ഒമാനിൽ പനി പടരുന്നു, വേണം കരുതൽ
text_fieldsമസ്കത്ത്: രാജ്യത്തെ തലസ്ഥാന നഗരിയടക്കമുള്ള വിവിധ പ്രദേശങ്ങളിൽ പനി പടരുന്നു. ചുമ, കഠിനമായ തലവേദന എന്നിവയോടെയാണ് പലർക്കും പനി അനുഭവപ്പെടുന്നത്. അസുഖം ബാധിച്ചവരിൽ പലർക്കും മാറാന്‍ ചുരുങ്ങിയത് ഏഴു മുതല്‍ 10 ദിവസം വരെ എടുക്കുന്നുണ്ട്. ചിലര്‍ക്ക് കോവിഡ് നേരത്തേ ഉണ്ടായതുപോലെ ഉറക്കക്കുറവും ശരീരവേദനയും ഒപ്പമുണ്ട്.
അതേസമയം, ഒമാനിൽ കാലാവസ്ഥ മാറുന്നതിന്റെ ഭാഗമായാണ് പനി പടരുന്നതെന്നും പനി ബാധിച്ചവരും അവരുടെ കുടുംബങ്ങളും ബന്ധപ്പെടുന്നവരും മാസ്ക് ധരിക്കണമെന്നും റൂവി ബദർ സമ ഹോസ്പിറ്റലിലെ പ്രധാന ഡോക്ടറായ ബഷീർ പറഞ്ഞു. നിലവിൽ ജലദോഷപ്പനിയാണ് പടരുന്നത്.
പ്രതിരോധശക്തി കുറഞ്ഞവരിലേക്ക് വേഗം പടരും. പ്രതിരോധശേഷി കുറഞ്ഞവരിലും പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയുള്ളവരിലും ഇത് ന്യുമോണിയയായി മാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒമാനിൽ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ചില എച്ച്1എൻ1 കേസുകൾ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രോഗം വരുന്നവർ നന്നായി വെള്ളം കുടിക്കണം.
തണുത്ത വെള്ളം ഒഴിവാക്കുകയും വേണം. കൈ സോപ്പ് ഉപയോഗിച്ച് കഴുകണം. ഇത്തരം ജലദോഷപ്പനി വരുന്നവർക്ക് ആൻറിബയോട്ടിക്കുകൾ നൽകരുതെന്നും പാരസെറ്റമോളാണ് നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പനി താരതമ്യേന കൂടുതലാണെന്നും ഇതിന് പ്രധാന കാരണം കഴിഞ്ഞ വർഷം മാസ്ക് പരിരക്ഷ ഉണ്ടായിരുന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. എന്നാലും ഈ വർഷം പനി നിരക്ക് വല്ലാതെ ഉയർന്നിട്ടില്ല.
കാലാവസ്ഥ മാറുമ്പോൾ സാധാരണ ജലദോഷവും അതോടനുബന്ധിച്ചുള്ള പനിയും വ്യാപകമാവാറുണ്ട്. കാലാവസ്ഥ മാറുന്നതിനനുസരിച്ച് പനിയും വ്യാപകമായിട്ടുണ്ട്. നിരവധി പേരാണ് ചികിത്സ തേടി ആശുപത്രികളിൽ എത്തുന്നത്. പനിക്കു പുറമെ ശരീരവേദന, മസിൽ വേദന തുടങ്ങിയ ശാരീരിക പ്രയാസങ്ങളും പലരും നേരിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.