മഹാമാരി നിയന്ത്രിക്കാൻ ഏകീകൃത സംവിധാനവുമായി കേന്ദ്ര സർക്കാർ
text_fieldsന്യൂഡൽഹി: മനുഷ്യർ, മൃഗങ്ങൾ, വന്യജീവികൾ എന്നിവക്കുണ്ടാകുന്ന രോഗങ്ങളുടെയെല്ലാം നിരീക്ഷണത്തിനായി സംയോജിത പദ്ധതി തയാറാക്കി സർക്കാർ. 'വൺ ഹെൽത്ത് മിഷൻ' എന്ന പദ്ധതിയുടെ തുടക്കമായി സ്റ്റിയറിങ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സങ്കീർണ്ണമായ പദ്ധതി ഏകോപിപ്പിക്കുന്നതിനായി പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസറുടെ ഓഫീസിൽ പ്രൊജക്ട് മാനേജ്മെന്റ് യൂനിറ്റ് രൂപീകരിക്കുന്നുണ്ട്. 'വൺ ഹെൽത്ത് മിഷന്റെ' പ്രധാന ഉദ്ദേശ്യം മഹാമാരികളെ ചെറുക്കുന്നതിനു വേണ്ട ഏകീകൃത സംവിധാനം ഒരുക്കുക എന്നതാണ്.
അതിനായി ആറ് മന്ത്രാലയങ്ങളെ ഏകോപിപ്പിക്കണം. അതിനു വേണ്ടി 'ക്രോസ് മിനിസ്റ്റീരിയൽ വൺ ഹെൽത്ത് ആക്ഷൻ ഗ്രൂപ്പും' 'വൺ ഹെൽത്ത് സ്റ്റിയറിങ് കമിറ്റിയും' രൂപീകരിച്ചിട്ടുണ്ട്.
പരിസ്ഥിതി മന്ത്രാലയം, മൃഗസംരക്ഷണ വകുപ്പ്, ശാസ്ത്ര സാങ്കേതിക വകുപ്പ്, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ എന്നീ വകുപ്പുകളെ ഉൾപ്പെടുത്തിക്കൊണ്ടാണ് പദ്ധതി നടപ്പാക്കുക. ഇവയുടെ ഏകോപനത്തിനാണ് വിവിധ കമ്മിറ്റികൾ രൂപീകരിച്ചത്.
ഏകീകൃത നിരീക്ഷണത്തിലും നിയന്ത്രണത്തിലും ഉൾപ്പെടുത്തേണ്ട രോഗങ്ങളുടെ മുൻഗണനാ ക്രമം തയാറാക്കുന്നതിനാണ് സർക്കാർ ഇപ്പോൾ രൂപീകരിച്ച ഗ്രൂപ്പുകൾ ശ്രദ്ധ കേന്ദ്രീകരിക്കുക.
മൃഗങ്ങളിൽ ഉൾപ്പെടെയുണ്ടാകുന്ന മഹാമാരികളെ നേരിടാനുള്ള തയാറെടുപ്പുകൾക്കായി ദേശീയ -അന്തർദേശീയ വിദഗ്ധരുമായി കൂടിയാലോചനകൾ നടത്തുന്നതും ഗവേഷണങ്ങൾ നടത്തുന്നതും ഗ്രൂപ്പുകളുടെ പ്രവർത്തനത്തിൽ ഉൾപ്പെടുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.