ആസ്ത്മ ചികിത്സയിൽ വഴിത്തിരിവാകുന്ന കണ്ടെത്തലുമായി ഗവേഷകർ
text_fieldsലണ്ടൻ: ലോകമെമ്പാടുമുള്ള ആസ്ത്മ രോഗികൾക്ക് പ്രതീക്ഷയേകുന്ന വാർത്തയുമായി യു.കെയിലെ ഗവേഷകർ. ആസ്ത്മ ചികിത്സയിൽ വഴിത്തിരിവാകുന്ന പുതിയ ചികിത്സാരീതി വികസിപ്പിച്ചെടുത്തതായാണ് ലണ്ടനിലെ കിങ്സ് കോളജിലെ ഗവേഷക സംഘം അവകാശപ്പെട്ടത്. ദി ലാൻസെറ്റ് മെഡിക്കൽ ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. ആസ്ത്മക്ക് മാത്രമല്ല, ശ്വാസകോശത്തെ ബാധിക്കുന്ന വിട്ടുമാറാത്ത മറ്റ് രോഗങ്ങൾക്കും പുതിയ ചികിത്സ ആശ്വാസമാകുമെന്ന് ഇവർ പറയുന്നു. 50 വർഷത്തിനിടെ ആദ്യമാണ് ആസ്ത്മക്ക് പുതിയ ചികിത്സാരീതി കണ്ടെത്തുന്നതെന്നും ഗവേഷകർ പറയുന്നു.
മോണോക്ലോണൽ ആന്‍റിബോഡിയായ ബെൻറാലിസുമാബ് (Benralizumab) എന്ന മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയാണ് ഗവേഷകർ നടത്തിയത്. എക്‌സസർബേഷൻസ് (Exacerbations) എന്നറിയപ്പെടുന്ന ആസ്ത്മ ആക്രമണങ്ങളുടെ സമയത്ത് ഈ കുത്തിവെപ്പെടുക്കുന്നതാണ് കൂടുതൽ ഫലപ്രദമായി കണ്ടതെന്ന് ഗവേഷകർ പറയുന്നു. ആസ്ത്മ രോഗികളായ 158 പേരിലാണ് മൂന്ന് മാസം പഠനം നടത്തിയത്. സാധാരണ സ്റ്റിറോയിഡ് മരുന്നുകൾ ഉപയോഗിച്ചപ്പോൾ പഠനത്തിലെ പരാജയനിരക്ക് 74 ശതമാനമായിരുന്നു. എന്നാൽ, ബെൻറാലിസുമാബ് ഉപയോഗിച്ചുള്ള പുതിയ രീതിയിൽ ഇത് 45 ശതമാനമായി കുറഞ്ഞു. പുതിയ തെറാപ്പി ഉപയോഗിച്ച് ചികിത്സ നേടിയ ആളുകൾക്ക് ആശുപത്രി പ്രവേശന സാധ്യതയും മരണ സാധ്യതയും കുറവാണ്.
ആസ്ത്മ ചികിത്സാരംഗത്ത് വലിയ മാറ്റങ്ങൾക്ക് കാരണമാകുന്ന കണ്ടെത്തലാണ് നടത്തിയതെന്നും 50 വർഷമായി ആസ്ത്മയുടെ ചികിത്സാ രീതിയിൽ മാറ്റമുണ്ടായിരുന്നില്ലെന്നും ഗവേഷക സംഘത്തിലെ പ്രഫ. ബഫാദേൽ പറയുന്നു.
മരുന്നിന്‍റെ വ്യാപകമായ ഉപയോഗം ഇപ്പോളില്ല. രണ്ടു വർഷം നീണ്ടുനിൽക്കുന്ന മറ്റൊരു ക്ലിനിക്കൽ ട്രയൽ 2025ൽ ആരംഭിക്കും. ഇതിന്‍റെ ഫലം കൂടി പരിശോധിച്ച ശേഷമാകും കൂടുതൽ നിർദേശങ്ങൾ. സ്റ്റിറോയ്ഡുകൾ ഉപയോഗിച്ചുള്ള നിലവിലെ ആസ്ത്മ ചികിത്സ നിരവധി പാർശ്വഫലങ്ങൾക്ക് കാരണമാകുന്നതിനാൽ പുതിയ ചികിത്സാ രീതിയിൽ ഏറെ പ്രതീക്ഷയാണ് ഗവേഷകർക്കുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.