ഹൃദയത്തിന് കരുതലായി ഹമദ് ഹൃദയാശുപത്രി സി.ഐ.സി മെഡിക്കൽ ക്യാമ്പ്
text_fieldsദോഹ: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ഹമദ് ഹാർട്ട് ഹോസ്പിറ്റലുമായി കൈകോർത്ത് സി.ഐ.സി സംഘടിപ്പിച്ച റഫറൽ മെഡിക്കൽ ക്യാമ്പ് നൂറുകണക്കിന് പേർക്ക് തുണയായി. നേരത്തേ സി.ഐ.സി സംഘടിപ്പിച്ച ഏഷ്യൻ മെഡിക്കൽ ക്യാമ്പിൽനിന്ന് റഫർ ചെയ്യപ്പെട്ടവരും ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട് പ്രയാസമനുഭവിക്കുന്നവരിൽനിന്ന് നേരത്തേ രജിസ്റ്റർ ചെയ്തവരുമായ ആളുകളാണ് ക്യാമ്പിന്റെ ഗുണഭോക്താക്കളായത്. മൻസൂറ സി.ഐ.സി ഹാളിൽ നടന്ന ക്യാമ്പ് ഹമദ് ഹാർട്ട് ഹോസ്പിറ്റൽ കാർഡിയോ തൊറാസിക് ശസ്ത്രക്രിയ വിഭാഗം ചെയർമാൻ ഡോ. അബ്ദുൽ വാഹിദ് അൽ മുല്ല ഉദ്ഘാടനം ചെയ്തു.
ഇത്തരം മെഡിക്കല്‍ ക്യാമ്പുകൾ മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കരുണയുടെ ഉദാത്ത മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഹൃദ്രോഗ ചികിത്സയേക്കാൾ രോഗം വരാതിരിക്കാനുള്ള മുൻകരുതലാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ഒരു ഹൃദ്രോഗി അനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങൾ അറിയാവുന്നതിനാലാണ് രോഗം വരാതിരിക്കാനുള്ള മുൻകരുതലും ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്തുകയുമാണ് പ്രധാനമെന്നു പറയുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ബോധവത്കരണത്തിലൂടെ ആരോഗ്യ സംരക്ഷണം എന്നത് പുതിയ കാലത്തെ ആരോഗ്യ രംഗത്തിന്റെ പ്രധാന സവിശേഷതയാണെന്ന് ക്യാമ്പ് ഉദ്ഘാടന ചടങ്ങിൽ ആശംസപ്രസംഗം നടത്തിയ ഹമദ് ഹാർട്ട് ഹോസ്പിറ്റൽ ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഹെഡ് ഫിദ അഹ്മദ് പറഞ്ഞു.
ഹമദ് ഹാർട്ട് ഹോസ്പിറ്റൽ ആക്ടിങ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫോർ അഡ്മിൻ ലാമ സുഹ്ദി അബു ഖലീൽ പരിപാടിയിൽ സംബന്ധിച്ചു. ഹമദ് ഹാർട്ട് ഹോസ്പിറ്റൽ കാർഡിയോളജി വിഭാഗം അസിസ്റ്റന്റ് അസോസിയറ്റ് കൺസൽട്ടൻറ് ഡോ. മുഹമ്മദ് ജമീഷ് മൊയ്തി ‘ഹൃദയാരോഗ്യം അറിയേണ്ടതെല്ലാം’ സെഷന് നേതൃത്വം നൽകി. ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട് സമയബന്ധിതമായി സ്വീകരിക്കേണ്ട ശ്രദ്ധയും പരിചരണവും പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. സെഷനിൽ സദസ്യരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം നൽകി.ഹമദ് ഹാർട്ട് ഹോസ്പിറ്റൽ ക്ലിനിക്കൽ ഡയറ്റീഷ്യൻ ആൻഡ് ന്യൂട്രീഷ്യൻമാരായ സുഹ അക്ബർ, സുന്ദൂസ് ഉമർ മുഹമ്മദ് ഫിതൂരി എന്നിവർ ക്യാമ്പിൽ ഡയറ്റീഷ്യൻ ക്ലാസുകൾക്കു നേതൃത്വം നൽകി.
മെഡിക്കല്‍ ക്യാമ്പില്‍ ഹൃദ്രോഗ വിദഗ്ധരായ ഡോ. രമേശ് കുമാർ രവീന്ദ്രൻ, ഡോ. ഫസലുറഹ്മാൻ കീലത്ത്, ഡോ. സജാദ് ആദിരാജ, ഡോ. മുഹമ്മദ് ജമീഷ് മൊയ്തി എന്നിവര്‍ സൗജന്യമായി രോഗനിർണയം നടത്തുകയും വിദഗ്ധ ചികിത്സ ആവശ്യമുള്ള രോഗികളെ ഹമദ് ഹാർട്ട് ഹോസ്പിറ്റലിലേക്ക് റഫർ ചെയ്യുകയും ചെയ്തു. ക്യാമ്പിൽ രജിസ്റ്റർ ചെയ്തവരിൽനിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള ഹാർട്ട് ഹോസ്പിറ്റലിന്റെ സമ്മാനങ്ങൾ ലാമ സുഹ്ദി അബു ഖലീൽ, നൗഫൽ പാലേരി എന്നിവർ വിതരണം ചെയ്തു.
സി.ഐ.സി പ്രസിഡന്റ് ഖാസിം ടി.കെ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നൗഫൽ പാലേരി സ്വാഗതം പറഞ്ഞു. ജനസേവന വിഭാഗം തലവൻ പി.പി. അബ്ദുറഹീം ക്യാമ്പ് നിർദേശങ്ങൾ നൽകി. യൂസുഫ് പുലാപ്പറ്റ ഖുർആനിൽനിന്ന് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഇ. അർഷദ്, മെഡിക്കൽ ക്യാമ്പ് ജനറൽ കൺവീനർ ഫൈസൽ അബ്ദുൽ മജീദ്, വളന്റിയർ ക്യാപ്റ്റൻ സിദ്ദീഖ് വേങ്ങര, എം. മുഹമ്മദലി, എൻ.പി. അഷ്റഫ്, താഹിർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.