ഇനി പനിക്കാലം: വേണം, ജാഗ്രത
text_fieldsപ്രധാന ലക്ഷണങ്ങള്‍ പനി, ക്ഷീണം, സന്ധിവേദന, കൈവെള്ളയിലും കാല്‍വെള്ളയിലും വായക്കകത്തും പൃഷ്ഠഭാഗത്തും കൈകാല്‍മുട്ടുകളുടെ ഭാഗത്തും ചുവന്ന കുരുക്കൾ തടിപ്പുകൾ എന്നിവയാണ്
തൊടുപുഴ: കോവിഡിന്‍റെ കടുത്ത ഭീഷണി നീങ്ങിയതിനുപിന്നാലെ ജില്ലയിൽ വിവിധതരം പനികൾ വ്യാപിക്കുന്നു. വൈറൽ പനിക്ക് പുറമെ ഡെങ്കിപ്പനിയും കുട്ടികൾക്കിടയിൽ തക്കാളിപ്പനിയും വിവിധ ഭാഗങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രതിരോധ നടപടി ഊർജിതപ്പെടുത്തിയ ആരോഗ്യവകുപ്പ്, കൃത്യമായ മുൻകരുതലുകളും ജാഗ്രതയും പാലിക്കാൻ പൊതുജനങ്ങൾക്ക് നിർദേശം നൽകി.
വ്യാഴാഴ്ച വരെയുള്ള ആരോഗ്യവകുപ്പിന്‍റെ കണക്ക് പ്രകാരം മേയ് മാസം ജില്ലയിൽ 1260 പേർക്ക് വൈറൽ പനി റിപ്പോർട്ട് ചെയ്തു. എന്നാൽ, പനി ബാധിച്ച് മരണങ്ങളില്ല. 12പേർക്ക് തക്കാളിപ്പനിയും ആറുപേർക്ക് ചിക്കൻപോക്സും രണ്ടുപേർക്ക് എലിപ്പനിയും ഈമാസം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ ചികുൻഗുനിയയും ഈ മാസം ഡെങ്കിപ്പനിയും ജില്ലയിൽ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ഈ മാസം റിപ്പോർട്ട് ചെയ്ത കേസുകളിൽ ഒമ്പതുപേർക്ക് ഡെങ്കിപ്പനി സംശയിക്കുന്നു.
പ്രതിരോധം പഞ്ചായത്ത് തലത്തിൽ
മഴക്കാല രോഗങ്ങളെ നേരിടാനുള്ള മുൻകരുതൽ എന്ന നിലയിൽ ആരോഗ്യ ജാഗ്രത പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ എല്ലാ പഞ്ചായത്തുകൾക്കും നിർദേശം നൽകിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സുഷമ അറിയിച്ചു.
ശുചീകരണ പ്രവർത്തനങ്ങൾ, ഒ.ആർ.എസ് ലഭ്യത ഉറപ്പാക്കൽ, അഞ്ച് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുള്ള വീടുകളിൽ ഒ.ആർ.എസ് പാക്കറ്റുകൾ എത്തിക്കുക, രോഗബാധിതരുടെ എണ്ണം കൂടിവരുന്നുണ്ടോ എന്ന് നിരീക്ഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. വാർഡുകൾ കേന്ദ്രീകരിച്ച് ഭവനസന്ദർശനം, രോഗജന്യ ഉറവിട നശീകരണം എന്നിവ നടത്തും.
തക്കാളിപ്പനി
ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ് എന്നറിയപ്പെടുന്ന തക്കാളിപ്പനി പൊതുവില്‍ അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നതെങ്കിലും അപൂര്‍വമായി മുതിര്‍ന്നവരിലും കാണാറുണ്ട്.
അപകട സാധ്യത കുറവാണെങ്കിലും അപൂര്‍വമായി മസ്തിഷ്‌ക ജ്വരത്തിന് കാരണമാകാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറുടെ സേവനം തേടണമെന്നാണ് നിർദേശം. കുഞ്ഞുങ്ങള്‍ക്ക് കുടിക്കാന്‍ ധാരാളം വെള്ളം കൊടുക്കുകയും മറ്റ് കുട്ടികള്‍ക്ക് പകരാതെ ശ്രദ്ധിക്കുകയും വേണം.
ഒരിനം വൈറസ് രോഗമായ തക്കാളിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍ പനി, ക്ഷീണം, സന്ധിവേദന, കൈവെള്ളയിലും കാല്‍വെള്ളയിലും വായക്കകത്തും പൃഷ്ഠഭാഗത്തും കൈകാല്‍മുട്ടുകളുടെ ഭാഗത്തും ചുവന്ന കുരുക്കളും തടിപ്പുകൾ എന്നിവയാണ്. വയറുവേദന, ഓക്കാനം, ഛര്‍ദി, വയറിളക്കം എന്നിവയും ഉണ്ടാകാം. രോഗികളായ കുഞ്ഞുങ്ങള്‍ തൊട്ട കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും മറ്റും തൊടുന്നതുവഴിപോലും പകരാം.
സാധാരണഗതിയില്‍ ഒരാഴ്ച മുതല്‍ 10 ദിവസംകൊണ്ട് പൂര്‍ണമായും ഭേദമാകും. രോഗംവന്ന കുഞ്ഞുങ്ങളുടെ ശരീരം എപ്പോഴും വൃത്തിയായും ശുചിയായും സൂക്ഷിക്കണം. കുളിപ്പിക്കുമ്പോള്‍ തേച്ചുരച്ച് കുമിള പൊട്ടിക്കരുത്. നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കണം. ദേഹത്തുവരുന്ന കുരുക്കള്‍ ചൊറിഞ്ഞുപൊട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം. കുഞ്ഞിനെ ശുശ്രൂഷിക്കുന്നവര്‍ തൊടുന്നതിന് മുമ്പും ശേഷവും കൈ സോപ്പിട്ട് കഴുകണം. രോഗബാധിതരായ കുട്ടികളെ അംഗൻവാടികളിലും സ്‌കൂളുകളിലും വിടരുത്.
കട്ടപ്പനയിൽ എലിപ്പനി
കട്ടപ്പന: കട്ടപ്പനയിൽ ഒരാൾക്ക് എലിപ്പനിയും ഒരു കുട്ടിക്ക് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളും ഉള്ളതായി റിപ്പോർട്ട്. നഗരസഭ 13ആം വാർഡിലാണ് 58കാരന് എലിപ്പനി സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ടൗണിനടുത്ത് വാടകക്ക് താമസിക്കുന്ന കുടുംബത്തിലെ ആറുവയസ്സുള്ള കുട്ടിക്കാണ് ഡെങ്കിപ്പനി ലക്ഷണം. ഇവരുടെ വീടിനുപരിസരത്ത് കൊതുക് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഡെങ്കിപ്പനി പടർത്തുന്ന കൊതുകുകളാണോ ഇതെന്ന് അറിയാൻ വെക്ടർ കൺട്രോൾ യൂനിറ്റ് പരിശോധന നടത്തും. അലക്ക് തൊഴിലാളികൾ, തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെട്ടവർ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിർദേശം. ഇത്തരം മേഖലയിൽ തൊഴിലെടുക്കുന്നവർ ഡോക്സിസൈക്ലിൻ പോലുള്ള രോഗപ്രതിരോധ മരുന്നുകൾ ഉപയോഗിക്കണമെന്നും നിഷ്കർഷിക്കുന്നു. അഴുക്കുചാലുകൾ വൃത്തിയാക്കുമ്പോൾ കൈയുറകളും ബൂട്ടും ധരിക്കണം. കാലിലും കൈയിലും മുറിവുള്ളവർ സുരക്ഷ മുൻകരുതൽ ഇല്ലാതെ ഇത്തരം സ്ഥലങ്ങളിൽ ജോലിചെയ്യരുത് എന്നും താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ കുഞ്ഞുമോൻ ജോസഫ് പറഞ്ഞു. നഗരസഭ പരിധിയിൽ അടുത്ത ദിവസങ്ങളിൽ കൂടുതൽ രോഗപ്രതിരോധ നടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.