വേണം നല്ല ഭക്ഷണം; എറണാകുളം ജില്ലയിൽ ജനുവരി ഒന്നു മുതൽ ഇതുവരെ ഭക്ഷ്യവിഷബാധയേറ്റത് 196 പേർക്ക്
text_fieldsകൊച്ചി: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും ഭക്ഷണ വിതരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും ജാഗ്രത പാലിക്കേണ്ട കാര്യങ്ങൾ എണ്ണിപ്പറഞ്ഞ് ജില്ല മെഡിക്കൽ ഓഫിസറുടെ അറിയിപ്പ്. ജില്ലയിൽ ജനുവരി ഒന്നു മുതൽ ഇതുവരെ 196 പേർക്കാണ് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തത്.
സ്കൂൾ, കോളജ്, അവധിക്കാല ക്യാമ്പുകൾ, ഹോസ്റ്റലുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽനിന്ന് ഭക്ഷണം കഴിച്ചവരിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഭക്ഷണത്തില്‍ കലരുന്ന രാസവസ്തുക്കളും ഭക്ഷണം പഴകുമ്പോള്‍ ഉണ്ടാകുന്ന ബാക്ടീരിയയുടെ വളര്‍ച്ചയുമാണ് വിഷബാധ ഉണ്ടാകുന്നത്.
വൃത്തിഹീന സാഹചര്യങ്ങളിൽ ഭക്ഷണം തയാറാക്കി വിതരണം ചെയ്യുന്നതാണ് വിഷബാധക്ക് പ്രധാന കാരണം. മാലിന്യം യഥാസമയം നീക്കാത്തതും മലിനജലത്തിൽ ആഹാരം പാകം ചെയ്യുന്നതും ഫ്രിഡ്ജിൽ ഭക്ഷണസാധനങ്ങൾ ദിവസങ്ങളോളം സൂക്ഷിക്കുന്നതും ഇവ ഫ്രിഡ്ജിൽ തുറന്നുവെച്ച് മറ്റ് ആഹാരസാധനങ്ങളുമായി കലരുന്നതും ഇറച്ചി, മീന്‍, പാല്, പാൽ ഉല്പന്നങ്ങള്, മുട്ട എന്നിങ്ങനെ ദ്രുതഗതിയില്‍ ബാക്ടീരിയ വളരുന്ന ഭക്ഷണ പദാർഥങ്ങള്‍ പാചകം ചെയ്തശേഷം നിയന്ത്രിത ഊഷ്മാവില്‍ സൂക്ഷിക്കാതിരിക്കുന്നതും ഭക്ഷ്യവിഷബാധയുണ്ടാക്കും.
ഹോട്ടലുകാർ തിളപ്പിച്ചാറ്റിയ വെള്ളമേ നൽകാവൂ
• തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ നൽകുക. പച്ചവെള്ളവും തിളപ്പിച്ച വെള്ളവും കലർത്തി ഉപയോഗിക്കരുത്
• പാചകം ചെയ്യുന്നതിനും പാത്രം കഴുകുന്നതിനും ശുദ്ധജലംതന്നെ ഉപയോഗിക്കണം
• കൃത്യമായ ഇടവേളകളിൽ കുടിവെള്ളം ക്ലോറിനേറ്റ് ചെയ്യേണ്ടതും പരിശോധനക്ക് അയക്കേണ്ടതുമാണ്
• രോഗബാധിതർ പാചകം ചെയ്യുന്നതും ഭക്ഷണം വിതരണം ചെയ്യുന്നതും ഒഴിവാക്കണം
• വിളമ്പുന്ന പാത്രങ്ങള്‍, ഇല എന്നിവ നന്നായി വൃത്തിയാക്കണം
• കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകിയശേഷം മാത്രമേ ഭക്ഷണം പാചകം ചെയ്യാൻ അനുവദിക്കാവൂ
• അടുക്കളയും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.
• പച്ചക്കറി, മീൻ, മുട്ട, ഇറച്ചി തുടങ്ങിയവ പാചകം ചെയ്യുമ്പോഴുള്ള അവശിഷ്ടങ്ങൾ അടുക്കളയിലോ പരിസരത്തോ കൂട്ടിയിടാതെ യഥാസമയം പുറത്തുകളയണം.
• ഈച്ച ശല്യം ഒഴിവാക്കണം. ചീഞ്ഞ പച്ചക്കറികൾ, പഴകിയ മീൻ, മുട്ട, ഇറച്ചി എന്നിവ ഒരു കാരണവശാലും ഉപയോഗിക്കരുത്.
സ്വയം ചികിത്സ വേണ്ട
• പനി, വയറിളക്കം, ഛർദി, തലവേദന, വയറുവേദന ലക്ഷണമുള്ളവർ സ്വയം ചികിത്സ ഒഴിവാക്കുക. ലക്ഷണങ്ങൾ കണ്ടാലുടൻ വിദഗ്ധ ചികിത്സ തേടണം.
• ക്യാമ്പുകൾ, പൊതുചടങ്ങുകൾ എന്നിവിടങ്ങളിൽ ഭക്ഷണം തയാറാക്കി സൂക്ഷിക്കുമ്പോൾ അവ നന്നായി അടച്ചുസൂക്ഷിക്കണം. വൃത്തിയുള്ള സ്ഥലത്തായിരിക്കണം ഭക്ഷണം തയാറാക്കുന്നതും വിതരണം ചെയ്യുന്നതും.
• ഫ്രിഡ്ജിൽ സൂക്ഷിച്ച പഴകിയ ഭക്ഷണസാധനങ്ങൾ ഉപയോഗിക്കാതിരിക്കുക
• സ്കൂളുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ സോപ്പ് ഉപയോഗിച്ച് കൈകഴുകാൻ സൗകര്യം ഒരുക്കണം.
• മാംസാഹാരം നന്നായി വേവിച്ച് മാത്രം ഉപയോഗിക്കണം. ഹോസ്റ്റലുകൾ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം
• പഴകിയതും പൂപ്പലുള്ളതുമായ ഭക്ഷണം, പാക്കറ്റില്‍ ലഭ്യമായ കാലാവധി കഴിഞ്ഞ ആഹാര പദാർഥങ്ങള്‍ എന്നിവ ഉപയോഗിക്കരുത്.
• വൃത്തിയും ശുചിത്വവുമുള്ള ഹോട്ടലില്‍നിന്ന് മാത്രം ആഹാരം കഴിക്കുക.
• പച്ചക്കറികൾ ഉപ്പും വിനാഗിരിയും ചേർത്ത വെള്ളത്തിൽ നന്നായി കഴുകിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ. യാത്രകളില്‍ കഴിയുന്നതും സസ്യാഹാരം മാത്രം കഴിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.