ഹ്യൂമൻ മെറ്റന്യൂമോ വൈറസിനെ പ്രതിരോധിക്കാൻ ഇന്ത്യ സുസജ്ജമെന്ന് ആരോഗ്യ മന്ത്രാലയം; ‘ശുചിത്വം അടക്കമുള്ള മുൻകരുതലുകൾ പാലിക്കണം’
text_fieldsന്യൂഡൽഹി: ചൈനയിൽ വ്യാപകമായി പടരുന്ന ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്.എം.പി.വി) പ്രതിരോധിക്കാൻ ഇന്ത്യ സുസജ്ജമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യ മന്ത്രാലയത്തിന്‍റെ മേൽനോട്ടത്തിൽ ചേർന്ന സംയുക്ത മോണിറ്ററിങ് ഗ്രൂപ്പ് യോഗത്തിന് ശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രോഗം സംബന്ധിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) അടക്കമുള്ള രാജ്യാന്തര സ്ഥാപനങ്ങളിൽ നിന്നുമുള്ള വിവരങ്ങൾ വിദഗ്ധർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളമുള്ള ശ്വാസകോശ സംബന്ധമായ അണുബാധ കേസുകളിൽ കാര്യമായ വർധനവ് ഉണ്ടായിട്ടില്ലെന്നാണ് ഡാറ്റകൾ സൂചിപ്പിക്കുന്നത്. എച്ച്.എം.പി.വി പോലുള്ള വൈറസുകളുടെ വ്യാപനമുണ്ടെന്ന് രാജ്യത്ത് കണ്ടെത്തിയിട്ടുണ്ട്.
നിലവിലുള്ള ആരോഗ്യ സംവിധാനം വഴി എച്ച്.എം.പി.വി പ്രതിരോധിക്കാൻ കഴിയും. ശുചിത്വം പാലിക്കുന്നതും രോഗലക്ഷണങ്ങൾ ഉണ്ടായാൽ വൈദ്യോപദേശം തേടുന്നതും ഉൾപ്പെടെയുള്ള സാധാരണ ആരോഗ്യ മുൻകരുതലുകൾ പാലിക്കാൻ പൗരന്മാരോട് അഭ്യർഥിച്ചിട്ടുണ്ടെന്നും വാർത്താകുറിപ്പിൽ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്.എം.പി.വി) കേസുകളിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻ.സി.ഡി.സി) അറിയിച്ചിട്ടുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന മറ്റ് രോഗങ്ങൾക്ക് സമാന ലക്ഷണം തന്നെയാണ് എച്ച്.എം.പി.വി ബാധിച്ചവർക്കും ഉണ്ടാകുകയെന്നും കുട്ടികളിലും പ്രായമേറിയവരിലും വൈറസ് ബാധിച്ചാൽ തീവ്രമായ പനി ഉണ്ടാകും.
ശൈത്യകാലമായതിനാൽ ഇന്ത്യയിൽ ശ്വാസകോശ സംബന്ധിയായ അസുഖങ്ങൾ കൂടുന്ന സീസണാണിത്. ആശുപത്രികളെല്ലാം ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജലദോഷവും കഫക്കെട്ടുമുള്ളവർ മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കണമെന്നും രോഗവ്യാപനത്തിന്റെ സാധ്യത ഇല്ലാതാക്കണമെന്നും എൻ.സി.ഡി.സി വ്യക്തമാക്കി.
അതേസമയം ചൈനയിൽ എച്ച്.എം.പി.വി വ്യാപനം രൂക്ഷമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞുവെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. കോവിഡിന് സമാനമായ പനി പോലുള്ള ലക്ഷണങ്ങളാണ് എച്ച്.എം.പി.വി ബാധിച്ചവരിലും കണ്ടുവരുന്നത്. പകര്‍ച്ചവ്യാധിയുടെ പല വശങ്ങളും ഇപ്പോഴും വ്യക്തമല്ല. രോഗത്തെ എങ്ങനെ ഫലപ്രദമായി നിയന്ത്രിക്കാം എന്നതില്‍ വ്യക്തത നേടാന്‍ കഴിയാത്തതും ആരോഗ്യപ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കുട്ടികളില്‍ ന്യുമോണിയ വര്‍ധിക്കുന്നതും ആശങ്ക പരത്തുന്നു.
എന്താണ് എച്ച്.എം.പി.വി വൈറസ് ?
ന്യൂമോവിരിഡേ കുടുംബത്തിലെ മെറ്റാന്യൂമോ വര്‍ഗത്തില്‍പെട്ട വൈറസാണിത്. ശ്വാസകോശ അണുബാധയുള്ള കുട്ടികളില്‍ നിന്നുള്ള സാമ്പിളുകള്‍ പഠിക്കുന്നതിനിടെ 2001ല്‍ ഡച്ച് ഗവേഷകരാണ് ഇത് ആദ്യമായി കണ്ടെത്തിയത്. പ്രായമായവരും കുട്ടികളും പ്രതിരോധശക്തി കുറഞ്ഞവരുമാണ് അപകടസാധ്യതാ വിഭാഗത്തിലുള്ളത്. വൈറസ് ബാധിച്ചവരിൽ ഏറെപേരും രോഗം തിരിച്ചറിയുന്നില്ലെന്നും ടെസ്റ്റുകൾ ചെയ്യുന്നില്ലെന്നും ആരോഗ്യവിദഗ്ധർ ആശങ്കപ്പെടുന്നു.
വൈറസിനെ പ്രതിരോധിക്കാൻ പ്രാപ്തമായ വാക്സിൻ കണ്ടെത്തിയിട്ടില്ലാത്തതും ആന്റിവൈറൽ മരുന്നുകൾ ഇല്ലാത്തതുമാണ് പ്രാധാന വെല്ലുവിളി. ഫ്ലൂ ആയോ ചുമ, ജലദോഷം, പനി, തുമ്മൽ എന്നിങ്ങനെയോ ശരീരത്തിൽ കയറുന്ന വൈറസ്, രോഗപ്രതിരോധശേഷി കുറവുള്ളവരിൽ പിന്നീട് ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിവയിലേക്കു കടക്കും. രോഗം വർധിക്കുന്നതിൽ കോവിഡിന് ശേഷമുള്ള ശാരീരിക അവസ്ഥയും തണുപ്പും പ്രധാന ഘടകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.