ഭിന്നശേഷി ശാക്തീകരണം ചേർത്തുപിടിക്കണം
text_fieldsഅവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് സമഗ്രമായ പുനരധിവാസം അതിപ്രധാനമാണ്. സമഗ്രമായ സമീപനം വ്യക്തികളെ ശാക്തീകരിക്കുന്നതിനും ഭിന്നശേഷി ഉള്ളവരെ ഉൾക്കൊള്ളിക്കുന്ന വൈവിധ്യവും സമത്വവും വിലമതിക്കുന്ന സമൂഹത്തെ വളർത്തിയെടുക്കുന്നതിനും സഹായിക്കുന്നു
ഭിന്നശേഷിക്കാർ അനുഭവിക്കുന്ന വെല്ലുവിളികളെക്കുറിച്ച് ചിന്തിക്കാനും അവരുടെ ക്ഷേമത്തിനും അവകാശങ്ങൾക്കും വേണ്ടി പ്രവർത്തിക്കാനും നമ്മെ ഓർമിപ്പിക്കുന്ന ദിനമാണ് ലോകഭിന്നശേഷി ദിനം. അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് സമഗ്രമായ പുനരധിവാസം അതിപ്രധാനമാണ്. സമഗ്രമായ സമീപനം (holistic approach) വ്യക്തികളെ ശാക്തീകരിക്കുന്നതിനും ഭിന്നശേഷിക്കാരെ ഉൾക്കൊള്ളിക്കുന്ന വൈവിധ്യവും സമത്വവും വിലമതിക്കുന്ന സമൂഹത്തെ വളർത്തിയെടുക്കുന്നതിനും സഹായിക്കുന്നു.
പുനരധിവാസം
സമഗ്രമായ പുനരധിവാസം കേവലം വൈദ്യ ചികിത്സയോ ഫിസിയോതെറപ്പിയോ മാത്രം അടങ്ങുന്നതല്ല. ഒരു വ്യക്തിയുടെയും കുടുംബത്തിന്റെയും ബഹുമുഖവശങ്ങൾ അഭിസംബോധന ചെയ്ത് രൂപകൽപന ചെയ്തിട്ടുള്ള സേവനങ്ങളും സംവിധാനങ്ങളും ഇത് ഉൾക്കൊള്ളുന്നു. വൈകല്യം ആരോഗ്യപ്രശ്നത്തിനപ്പുറം പരിസ്ഥിതി, സാമൂഹിക മനോഭാവങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ സമഗ്രമായ പുനരധിവാസം വ്യക്തിയുടെ ശാരീരികവും മാനസികവും തൊഴിൽപരവുമായ മാനങ്ങൾ പരിഗണിക്കുന്നു.
ശാരീരിക പുനരധിവാസം
സമഗ്രമായ പുനരധിവാസത്തിന്റെ കാതൽ ആണ് ശാരീരിക പുനരധിവാസം. ഇത് പ്രവർത്തനശേഷി മെച്ചപ്പെടുത്താനും പുനഃസ്ഥാപിക്കാനും ലക്ഷ്യമിടുന്നു. ഇതിൽ ചികിത്സ (ഫിസിയാട്രിസ്റ്റ് ഡോക്ടറുടെ കീഴിൽ), ഫിസിയോതെറപ്പി, ഒക്യൂപേഷനൽ തെറപ്പി, അനുയോജ്യമായ സഹായ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇതിലൂടെ ഭിന്നശേഷിയുള്ള വ്യക്തികൾക്ക് അവരുടെ ദൈനംദിന ജീവിതത്തിൽ സ്വയം പര്യാപ്തത നേടാൻ സഹായിക്കുന്നു. അതുവഴി ചലനാത്മകതയും ആത്മവിശ്വാസവും വീണ്ടെടുത്തു ജീവിതത്തിന്റെ വിവിധ മേഖലകളിൽ സജീവമായി പങ്കെടുക്കാൻ അവരെ പ്രാപ്തരാക്കുന്നു.
മാനസിക പുനരധിവാസം
വൈകല്യങ്ങൾ കൊണ്ട് ജീവിക്കുന്നവർക്ക് വൈകാരികവും മാനസികവുമായ വെല്ലുവിളികളെ നേരിടേണ്ടിവരുന്നു. മാനസിക സമ്മർദം, ഉൽകണ്ഠ, വിഷാദം തുടങ്ങിയവ നിയന്ത്രിക്കാൻ ഒരോരുത്തർക്ക് അനുയോജ്യമായ മാനസികാരോഗ്യ പിന്തുണ നൽകേണ്ടതാണ്. ഒരു സൈക്കോളജിസ്റ്റിന്റെ സഹായത്തോടെയുള്ള കൗൺസലിങ്, സൈക്കോതെറപ്പി എന്നിവ മൊത്തത്തിലുള്ള മാനസിക ക്ഷേമം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. രോഗികൾക്ക് മാത്രമല്ല അവരുടെ കുടുംബത്തിന്റെ മാനസികാരോഗ്യം കൂടെ സമഗ്രമായ പുനരധിവാസത്തിൽ ശ്രദ്ധിക്കുന്നു.
സാമൂഹിക പുനരധിവാസം
സാമൂഹികമായ ചേർത്തുപിടിക്കലുകൾ ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിന്റെ അടിസ്ഥാനമാണ്. ഭിന്നശേഷി സൗഹൃദമായ തടസ്സങ്ങൾ ഇല്ലാത്ത ചുറ്റുപാട്, കെട്ടിടങ്ങൾ, സ്കൂളുകൾ തുടങ്ങിയവയിലൂടെ വൈകല്യമുള്ള വ്യക്തികൾക്ക് സാമൂഹിക, വിദ്യാഭ്യാസ, വിനോദ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാൻ കഴിയുന്നു.
തൊഴിലധിഷ്ഠിത പുനരധിവാസം
തൊഴിലധിഷ്ഠിത പുനരധിവാസത്തിലൂടെ ഭിന്നശേഷിയുള്ളവർക്ക് സംതൃപ്തവും സ്വതന്ത്രവുമായ ജീവിതം നയിക്കാൻ കഴിയുന്നു. കഴിവനുസരിച്ച് പഴയ ജോലിയിലേക്ക് തിരിച്ചുപോവുകയോ പുതിയ കഴിവുകൾ വർധിപ്പിക്കാനുള്ള പരിശീലനം നേടുകയോ ചെയ്യാം. അതുകൂടാതെ ജോലി സ്ഥലങ്ങളിലെ തടസ്സങ്ങൾ ഒഴിവാക്കാനുള്ള നടപടികളും വേണം. എല്ലാവരെയും ഉൾക്കൊള്ളിക്കുന്ന നിയമനരീതികൾ പ്രോത്സാഹിപ്പിക്കുന്നത് സാമ്പത്തിക സ്വാതന്ത്ര്യത്തിനും സാമൂഹിക ഏകീകരണത്തിനും സഹായിക്കുന്നു.
സമഗ്രമായ പുനരധിവാസം എന്നത് ഒരു വ്യക്തിയിൽ കേന്ദ്രീകരിച്ച് നടക്കുന്ന ഒന്നല്ല. വൈകല്യം ഉള്ളവരോടുള്ള സാമൂഹിക മനോഭാവം പ്രധാനമാണ്. വിദ്യാഭ്യാസം, തൊഴിൽ, പൊതുയിടങ്ങൾ, സാമൂഹിക പ്രവർത്തനങ്ങൾ തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഭിന്ന ശേഷി ഉള്ളവരെ ഉൾപ്പെടുത്തുന്നതിന് ഊന്നൽ നൽകേണ്ടതുണ്ട്. അതിനാൽ, ഭിന്നശേഷിക്കാരുടെ സമഗ്രമായ പുനരധിവാസത്തിന് നമുക്ക് ലോക ഭിന്നശേഷി ദിനത്തിൽ കൈകോർക്കാം. ഭിന്നശേഷിക്കാരുടെ വൈവിധ്യമായ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അഭിസംബോധന ചെയ്തുകൊണ്ട് അവരുടെ അഭിമാനത്തെ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ കെട്ടിപ്പടുക്കാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.