സാമ്പത്തിക പ്രയാസം വയോധികരുടെ ചികിത്സ മുടക്കുന്നു
text_fieldsസാമ്പത്തിക പ്രയാസവും യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടും കാരണം രാജ്യത്തെ പ്രായമായവരിൽ പകുതിയിലധികം പേരും ചികിത്സക്കായി ഡോക്ടർമാരെ കാണാറില്ലെന്ന് സർവേ.
സർവേയിൽ പ്രതികരിച്ചവരിൽ നഗരങ്ങളിൽ പകുതിയോളം പേരും ഗ്രാമപ്രദേശങ്ങളിൽ 62 ശതമാനത്തിലധികവും സ്ഥിരമായി ഡോക്ടർമാരെ സന്ദർശിക്കുന്നില്ലെന്നാണ് പറഞ്ഞത്. സർക്കാറിതര സന്നദ്ധ സംഘടനയായ ഏജ്വെല്ലാണ് പഠനം നടത്തിയത്. രാജ്യത്തെ വയോധികരുടെ ചികിൽസാ പ്രശ്നങ്ങളിലേക്ക് വെളിച്ചംവീശുന്ന പഠനമായാണിതിനെ വിലയിരുത്തുന്നത്.
ഒരു ദശാബ്ദമായി സന്ധിവേദനയുമായി മല്ലിടുന്ന ആഗ്രയിലെ 78 കാരനായ പ്രഭ്കർ ശർമ, വേദനയും യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടും കാരണം പതിവ് പരിശോധനകൾക്കായി ആശുപത്രിയിൽ പോകാറില്ല. വീട്ടിലെത്തുന്ന മൊബൈൽ പരിശോധനാ സംവിധാനമുണ്ടെങ്കിൽ വളരെ സഹായകരമാകുമെന്നാണ് അദ്ദേഹം പറയുന്നത്. ലുധിയാനയിൽനിന്നുള്ള 72 കാരനായ രാജേഷ് കുമാറിന് ചികിത്സ ചെലവ് താങ്ങാനാകാത്തതാണ് പ്രശ്നം.
സർവേയിൽ പങ്കെടുത്തവരിൽ നഗരങ്ങളിൽ 36 ശതമാനം പേർക്ക് അവശ്യഘട്ടങ്ങളിൽ ആശുപത്രികളിൽ ചികിത്സ തേടാൻ സാധിക്കുന്നുണ്ട്. കുടുംബത്തിന്റെ പിന്തുണ ഇതിൽ പ്രധാനമാണ്. എന്നാൽ 24 ശതമാനം പേർ വാർധക്യത്തിൽ തനിച്ചാണ് കഴിയുന്നത്.
ആരോഗ്യ പ്രശ്നങ്ങൾ പൊതു-സാമൂഹിക ജീവിതത്തിന് തടസ്സമാകുന്നതായും ഒറ്റപ്പെടലും സാമ്പത്തിക പ്രയാസവും പ്രശ്നം കൂടുതൽ വഷളാക്കുന്നതായും പലരും അഭിപ്രായപ്പെട്ടു. 28 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രശേദങ്ങളിലുമായി 510 വളണ്ടിയർമാർ 10,000 പേരിലാണ് സർവേ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.