അനാഥമായി ജനറൽ ആശുപത്രി ‘മെഡിക്കൽ കോളജ്’
text_fieldsതിരുവനന്തപുരം: മെഡിക്കൽ കോളജ് അടക്കം ജില്ല, ജനറൽ ആശുപത്രികൾ രോഗികളെക്കൊണ്ട് വീർപ്പുമുട്ടുമ്പോൾ, തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളജിനായി കോടികൾ മുടക്കി പണിത ബഹുനില കെട്ടിടം ഏഴ് കൊല്ലമായി അനാഥാവസ്ഥയിൽ. ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് എല്ലാ ജില്ലകളിലും മെഡിക്കൽ കോളജ് എന്ന ആശയത്തിന്റെ ഭാഗമായാണ് തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളജ് ജനറൽ ആശുപത്രി വളപ്പിൽ ആരംഭിക്കാൻ തീരുമാനിച്ചത്.
അന്ന് ആരോഗ്യമന്ത്രിയായിരുന്ന വി.എസ്. ശിവകുമാറിന്റെ നേതൃത്വത്തിൽ നടപടികൾ തുടങ്ങുകയും ചെയ്തു. സമയബന്ധിതമായി കെട്ടിടവും സൗകര്യങ്ങളും ഒരുക്കി പ്രിൻസിപ്പൽ ഉൾപ്പെടെ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തു. കൂടാതെ തുടക്കത്തിൽ 100 മെഡിക്കൽ സീറ്റുകൾക്ക് അംഗീകാരം തേടാനുള്ള നടപടികളും മുന്നോട്ടുപോയി.
തുടർന്ന് അധികാരത്തിൽ വന്ന ഒന്നാം പിണറായി സർക്കാർ പിന്നീട് ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധപതിപ്പിച്ചില്ല. രണ്ടാം മെഡിക്കൽ കോളജിനായി നിയമിച്ച ഉദ്യോഗസ്ഥരെയെല്ലാം മറ്റ് മെഡിക്കൽ കോളജുകളിലേക്ക് വീണ്ടും മടങ്ങിപ്പോകാൻ നിർദേശിക്കുകയും തുടർനടപടികൾ അവസാനിപ്പിക്കുകയുമായിരുന്നു. അതിനുശേഷം വർഷങ്ങൾ അടച്ചിട്ട കെട്ടിടത്തിലെ മുറികൾ കോവിഡ് സമയത്ത് രോഗികൾക്കായി താൽക്കാലികമായി തുറന്നുനൽകിയിരുന്നു.
പരാതികൾ ഉയർന്നതിന്റെ അടിസ്ഥാനത്തിൽ ഓഫിസ് പ്രവർത്തനങ്ങൾക്ക് ചില മുറികൾ തുറന്ന് നൽകിയതല്ലാതെ മറ്റെല്ലാം ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. രണ്ടാം മെഡിക്കൽ കോളജ് ജനറൽ ആശുപത്രി കേന്ദ്രീകരിച്ച് ആരംഭിച്ചിരുന്നെങ്കിൽ മെഡിക്കൽ കോളജിലും ജനറൽ ആശുപത്രിയിലും രോഗികളെ കുറക്കാൻ കഴിയുമായിരുന്നു. മെഡിക്കൽ വിദ്യാർഥികൾക്ക് കൂടുതൽ സീറ്റുകൾ പഠനത്തിനായി ലഭിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ, വർഷങ്ങൾക്കിപ്പുറവും കൂറ്റൻ ബഹുനില കെട്ടിടം അനാഥമായി കിടക്കുകയാണ്.
അതേസമയം ജനറൽ ആശുപത്രിയിൽ ചുമരുകൾ ചോർന്നൊലിക്കുകയാണ്. സർജറി, പനി വാർഡുകളിൽ ഉൾപ്പെടെ രോഗികൾ വെള്ളത്തിലൂടെ നടക്കേണ്ട സ്ഥിതിയാണ്. വെള്ളം നിറഞ്ഞതോടെ മറ്റു മഴക്കാലരോഗങ്ങൾ പിടികൂടുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. വാർഡിലെ വെള്ളത്തിലൂടെ കാലിൽ പ്ലാസ്റ്റിക് കവറുകൾ ചുറ്റിവെച്ചാണ് രോഗികളുടെ സഞ്ചാരം.
ആശുപത്രിയിലെ പുരുഷന്മാരുടെ സർജറി വാർഡിൽ ഗുരുതര പരിക്ക് പറ്റിയവരും ശസ്ത്രക്രിയ കഴിഞ്ഞവരും കിടപ്പുണ്ട്. ഇവിടെ പലയിടങ്ങളിലായി ബക്കറ്റുകൾ നിരത്തിവെച്ച് മുകളിൽനിന്ന് ചോർന്നൊലിക്കുന്ന വെള്ളം പിടിച്ച് പുറത്ത് കളയുകയാണ് രോഗികളും കൂട്ടിരിപ്പുകാരും. രണ്ടുവർഷം മുമ്പ് ഉപയോഗക്ഷമമല്ലെന്ന് പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് നൽകിയ പഴകിയ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വാർഡുകളിലാണ് ഈ ദുരവസ്ഥ.
പലതിന്റെയും മേൽക്കൂരകൾ തകർന്നും സീലിങ്ങുകൾ പൊട്ടിയ നിലയിലാണ്. വിവിധ പരിശോധനകൾക്ക് രോഗികളെ ലാബുകളിലേക്ക് കൊണ്ടുപോകുന്നതും വെള്ളക്കെട്ടിലൂടെയാണ്. വാർഡുകളിലെ കിടക്കകളും ബെഡും മഴയിൽ നനഞ്ഞ് കുതിർന്നു. വാർഡുകളിൽ കിടക്കുന്ന രോഗികൾ സീലിങ് ഇളകി വീഴുമോയെന്ന ആശങ്കയിലുമാണ്. സാധാരണക്കാർ ചികിത്സതേടി എത്തുന്ന ജില്ലയിലെ ഏറ്റവും പ്രധാന ആശുപത്രിയിലാണ് ഈ ഗതികേട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.