എച്ച്1 എൻ1 കേസുകൾ കൂടി; ആലപ്പുഴ ജില്ലയിൽ ആശങ്ക
text_fieldsആലപ്പുഴ: ജില്ലയിൽ എച്ച്1 എൻ1 പനി പടരുന്നു. 11 ദിവസത്തിനകം എട്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സാധാരണപനിയുടെ ലക്ഷണങ്ങളാണെങ്കിലും വായുവിലൂടെ പകരുന്നതിനാൽ ജാഗ്രതവേണം. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് 147 പേർക്കാണ് രോഗം സ്ഥീകരിച്ചത്. ഒരുമരണവും റിപ്പോർട്ട്ചെയ്തിട്ടുണ്ട്. ജില്ലയിൽ ഏറ്റവുമൊടുവിൽ രണ്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ആറുപേർക്ക് ഈമാസം തന്നെ രോഗം പിടിപ്പെട്ടിരുന്നു. ദിവസവും കേസുകൾ വർധിക്കുന്നതിലാണ് ആശങ്ക. പക്ഷിപ്പനിയടക്കം പടരുമ്പോൾ പ്രതിരോധ മരുന്നായ ഒസൾട്ടാമിവർ ക്യാപ്സ്യൂളിന് കടുത്ത ക്ഷാമം നേരിടുന്നുണ്ട്. ജില്ലയിലെ ഭൂരിഭാഗം ആരോഗ്യസ്ഥാപനങ്ങളിലും 50 മുതൽ 100 കാപ്സൂൾ വരെ മാത്രമാണ് സ്റ്റോക്കുള്ളത്. ഒസൾട്ടാമിവർ എത്തിച്ചില്ലെങ്കിൽ പ്രതിരോധം താളം തെറ്റുമെന്ന ആശങ്കയിലാണ് ആരോഗ്യപ്രവർത്തകർ. ഇത് പരിഹരിക്കാൻ ആരോഗ്യവകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞവർഷം ജൂണിലാണ് ഇതിന് മുമ്പ് എച്ച്1 എൻ1 പനി ബാധിതരുടെ എണ്ണംകൂടിയത്. അന്ന് രണ്ട് മരണവും റിപ്പോർട്ട് ചെയ്തിരുന്നു. വേനൽചൂടിൽ ചുള്ളുപൊള്ളുന്ന ആലപ്പുഴയിൽ പനിബാധിതരുടെ എണ്ണത്തിലും വർധനവുണ്ട്. ദിവസവും 500ലധികം പേരാണ് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നത്. സ്വകാര്യ ആശുപത്രികളുടെ കണക്കെടുത്താൽ ഇതിന്റെ മൂന്നിരട്ടിയുണ്ടാകും. ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്ന എച്ച്1 എൻ1 പനിയുടെ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ എത്രയും വേഗം വൈദ്യസഹായം തേടണം.
പടരുന്നത് വായുവിലൂടെ
തുമ്മുമ്പോഴും മൂക്ക് ചീറ്റുമ്പോഴും വായുവില്‍ കൂടെയാണ് പ്രധാനമായും രോഗം പടരുന്നത്. പനി, ചുമ, തൊണ്ടവേദന, തുടര്‍ച്ചയായ തുമ്മല്‍, മൂക്കൊലിപ്പ്, ശ്വാസ തടസ്സം, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ചികിത്സ തേടണം. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, മറ്റു രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
കൃത്യമായ പ്രതിരോധ ശീലങ്ങള്‍ പാലിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടണം. എന്തെങ്കിലും രോഗ ലക്ഷണം ഉള്ളവര്‍ മാസ്ക് ധരിക്കണം. രോഗലക്ഷണങ്ങള്‍ ഉള്ളപ്പോള്‍ തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും പോകുന്നത് ഒഴിവാക്കണം. മറ്റുള്ളവരില്‍ നിന്നും അകലം പാലിക്കണം. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാല്‍ സ്വയം ചികിത്സിക്കാതെ ആരോഗ്യ സ്ഥാപനത്തില്‍ എത്തണം.
പ്രതിരോധം ഇങ്ങനെ
വായുവിലൂടെ പകരുന്നതിനാൽ മുഖാവരണം ധരിക്കുക. പനിബാധിതരിൽനിന്ന് അകലം പാലിക്കുക,കൈകൊടുക്കൽ ഒഴിവാക്കുക,പൊതുസ്ഥലത്ത് തുപ്പുന്നതും മൂക്കുചീറ്റുന്നതും ഒഴിവാക്കുക,ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല, ടിഷ്യുപേപ്പർ എന്നിവ ഉപയോഗിക്കുക,പുറത്തുപോയി വന്നാൽ കൈയും മുഖവും നന്നായി കഴുക,സ്വയംചികിത്സ പാടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.