ഭ്രൂണത്തിനുള്ളിൽ വളരുന്ന മറ്റൊരു ഭ്രൂണം; അത്യപൂർവ രോഗാവസ്ഥയിൽ യുവതി
text_fieldsമുംബൈ: വയറ്റിൽ വളരുന്ന ഭ്രൂണത്തിനുള്ളിൽ മറ്റൊരു ഭ്രൂണം വളരുന്ന (Fetus in fetu) അത്യപൂർവ രോഗാവസ്ഥയിൽ മഹാരാഷ്ട്രക്കാരിയായ യുവതി. ലോകത്താകമാനം ഇത്തരത്തിലുള്ള 200ഓളം കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്ത്യയിൽ 20ൽ താഴെ കേസുകൾ നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മഹാരാഷ്ട്രയിലെ ഗവ. ആശുപത്രിയിൽ നടത്തിയ സോണോഗ്രാം പരിശോധനയിലാണ് ഒമ്പത് മാസം ഗർഭിണിയായ 32കാരിയുടെ വയറിനുള്ളിൽ വളരുന്ന ഭ്രൂണത്തിനുള്ളിൽ മറ്റൊരു ഭ്രൂണം വളരുന്നത് കണ്ടെത്തിയത്. സോണോഗ്രാം റിപ്പോർട്ടിൽ ഭ്രൂണവളർച്ചയിൽ അപാകത കണ്ട് വിശദമായി പരിശോധിച്ചപ്പോഴാണ് ഇത്തരത്തിലുള്ള അപൂർവ കേസാണെന്ന് കണ്ടെത്തിയതെന്ന് ഗൈനക്കോളജിസ്റ്റ് ഡോ. പ്രസാദ് അഗർവാൾ പറഞ്ഞു.
നേരത്തെയും നിരവധി പരിശോധനകൾ യുവതി നടത്തിയിട്ടുണ്ടെങ്കിലും അപൂർവമായ ഭ്രൂണവളർച്ചാ അപാകതയായതിനാൽ ശ്രദ്ധയിൽപെട്ടിരുന്നില്ല. നിലവിലെ സാഹചര്യം യുവതിയുടെ പ്രസവത്തിന് സങ്കീർണത സൃഷ്ടിക്കില്ലെങ്കിലും ജനിക്കുന്ന കുഞ്ഞിന് അടിയന്തര ചികിത്സകൾ വേണമെന്ന് ഡോക്ടർമാർ പറഞ്ഞു.
ഇത്തരമൊരു ഭ്രൂണവളർച്ചയുടെ കൃത്യമായ കാരണം എന്താണെന്ന് ഇപ്പോഴും അജ്ഞാതമാണ്. അതേസമയം, ഇരട്ടക്കുഞ്ഞുങ്ങളായി ജനിക്കാനുള്ള ഭ്രൂണങ്ങളിൽ ഒന്നിലുണ്ടാകുന്ന അപാകതകളാണ് ഈ അവസ്ഥയുടെ കാരണങ്ങളിലൊന്നായി അനുമാനിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.