മൂന്ന് രാജ്യങ്ങൾകൂടി ആസ്ട്രസെനക നിർത്തിവെച്ചു; വാക്സിൻ സുരക്ഷിതമെന്ന് ലോകാരോഗ്യ സംഘടന
text_fieldsജെനീവ: പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് മൂന്ന് രാജ്യങ്ങൾകൂടി ആസ്ട്രസെനക വാക്സിൻ നിർത്തിവെച്ചു. വാക്സിൻ സ്വീകരിച്ച ചിലരിൽ രക്തം കട്ട പിടിക്കുന്ന എന്ന റിപ്പോർട്ടിനെ തുടർന്ന് ഇറ്റലി, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് ആസ്ട്രസെനക വാക്സിനേഷൻ നിർത്തിയത്.
എന്നാൽ, രാജ്യങ്ങൾ ആസ്ട്രസെനക വാക്‌സിൻ ഉപയോഗിക്കുന്നത് തുടരണമെന്നാണ് ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത്. വാക്‌സിൻ സുരക്ഷയെക്കുറിച്ച് ചർച്ച ചെയ്യാൻ വിദഗ്ധരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും സംഘടന പറയുന്നു. വാക്സിന് എതിരായ ആരോപണത്തിന് തെളിവുകളില്ലെന്നാണ് കമ്പനിയുടെ പ്രതികരണം.
നേരത്തെ അയർലൻഡ്, ഡെൻമാർക്, ഐസ്ലൻഡ്, നോർവെ എന്നീ രാജ്യങ്ങളും ആസ്ട്രസെനക നൽകുന്നത് നിർത്തിയിരുന്നു. നോർവീജിയൻ മെഡിസിൻ ഏജൻസി പുറത്തുവിട്ട പഠനം മുൻനിർത്തിയായിരുന്നു അയർലൻഡിൻെറ നടപടി. വാക്സിൻ എടുത്ത നിരവധി പേർക്ക് രക്തം കട്ടപിടിക്കുന്നതായാണ് നോർവീജിയൻ മെഡിക്കൽ ടീം പുറത്തുവിട്ട റിപ്പോർട്ടിലുള്ളത്.
ആസ്ട്രസെനക വാക്സിൻ സ്വീകരിച്ച മൂന്ന് ആരോഗ്യപ്രവർത്തകർക്കാണ് നോർവേയിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയത്. ഓസ്ട്രിയയിൽ ഒരു മരണവും പാർശ്വഫലങ്ങൾ കാരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.