റമദാനിൽ അൽപം ആരോഗ്യകാര്യങ്ങൾ
text_fieldsആത്മവിശുദ്ധീകരണത്തിന്റെ മാസമാണ് പുണ്യ റമദാൻ. ശരീരത്തെയും ഒപ്പം മനസ്സിനെയും ശുദ്ധീകരിക്കുന്ന പുണ്യമാസം. പകൽ മുഴുവൻ നോമ്പെടുക്കുന്ന വിശ്വാസികൾ നോമ്പു മുറിക്കുന്ന സമയത്ത് ഒത്തുചേരുന്നു.
വ്യത്യസ്ത മതവിഭാഗങ്ങളിലുള്ളവരെയും ഈ ഒത്തുചേരലിൽ ക്ഷണിക്കുന്നു. ഈ കൂട്ടായ്മ നൽകുന്ന പോസിറ്റിവ് എനർജി അത്ര ചെറുതൊന്നുമല്ല. ആധുനിക കാലത്ത് ഇത്തരം കൂടിക്കലരുകളും കൂട്ടായ്മകളും മനുഷ്യനെ വ്യത്യസ്തവും ഉന്നതവുമായ തലങ്ങളിലേക്കുയർത്തുകയും ആത്മസംസ്കരണത്തിന് അടിത്തറയാകുകയും ചെയ്യുന്നു.
രോഗങ്ങളുള്ളവർ എന്തൊക്കെ ശ്രദ്ധിക്കണം
നോമ്പെടുക്കുന്നവർ പലരും ഡോക്ടറെന്ന നിലക്ക് എന്നോട് ആരോഗ്യകാര്യങ്ങളിൽ അഭിപ്രായം തേടാറുണ്ട്. ഷുഗർ, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവർ നോമ്പെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നാണ് അധികം പേർക്കും അറിയേണ്ടത്. പൊതുവായി ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ കഴിയില്ല. മേൽപറഞ്ഞ രോഗമുള്ളവർ അവർ ചികിത്സ തേടുന്ന ഡോക്ടറുടെ അഭിപ്രായം തേടേണ്ടതുണ്ട്. അതനുസരിച്ച് കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ ക്രമീകരിക്കണം. മരുന്നു കഴിക്കുന്നത് നിർത്തുന്നതും ഡോസ് കുറക്കുന്നതും സംബന്ധിച്ച് സ്വയം തീരുമാനമെടുക്കുന്നത് ആശാസ്യമല്ല.
വ്യായാമം ചെയ്യാമോ
മറ്റൊന്ന് വ്യായാമമാണ്. വ്യായാമം ചെയ്യുന്നവർ നോമ്പു സമയത്ത് അത് നിർത്തേണ്ടതില്ല. അതേസമയം വലിയ ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ കഠിനമായ വ്യായാമങ്ങൾക്ക് മുതിരരുത്.
ഇടവേളയെടുത്ത് ഭക്ഷണം കഴിക്കണം
നോമ്പ് മുറിച്ചശേഷം ഭക്ഷണം കഴിക്കുന്നതിൽ അൽപം ശ്രദ്ധ വേണം. ചെറിയ അളവിൽ ഇടവേളയെടുത്ത് ഭക്ഷണം കഴിക്കുന്നതാണ് അഭികാമ്യം. മാത്രമല്ല ബാലൻസ്ഡ് ആയ ഭക്ഷണമാണ് കഴിക്കേണ്ടത്. ശരീരത്തിന് മാംസ്യത്തോടൊപ്പം അന്നജവും പ്രോട്ടീനും വിവിധ വിറ്റമിൻസുമൊക്കെ ആവശ്യമുണ്ട്. നിർബന്ധമായും സസ്യാഹാരവും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
നോമ്പുകാലം ശാരീരികമായും മാനസികമായും സാമൂഹികമായും ഉള്ള ഉന്നമനത്തിനുള്ള കാലമായി മാറ്റിയെടുക്കണം. നോമ്പെടുക്കുന്നവർ നിശ്ചയദാർഢ്യത്തോടെയാണ് അത് പൂർത്തീകരിക്കുന്നത്. തീർച്ചയായും അത് നൽകുന്ന പോസിറ്റിവ് എനർജി ശാരീരികമായും മാനസികമായുമുള്ള ശാക്തീകരണത്തെ സഹായിക്കുമെന്ന് മാത്രമല്ല കർമമണ്ഡലങ്ങളിൽ നിശ്ചയ ദാർഢ്യത്തോടെ മുന്നോട്ടുപോകാനുള്ള ചാലകശക്തിയായി അത് മാറുകയും ചെയ്യും.
പുകവലി ഉപേക്ഷിക്കാം
മറ്റൊന്ന് പുകവലി സംബന്ധിച്ചാണ്. ഹൃദയാഘാതവും അർബുദവുമടക്കം നിരവധി ഗുരുതര രോഗങ്ങൾക്ക് പുകവലി കാരണമാകാറുണ്ടെന്ന് നമുക്കറിയാം. നോമ്പെടുക്കുന്നവർ നിശ്ചയദാർഢ്യത്തോടെ പകൽ പുകവലി ഉപേക്ഷിക്കാറുണ്ട്. അവർ ആ നിശ്ചയദാർഢ്യം രാത്രിയിലും തുടരണം. നോമ്പുകാലം കഴിഞ്ഞാലും പുകവലിയെ അകറ്റിനിർത്താൻ സാധിച്ചാൽ അത് വ്യക്തിപരമായും സാമൂഹികപരമായും വളരെ മികച്ച തീരുമാനമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.