പനി കൂടി; ആന്റിബയോട്ടിക്കുകളുടെ ഉപയോഗവും കുതിക്കുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പനി പടരുന്നതോടെ ആന്റിബയോട്ടിക്കുകളുടെ ഉപയോഗവും കുതിച്ചുയരുന്നു. വൈറൽ പനിക്കുപോലും ആന്റിബയോട്ടിക്കുകൾ കുറിക്കുകയും കഴിക്കുകയും ചെയ്യുന്നുവെന്നതാണ് സ്ഥിതി. മെഡിക്കൽ സ്റ്റോറുകളിൽ വലിയ വർധനയാണ് ഇവയുടെ വിൽപനയിലുണ്ടായിട്ടുള്ളത്.
ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം രോഗാണുക്കൾക്ക് മരുന്നുകൾക്ക് മേൽ അതിജീവനശേഷി നേടാൻ സഹായിക്കുമെന്നും ഇത് ഗുരുതര ആരോഗ്യ പ്രതിസന്ധി സൃഷ്ടിക്കുമെന്നുമുള്ള ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നിലനിൽക്കുകയാണ്. പനിമരുന്നാണെന്ന ധാരണയിൽ ആളുകൾ സ്വയം ആന്റിബയോട്ടിക് വാങ്ങിക്കഴിക്കുന്ന പ്രവണതയും വർധിച്ചിട്ടുണ്ട്. പനി, ജലദോഷം തുടങ്ങിയ ചെറുരോഗലക്ഷണങ്ങൾ വന്നാൽപ്പോലും ഡോക്ടറെ കാണാതെ ആന്റിബയോട്ടിക്കുകൾ വാങ്ങുന്നവർ ഏറെയാണ്. പനിക്ക് മാത്രമല്ല, 60 ശതമാനം വയറിളക്ക കേസുകളും വൈറലാണെങ്കിലും ഡോക്ടർമാർ ആൻറിബയോട്ടിക്കുകൾ കുറിക്കുന്നു.
ഗുരുതരമായേക്കാവുന്ന രോഗാണുക്കളെ പ്രതിരോധിക്കുന്ന ജീവൻരക്ഷാമരുന്നുകളാണ് ആന്റിബയോട്ടിക്കുകൾ. ഇവ പൂർണമായും ഒഴിവാക്കണമെന്നല്ല, പകരം ഉപയോഗം ഡോക്ടറുടെ നിർദേശപ്രകാരവും കരുതലോടെയും ആകണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഷ്കർഷ. ജലദോഷപ്പനി, വൈറൽ പനി എന്നിവക്ക് ആന്റിബയോട്ടിക്കിന്റെ ആവശ്യമില്ല. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഇവ പരമാവധി ഒഴിവാക്കണം. ഇവയിൽ പലതും ഗർഭസ്ഥ ശിശുവിന്റെയും നവജാത ശിശുവിന്റെയും വളർച്ചയെയും അവയവ രൂപവത്കരണത്തെയുമെല്ലാം ബാധിച്ചേക്കാം. ഡെങ്കിപ്പനി, ചിക്കൻപോക്സ് തുടങ്ങിയ വൈറൽ രോഗബാധക്കും ആന്റിബയോട്ടിക്കുകൾ വേണ്ട. പക്ഷേ ഇതൊന്നും പലപ്പോഴും പരിഗണിക്കപ്പെടാറില്ല. ആന്റിബയോട്ടിക്കുകളുടെ ഉപയോഗം ഛർദി, വയറുവേദന, നെഞ്ചെരിച്ചിൽ, വിശപ്പില്ലായ്മ, നെഞ്ചെരിപ്പ് തുടങ്ങിയ പാർശ്വഫലങ്ങൾക്കും ഇടയാക്കുന്നുണ്ട്. ചിലപ്പോൾ ഉദരസംരക്ഷണ മരുന്നുകൾ വരെ ആവശ്യമായി തീരാറുണ്ട്.
ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്ന ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കുമെന്നതടക്കം കർശന മുന്നറിയിപ്പുകളുണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടാറില്ല. സംസ്ഥാനത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങെളയും ‘ആന്റിബയോട്ടിക് സ്മാര്‍ട്ട്’ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാക്കാന്‍ ആരോഗ്യവകുപ്പ് നടപടി തുടങ്ങിയിട്ടുണ്ടെങ്കിലും എങ്ങും എത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.