്കിപ്പനിക്കുമെതിരെ ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകുമ്പോഴും ജില്ലയിൽ രോഗബാധിതരുടെ എണ്ണത്തിൽ വർധന. പനി ബാധിച്ച് കഴിഞ്ഞ ദിവസം 639 പേർ സർക്കാർ ആശുപത്രികളിൽ ചികിത്സതേടി. എട്ടു പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളുള്ള 34 പേരുടെ സാമ്പിൾ പരിശോധനക്കയച്ചിട്ടുണ്ട്.
കരുനാഗപ്പള്ളി -അഞ്ച്, ഓച്ചിറ -ഒന്ന്, തഴവ -ഒന്ന്, തൊടിയൂർ -ഒന്ന് എന്നിങ്ങനെയാണ് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം. ഇടവിട്ടുള്ള മഴ കൊതുക് പെരുകുന്നതിനുള്ള സാഹചര്യമൊരുക്കുമെന്നതിനാല്‍ കൊതുകിന്റെ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ നിർദേശം നൽകിയിട്ടുണ്ട്. മഴമൂലം രൂപപ്പെട്ട വെള്ളക്കെട്ടുകൾ ഗ്രാമീണ മേഖലയിലടക്കം കൊതുകുശല്യം വർധിപ്പിക്കുന്ന സാഹചര്യമാണ്.
ജില്ലയിൽ പ്രധാന റോഡുകളുടെ വശങ്ങളിലുള്ള ഓടകൾപോലും വെള്ളം ഒഴുകിപ്പോകാതെ മാലിന്യം നിറഞ്ഞ നിലയിലാണ്. ഓട ശുചീകരണ പ്രവർത്തനങ്ങൾ നടന്ന ഇടങ്ങളിൽതന്നെ കോരിവെച്ച മാലിന്യം മഴ പെയ്തപ്പോൾ തിരികെ ഓടയിലേക്ക് ഒലിച്ചിറങ്ങുന്ന സ്ഥിതിയുണ്ടായി.
നഗരസഭകളും പഞ്ചായത്തുകളും മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് നേരത്തേ നിർദേശം നൽകിയിരുന്നു. എന്നാൽ, മിക്ക പഞ്ചായത്തുകളിലും ശുചീകരണം നാമമത്രമായിരുന്നു.
കൊതുകു നിർമാർജന പ്രവർത്തനങ്ങളുടെ ഭാഗമായ നടപടി ശക്തിപ്പെടുത്തുന്നതിന് വീടുകൾ കയറി ഇറങ്ങിയുള്ള ഹെൽത്ത് വിഭാഗത്തിന്റെ സന്ദർശനവും ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളിലും കാര്യക്ഷമമായില്ല. പനി പടരുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ രോഗലക്ഷണങ്ങളുള്ളവർ സ്വയം ചികിത്സ ഒഴിവാക്കി ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടണമെന്ന മുന്നറിയിപ്പാണ് ആരോഗ്യവകുപ്പ് നൽകുന്നത്.
ഡെങ്കിപ്പനിക്ക് കാരണമാവുന്ന ഈഡിസ് വിഭാഗത്തിൽപെട്ട കൊതുകുകൾ ചെറിയ അളവ് വെള്ളത്തില്‍പോലും മുട്ടയിട്ട് പെരുകുന്നവയാണ്. ഈഡിസ് കൊതുകിന്റെ നിയന്ത്രണമാണ് ഡെങ്കിപ്പനിയുടെ പ്രധാന പ്രതിരോധ മാര്‍ഗമായി ആരോഗ്യവകുപ്പ് നിർദേശിക്കുന്നത്. ഒരുതവണ ഡെങ്കിപ്പനി ബാധിച്ചവര്‍ക്ക് വീണ്ടും രോഗബാധയുണ്ടായാല്‍ മാരകമാകുന്നതിനുള്ള സാധ്യത കൂടുതലായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്.
ഡെങ്കിപ്പനി ബോധവത്കരണം
വനിത ഹെൽത്ത് ഇൻസ്പെക്ടറെ മർദിച്ചതായി പരാതി
അഞ്ചൽ: െഡങ്കിപ്പനി ബാധിതരുള്ള പ്രദേശത്ത് ആശാ പ്രവർത്തകരോടൊപ്പം വീടുകളിൽ ബോധവത്കരണത്തിന് എത്തിയ വനിത ഹെൽത്ത് ഇൻസ്പെക്ടറെ വീട്ടമ്മ മർദിച്ചതായി പരാതി. അഞ്ചൽ സി.എച്ച്.സിയിലെ വനിത എച്ച്.ഐ അനിതക്കാണ് മർദനമേറ്റത്. ഇതുസംബന്ധിച്ച് അഞ്ചൽ കുട്ടങ്കര സ്വദേശിനി സലീഫത്ത് ബീവി (60)ക്കെതിെര അനിത പൊലീസിലും ആരോഗ്യവകുപ്പധികൃതർക്കും പരാതി നൽകി.
കഴിഞ്ഞദിവസം രാവിലെ പത്തരയോടെയാണ് സംഭവം. െഡങ്കിപ്പനി ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ വീടിന് സമീപത്തെ കുടുംബങ്ങളിലായിരുന്നു ആരോഗ്യപ്രവർത്തകരുടെ ബോധവത്കരണം. സലീഫത്ത് ബീവിയുടെ വീട്ടിലെ ചെടിച്ചട്ടികളിൽ വെള്ളം കെട്ടിനിൽക്കുന്നതായും കൊതുക് പെരുകാൻ ഇത് കാരണമാകുമെന്ന് പറഞ്ഞ് ഇവയെല്ലാം നശിപ്പിക്കണമെന്ന് അനിത നിർദേശം നൽകി. ഇതിൽ പ്രകോപിതയായ വീട്ടമ്മ ആരോഗ്യപ്രവർത്തകരുമായി വാക്കേറ്റമുണ്ടാകുകയും ദേഹോപദ്രവമേൽപിച്ച് വീട്ടിൽനിന്ന് ആട്ടിയിറക്കിയെന്നുമാണ് പരാതിയിൽ പറയുന്നത്. അഞ്ചൽ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.