ആരോഗ്യ വകുപ്പ് സർവേ: മലപ്പുറം ജില്ലയിൽ അർബുദ ലക്ഷണമുള്ളവർ 62,310
text_fieldsമലപ്പുറം: ആരോഗ്യ വകുപ്പ് നടത്തിയ സർവേയിൽ ജില്ലയിൽ കണ്ടെത്തിയത് 62,310 അർബുദ ലക്ഷണമുള്ളവർ. ഗർഭാശയ അർബുദം, വദനാർബുദം, സ്തനാർബുദം എന്നീ വിഭാഗങ്ങളിലായിട്ടാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് കൂടുതൽ അർബുദ കേസുകൾ റിപ്പോർട്ട് ചെയ്തതും മലപ്പുറത്താണ്. സ്തനാർബുദ ലക്ഷണമാണ് കൂടുതൽ - 48,837. ഗർഭാശയാർബുദം രണ്ടാം സ്ഥാനത്താണ് - 10,074. കുറവ് റിപ്പോർട്ട് ചെയ്തത് വദനാർബുദം - 3,399.
30 വയസ്സിന് മുകളിലുള്ളവരിലാണ് സർവേ നടത്തിയത്. ആശ വർക്കർമാരെ പ്രയോജനപ്പെടുത്തി 'ശൈലി ആപ്പ്'വഴി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. അർബുദ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗം കൂടിയിട്ടാണ് സെപ്റ്റംബറിൽ സർവേ ആരംഭിച്ചത്. കണ്ടെത്തിയവർക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വഴി ചികിത്സ നൽകി വരികയാണ്.
കർമ പദ്ധതിയുണ്ട്
അർബുദത്തെ പ്രതിരോധിക്കാൻ ജില്ലയിൽ കർമ പദ്ധതി തയ്യാറാക്കി. ജില്ല പഞ്ചായത്ത് അധ്യക്ഷ രക്ഷാധികാരിയും കലക്ടർ ചെയർമാനും ഡി.എം.ഒ കൺവീനറുമാണ്. ജില്ല പ്രോഗ്രാം മാനേജർ, സ്വകാര്യ കാൻസർ ചികിത്സ സൗകര്യമുള്ള ആശുപത്രിയിലെ പ്രതിനിധി, സ്വകാര്യ ആശുപത്രി ഉടമകളുടെ പ്രതിനിധി, ലാബ് അസോസിയേഷൻ പ്രതിനിധി, സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ല മേധാവി, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, പാലിയേറ്റിവ് കെയർ സംഘത്തിന്റെ പ്രതിനിധി എന്നിവരാണ് സമിതിയിലുള്ളത്.
പരിശീലനം ചിട്ടയോടെ
അർബുദ പ്രതിരോധത്തിന്റെ ഭാഗമായി ആദ്യഘട്ടം മലബാർ കാൻസർ സെന്ററിൽ ജില്ലയിലെ 60 ആരോഗ്യ പ്രവർത്തകർക്കാണ് പരിശീലനം നൽകിയത്. 15 ബ്ലോക്കുകളിൽ നിന്നായി നാല് വീതം പേർക്കായിരുന്നു പരിശീലനം. തുടർന്ന് പരിശീലനം ബ്ലോക്ക് തലങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഡോക്ടർമാർ, ആശവർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പരിശീലനത്തിന്റെ ഭാഗമായി.
ഭാവിയിൽ ബ്ലോക്കുകളിലേക്ക്
ഓരോ ബ്ലോക്കുകളിലും ഹബ് ലാബുകൾ ഒരുക്കുകയാണ് ആരോഗ്യ വകുപ്പ് ലക്ഷ്യം. ഇങ്ങനെ വരുമ്പോൾ രോഗിക്ക് വേഗത്തിൽ ഫലം ലഭിക്കുന്നതിന് വഴിയൊരുക്കും. ലാബിലെ ജീവനക്കാർക്ക് ജോലി ഭാരവും കുറക്കാം. അതത് തദ്ദേശ സ്ഥാപനങ്ങൾ തുക അനുവദിച്ചാൽ ഇക്കാര്യത്തിൽ പരിഹാരമാകും.
സാമ്പിൾ പരിശോധിക്കാൻ നെറ്റ് വർക്ക്
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, സി.എച്ച്.സികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ചെയ്യാന്‍ സാധിക്കാത്ത നൂതന രോഗ നിര്‍ണയ പരിശോധനകള്‍ക്കുളള സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കുന്നതിന് നെറ്റ് വർക്ക് ആരംഭിച്ചിട്ടുണ്ട്. സാമ്പിളുകള്‍ ജില്ല ആശുപത്രി, ജനറല്‍ ആശുപത്രി തുടങ്ങിയവയില്‍ ഒരുക്കുന്ന ഹബ് ലാബില്‍ എത്തിച്ച് പരിശോധനാഫലം രോഗിക്ക് കീഴ് വരുന്ന ആരോഗ്യ സ്ഥാപനങ്ങളിലൂടെ തന്നെ ലഭ്യമാക്കുകയാണ് ചെയ്യുക. ഇതുവഴി രോഗികള്‍ക്ക് അകലെയുള്ള ലാബുകളില്‍ നേരിട്ടെത്തി സാമ്പിളുകള്‍ നല്‍കേണ്ട സാഹചര്യം ഒഴിവാകും. നിലമ്പൂർ ജില്ല ആശുപത്രിയിലെ ലാബാണ് ആദ്യഘട്ടം ഹബ് ലാബായി പ്രവർത്തിക്കുക. ശേഖരിച്ച സാമ്പിളുകൾ എത്തിക്കാനായി സാമ്പിള്‍ ട്രാന്സ്പോര്ട്ടേഷന് വാഹനം പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
പറയാൻ മടിക്കരുത്
ആദ്യ ഘട്ടം ചികിത്സിക്കാൻ തയ്യാറായാൽ വേഗം രോഗത്തെ പ്രതിരോധിക്കാൻ സാധിക്കും. തുറന്ന് പറയാൻ മടിക്കരുത്. പ്രാഥമിക കേന്ദ്രങ്ങളിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഡോ. വി. ഫിറോസ് ഖാൻ, ആർദ്രം മിഷൻ, നോഡൽ ഓഫിസർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.