ഹസ്നയുടെ മരണം: കോവിഡും വാക്സിൻ അലർജിയുമാണ് കാരണമെന്ന് രാസപരിശോധന ഫലം
text_fieldsകുറ്റിപ്പുറം: തെക്കേ അങ്ങാടി സ്വദേശി ഹസ്നയുടെ മരണത്തിൽ രാസപരിശോധന ഫലം പുറത്തുവന്നു. നേരത്തേ ഉണ്ടായിരുന്ന കോവിഡും മൂന്ന് മാസത്തിന് ശേഷം വാക്സിൻ സ്വീകരിച്ചതിനെ തുടർന്ന് ഉണ്ടായ അലർജിയുമാണ് ഹസ്നയുടെ മരണത്തിന് കാരണമെന്നാണ് ആന്തരിക രാസപരിശോധന ഫലത്തിൽ പറയുന്നത്.
വാക്സിൻ സ്വീകരിച്ച ശേഷം സാധാരണയായി കാണുന്ന അലർജി മൂർച്ഛിച്ചെന്നും അതേസമയം, അലർജിയെ തുടർന്ന് കുത്തിവെപ്പ് എടുത്തത് സ്വാഭാവിക നടപടിക്രമം മാത്രമെന്നും പറയുന്നു. ഇനി ആന്തരിക രാസപരിശോധന ഫലവും മെഡിക്കൽ സംഘത്തിന്റെ അന്വേഷണ ഫലവും വിശദ പരിശോധന നടത്തിയ ശേഷം അടുത്തായാഴ്ച ഡി.എം.ഒക്ക് അന്തിമ റിപ്പോർട്ട് സമർപ്പിക്കും.
നവംബർ 27നാണ് കുറ്റിപ്പുറം തെക്കേ അങ്ങാടി കാങ്കണ കടവ് സ്വദേശി ഹസ്ന (27) മരിച്ചത്. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് കുറ്റിപ്പുറം വ്യാപാര ഭവനിൽ നടന്ന വാക്സിനേഷൻ ക്യാമ്പിൽ യുവതി വാക്സിൻ എടുത്തിരുന്നു.
പിറ്റേദിവസം ദേഹാസ്വാസ്ഥ്യവും ശരീരമാകെ ചൊറിച്ചിലും അനുഭവപ്പെട്ട യുവതി വൈകീട്ടോടെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഒ.പിയിലുണ്ടായിരുന്ന ഡോക്ടറുടെ നിർദേശപ്രകാരം അലർജിക്കുള്ള രണ്ട് ഡോസ് ഇൻജക്ഷൻ എടുത്ത് മിനിറ്റുകൾക്കകം യുവതി ബോധരഹിതയായി. തുടർന്ന് ഡോക്ടറുടെ നിർദേശപ്രകാരം ആംബുലൻസിൽ തൃശൂരിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വെന്റിലേറ്ററിന്റെ അഭാവം കാരണം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
മെച്ചപ്പെട്ട ചികിത്സക്കായി യുവതിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് തൃശൂരിലെ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തു. വാക്സിൻ സ്വീകരിക്കുന്നതിനും മാസങ്ങൾ മുമ്പ് യുവതിക്ക് കോവിഡ് ബാധിച്ചിരുന്നു.
അതേസമയം, അത്യാസന്ന നിലയിലായ രോഗിയെ റഫറൻസ് ലെറ്റർ പോലും കൊടുക്കാതെയാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് അയച്ചതെന്നും അബദ്ധം സംഭവിച്ച കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ അധികൃതർ എങ്ങനെയെങ്കിലും കൈയൊഴിയുന്ന സമീപനമാണ് സ്വീകരിച്ചതെന്നും മെഡിക്കൽ കോളജിൽ വെന്റിലേറ്റർ സൗകര്യങ്ങൾ ഉണ്ടായിട്ടും ഇല്ലെന്ന് പറഞ്ഞ് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടെന്നും ഇതുവഴി വൈകീട്ട് അഞ്ചിന് ബോധരഹിതയായ യുവതിക്ക് രാത്രി 10ഓടെ മാത്രമേ ചികിത്സ ലഭ്യമായുള്ളൂവെന്നുമായിരുന്നു ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.