അഞ്ചാം പനി: രോഗവ്യാപനം ഉയർന്നുതന്നെ
text_fieldsനാദാപുരം: നാദാപുരത്ത് അഞ്ചാം പനി സ്ഥിരീകരിച്ചവരുടെ എണ്ണം കുതിച്ചുയരുന്നു. മൂന്നു വാർഡുകളിൽ ചുരുങ്ങിയ കേസുകളുമായി ആരംഭിച്ച രോഗബാധ സമീപ പഞ്ചായത്തുകളിലേക്കും വ്യാപിച്ചത് ആരോഗ്യ മേഖലയിൽ കടുത്ത ആശങ്കക്കിടയാക്കിയിട്ടുണ്ട്. നാദാപുരത്തിനുപുറമെ വളയം, നരിപ്പറ്റ, പുറമേരി, വാണിമേൽ, കുറ്റ്യാടി, കാവിലുംപാറ, മരുതോങ്കര പഞ്ചായത്തുകളിലാണ് നിലവിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നാദാപുരം ഗവ. യു.പി സ്കൂളിൽ രണ്ടു കുട്ടികൾക്ക് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം നാദാപുരത്ത് മാത്രം 23 ആയി.
കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടവ വാർഡ് ഒന്ന് (1), വാർഡ് രണ്ട് (1), വാർഡ് നാല് (2), വാർഡ് ആറ് (7), വാർഡ് ഏഴ് (6), വാർഡ് 11 (1), വാർഡ് 13 (2), വാർഡ് 17 (1), വാർഡ് 19 (2), വാർഡ് 21 (1). പുറമേരി (2), വാണിമേൽ(1), നരിപ്പറ്റ (2), വളയം (2), കാവിലുംപാറ (1), കുറ്റ്യാടി(1), എന്നിവയാണ് മറ്റ് പഞ്ചായത്തിലെ കണക്ക്. പ്രതിരോധ പ്രവർത്തനം ഊർജിതമാക്കാൻ തൂണേരി ബ്ലോക്ക് പഞ്ചായത്തിലെ ജെ.എച്ച്.ഐമാരുടെ നേതൃത്വത്തിൽ 30 അംഗ ആരോഗ്യ വളന്റിയർമാരെ നിയോഗിച്ചു. അഞ്ചാം പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നാദാപുരം ഗ്രാമ പഞ്ചായത്തിലെ ഖതീബുമാർ, മഹല്ലു പ്രതിനിധികൾ, അമ്പലക്കമ്മിറ്റി പ്രതിനിധികൾ എന്നിവരുടെ യോഗം ബുധനാഴ്ച വൈകീട്ട് മൂന്നിന് ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേരും.
നാദാപുരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ജമീലയുടെ നേതൃത്വത്തിൽ, രോഗം പടർന്ന ഏഴാം വാർഡിൽ വീടുകൾ കയറി വാക്സിൻ നൽകാനുള്ള ശ്രമം നടത്തിയെങ്കിലും ഇവിടെ നാലുപേർ മാത്രമാണ് വാക്സിൻ സ്വീകരിക്കാൻ തയാറായത്. വാക്സിൻ സ്വീകരിക്കാൻ ജനങ്ങൾ കാണിക്കുന്ന വിമുഖത പ്രതിസന്ധി വർധിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
ആരോഗ്യ വകുപ്പിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും സഹകരണത്തോടെ സ്കൂൾ, വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ബോധവത്കരണവും മുന്നറിയിപ്പ് നോട്ടീസുകളും നൽകുകയും കുത്തിവെപ്പ് എടുക്കാത്തവർക്കായി ഗ്രാമ പഞ്ചായത്തിന്റെ നാല് കേന്ദ്രങ്ങളിൽ പ്രത്യേക കുത്തിവെപ്പ് കേന്ദ്രങ്ങൾ തയാറാക്കുകയും ചെയ്തിരുന്നു. നാദാപുരത്ത് 340 പേർ കുത്തിവെപ്പെടുക്കാൻ ബാക്കിയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. ഇതിൽ നൂറിൽ താഴെ ആളുകൾ മാത്രമാണ് പുതുതായി കുത്തിവെപ്പ് എടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.