നിർദേശം കർശനം; അനാവശ്യ റഫറലുകൾ നിയന്ത്രിക്കാൻ ആരോഗ്യവകുപ്പ്
text_fieldsതിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രികളിലേക്കടക്കം അനാവശ്യ റഫറലുകൾ നിയന്ത്രിക്കാൻ ആരോഗ്യവകുപ്പ് കർശന മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചെങ്കിലും ഒന്നും നടപ്പായില്ല. താഴേത്തട്ടിലുള്ള ആശുപത്രികളിൽ കൈകാര്യം ചെയ്യാവുന്ന രോഗങ്ങൾക്കുപോലും മെഡിക്കൽ കോളജുകളിലേക്ക് റഫർ ചെയ്യുകയാണ്.
പല ആശുപത്രികളിലെയും ഡോക്ടർമാരുടെ ക്ഷാമവും അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമാണ് റഫറൽ കേസുകൾ വർധിക്കാൻ കാരണം. സൗകര്യങ്ങളുള്ള ആശുപത്രികളിലാകട്ടെ 'റിസ്ക് എടുക്കേണ്ടെന്ന' മനോഭാവം റഫറലുകളുടെ എണ്ണം കൂട്ടുന്നു. അതിവിദഗ്ധ പരിചരണം ആവശ്യമുള്ളതും അല്ലാത്തതുമായ രോഗികള്‍ ഒരുപോലെ എത്തുന്നതിനാൽ മെഡിക്കല്‍ കോളജുകളുടെ പ്രവർത്തനം താളംതെറ്റുന്നെന്ന വിലയിരുത്തലിനെ തുടർന്ന് അഞ്ചുമാസം മുമ്പാണ് ആരോഗ്യവകുപ്പ് ആശുപത്രികൾക്ക് കർശന നിർദേശം നൽകിയത്.
ആശുപത്രിയിലെത്തുന്ന രോഗികളെ ചികിത്സാസൗകര്യങ്ങളും രോഗിയുടെ അവസ്ഥയും പരിഗണിച്ച് മാത്രമേ റഫര്‍ ചെയ്യാൻ പാടുള്ളൂവെന്നും മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്താല്‍ കണ്ട്രോള് റൂമില്‍ അറിയിക്കണമെന്നുമായിരുന്നു ആരോഗ്യവകുപ്പിന്റെ നിർദേശം. നിലവില്‍ താലൂക്ക് ആശുപത്രികള്‍ മുതല്‍ സ്പെഷാലിറ്റി സേവനങ്ങളുണ്ട്. തെരഞ്ഞെടുക്കപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഇ-സഞ്ജീവനി ഡോക്ടര്‍ ടു ഡോക്ടര്‍ സംവിധാനം വഴിയും സ്പെഷാലിറ്റി, സൂപ്പര്‍ സ്പെഷാലിറ്റി സേവനങ്ങൾ ലഭ്യമാണ്.
ജനസംഖ്യയിൽ 1000 പേർക്ക് ഒരു ഡോക്ടർ വേണമെന്നതാണ് ലോകാരോഗ്യ സംഘടനയുടെ നിഷ്കർഷ. എന്നാൽ കേരളത്തിൽ 6000 പേർക്ക് ഒരു ഡോക്ടർ എന്ന നിലയിലാണ് അനുപാതം. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഡോക്ടർമാരുടെ കുറവ് രൂക്ഷം. കോഴിക്കോട് ജില്ലയിൽ ആരോഗ്യവകുപ്പ് ഡോക്ടർമാർ 440 പേരാണ്. മലപ്പുറത്ത് 560. ആരോഗ്യവകുപ്പിൽ ആകെയുള്ള 6000 ഡോക്ടർമാരിൽ 250ഓളം പേർ വിവിധ ഭരണച്ചുമതലകളിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.