പനികൾ പലവിധം; പണി കിട്ടാതെ നോക്കണം
text_fieldsആലപ്പുഴ: പലവിധ രൂപത്തിലും ഭാവത്തിലും പേരിലും പനി പടരുകയാണ്. ജില്ലയിലെ സർക്കാർ ആശുപത്രിയിൽ മാത്രം ഈമാസം ഇതുവരെ വൈറൽപനി ബാധിച്ച് ഒ.പിയിൽ ചികിത്സതേടിയത് 6000പേർ. സ്വകാര്യആശുപത്രിയിൽ ചികിത്സതേടിയവുടെ എണ്ണം കൂടി കൂട്ടിയാൽ മൂന്നരട്ടിയാകും. കിടത്തിച്ചികിത്സിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്.
ചൊവ്വാഴ്ച മാത്രം പനി ബാധിച്ച് 600 പേരാണ് ചികിത്സക്കെത്തിയത്. ഇതോടെ ഒ.പിയിലും വൻതിരക്കാണ് അനുഭവപ്പെടുന്നത്. ഭീതി പടർത്തി ഡെങ്കിയും എലിപ്പനിയും കൂട്ടിനുണ്ട്. ഈമാസം ഇതുവരെ 60 പേരാണ് ഡെങ്കിപ്പനി സംശയിച്ച് ആശുപത്രിയിൽ ചികിത്സതേടിയാണ്. ഇതിൽ 50പേർക്കും രോഗം സ്ഥിരീകരിച്ചു. 25പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. കുട്ടികൾക്കിടയിൽ പനിയും ചുമയുമാണ് വ്യാപകമാകുന്നത്. സ്വകാര്യആശുപത്രികളിലും ക്ലിനിക്കുകളിലും നൂറുകണക്കിനാളുകളാണ് ചികിത്സതേടുന്നത്. വിട്ടുമാറാത്ത ജലദോഷവും കഫക്കെട്ടും പേശിവേദനയും പനി ബാധിതർക്ക് ഉണ്ടാകുന്നുണ്ട്.
പിടിമുറുക്കി ‘ഡെങ്കി’:
ജില്ലയിൽ ‘ഡെങ്കി പിടിമുറുക്കിയിട്ടും പ്രതിരോധം ഊർജിതമാക്കാതെ അധികൃതർ. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് രണ്ടാഴ്ചക്കിടെ ഡെങ്കിപ്പനി രോഗികളുടെ എണ്ണം 60 കടന്നു. രോഗസംശയത്തിൽ നിരീക്ഷണത്തിൽ കഴിയുന്നവർ വേറെയുമുണ്ട്. ആലപ്പുഴ നഗരത്തിലും അമ്പലപ്പുഴ സൗത്ത് പഞ്ചായത്തിലുമാണ് സ്ഥിതിരൂക്ഷം.
പുതിയ കണക്കനുസരിച്ച് ആലപ്പുഴ നഗരസഭയിലെ നെഹ്റുട്രോഫി, വനിത-ശിശു ആശുപത്രി, ജനറൽആശുപത്രി, കലവൂർ എന്നിവിടങ്ങളിലാണ് രോഗവ്യാപനം. കുപ്പപ്പുറം, കലവൂർ, ചെട്ടിക്കാട്, മണ്ണഞ്ചേരി, അമ്പലപ്പുഴ സൗത്ത്, ആര്യാട്, ആലപ്പുഴ, ദേവികുളങ്ങര, തുറവൂർ, അരൂക്കുറ്റി, ചേർത്തല സൗത്ത്, തൃക്കുന്നപ്പുഴ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
പ്രതിരോധം വീട്ടിൽനിന്ന്
വീടിന് പുറത്ത് അലക്ഷ്യമായി ഇട്ടിരിക്കുന്ന ചിരട്ടകൾ, പാത്രങ്ങൾ, കുപ്പികൾ, കളിപ്പാട്ടങ്ങൾ, ടയർ, ഐസ്ക്രീം കപ്പ്, പ്ലാസ്റ്റിക് കവറുകൾ ഇവ ശേഖരിച്ച് മഴവെള്ളം വീഴാത്തവിധം വെക്കണം. ഇല്ലെങ്കിൽ ഹരിതകർമസേനക്ക് കൈമാറണം. വെള്ളംശേഖരിക്കുന്ന പാത്രങ്ങൾ, ടാങ്കുകൾ കൊതുക് കയറാത്തവിധം മൂടുക. ടെറസ്, സൺഷേഡ് എന്നിവയിലെ മാലിന്യങ്ങൾ നീക്കി വെള്ളം ഒഴുകിപ്പോകുന്നത് ഉറപ്പാക്കണം.
വില്ലനായി ‘എലിപ്പനി’
ദിവസവും രണ്ട് മുതൽ നാലുവരെ ആളുകളാണ് എലിപ്പനി സംശയിച്ച് ആശുപത്രിയിൽ ചികിത്സതേടുന്നത്. ഇതുവരെ 25പേർക്ക് രോഗംസ്ഥിരീകരിച്ചു. രണ്ടാഴ്ചക്കിടെ ആലപ്പുഴ നെഹ്റുട്രോഫി, അമ്പലപ്പുഴ സൗത്ത്, കലവൂർ, ആറാട്ടുപുഴ, തഴക്കര, വെളിയനാട്, ചെറുതന, തലവടി, ചെമ്പുംപുറം, പുറക്കാട്, തോട്ടപ്പള്ളി, ചെങ്ങന്നൂർ, താമരക്കുളം, മണ്ണഞ്ചേരി എന്നിവിടങ്ങളിലാണ് എലിപ്പനി സ്ഥിരീകരിച്ചത്.
ലക്ഷണങ്ങൾ അവഗണിക്കരുത്
പനി, തലവേദന, കണ്ണിന് പിന്നിൽ വേദന, ശക്തിയായ പേശിവേദന, ശരീരത്തിൽ ചുവന്ന പാടുകൾ എന്നിവയാണ് ഡെങ്കിയുടെ പ്രാരംഭ ലക്ഷണങ്ങൾ. തുടർച്ചയായ ഛർദി, വയറുവേദന, കറുത്തമലം, ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തുനിന്ന് രക്തസ്രാവം ഉണ്ടാകുക, രക്തസമ്മർദം താഴുക, ശ്വാസംമുട്ട് തുടങ്ങിയവ അപായസൂചനകളാണ്. പ്രായമായവർ, കുഞ്ഞുങ്ങൾ മറ്റ് രോഗങ്ങൾക്ക് ചികിത്സ എടുക്കുന്നവർ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം. പനിയുള്ളപ്പോൾ ഉറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കുക. ലക്ഷണങ്ങൾ പറഞ്ഞ് മെഡിക്കൽ ഷോപ്പിൽനിന്ന് മരുന്ന് വാങ്ങുന്നത് അടങ്ങുന്ന സ്വയം ചികിത്സ ഒഴിവാക്കുക.
ജാഗ്രത കൈവിടരുത്
ഇടവിട്ട് പെയ്യുന്ന മഴ കാരണം പല സ്ഥലങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ എലിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ജമുന വര്‍ഗീസ് അറിയിച്ചു. നായ്, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രത്തിലൂടെ രോഗാണുക്കള്‍ മണ്ണിലും വെള്ളത്തിലും കലരാനിടയുണ്ട്. കര്‍ഷകര്‍, തൊഴിലുറപ്പ് ജോലിക്കാര്‍ തുടങ്ങി മണ്ണും വെള്ളവുമായി ഇടപെടുന്നവര്‍ക്കും മലിനമായ വെള്ളത്തിലും മണ്ണിലും ഇറങ്ങുന്നവര്‍ക്കും എലിപ്പനി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. മലിനമായ മണ്ണുമായും വെള്ളവുമായും സമ്പര്‍ക്കത്തിൽ വരുന്നവർ ആരോഗ്യ പ്രവര്‍ത്തകരുടെ നിർദേശപ്രകാരം ആഴ്ചയില്‍ ഒരിക്കല്‍ ഡോക്സിസൈക്ലിന്‍ ഗുളിക കഴിക്കണം. ജോലി ചെയ്യുമ്പോള്‍ കട്ടികൂടിയ റബര്‍ കാലുറകളും കൈയുറകളും ധരിക്കണം.
മലിനജലം കണ്ണിലും മുറിവുകളിലും വീഴാതെ സൂക്ഷിക്കണം. മലിനജലം കൊണ്ട് മുഖവും വായും കഴുകരുത്. കഠിനമായ പേശി വേദന, ക്ഷീണം തലവേദന, പനി തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ സ്വയം ചികിത്സിക്കാതെ സമീപത്തെ ആരോഗ്യകേന്ദ്രത്തിലെത്തി ചികിത്സ തേടണം. യഥാസമയം ചികിത്സ തേടുന്നത് രോഗനിര്‍ണയത്തിനും മരണങ്ങള് തടയാനും സഹായിക്കും.
പനിയുണ്ടോ ? ശ്രദ്ധിക്കാം
- മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക (കുട്ടികൾ, ഗർഭിണികൾ, മറ്റ് അസുഖബാധിതർ)
- സ്വയംചികിത്സ ഒഴിവാക്കി ഡോക്ടറുടെ നിർദേശാനുസരണം മരുന്ന് കഴിക്കുക
- കൈകൾ ഇടക്കിടെ വൃത്തിയുള്ള വെള്ളത്തിൽ കഴുകുക
- തിളപ്പിച്ചാറിയ വെള്ളം 3-4 ലിറ്റർ ദിവസേന കുടിക്കുക
- തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക
- പോക്ഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക
- തുടർച്ചയായ വയറുവേദന, ഛർദി, ശരീരത്തിൽ നീര്, വായിൽനിന്നും മൂക്കിൽനിന്നും രക്തംവരുക, കൂടുതൽ ക്ഷീണം അനുഭവപ്പെടുക തുടങ്ങിയ ലക്ഷണമുണ്ടായാൽ ഡോക്ടറെ കാണുക
‘ഹോട്ട് സ്പോട്ട്’ പട്ടികയുമായി ആരോഗ്യവകുപ്പ്
ഡെങ്കിയും എലിപ്പനിയും പടരുന്ന സാഹചര്യത്തിൽ ഹോട്ട് സ്പോട്ട് നിശ്ചയിച്ച് ആരോഗ്യവകുപ്പ്. ആലപ്പുഴ, ചേർത്തല നഗരസഭകളും 14 പഞ്ചായത്തുകളുമാണ് ഹോട്ട് സ്പോട്ട് പട്ടികയിൽ ഇടംപിടിച്ചത്. ആലപ്പുഴ നഗരസഭയിലെ ജനറൽ ആശുപത്രി, വനിത-ശിശു ആശുപത്രി പരിസരവും നെഹ്റുട്രോഫി വാർഡിലുമാണ് ഡെങ്കിപ്പനി പടരുന്നതെന്നാണ് കണക്ക്. ഇതിനൊപ്പം ചേർത്തല മുനിസിപ്പാലിറ്റി, പുന്നപ്ര നോർത്ത്, ചെട്ടികാട്, ചുനക്കരയും ഉൾപെടും. എലിപ്പനി ബാധിത മേഖലയിലും മുന്നിട്ട് നിൽക്കുന്നത് ആലപ്പുഴ നഗരസഭയാണ്. മറ്റുള്ളവ ഭരണിക്കാവ്, ചെറുതന, ആര്യാട്, ചെന്നിത്തല, നൂറനാട്, പള്ളിപ്പുറം, അമ്പലപ്പുഴ നോർത്ത്, കൈനകരി, മണ്ണഞ്ചേരി, പുന്നപ്ര നോർത്ത്, നെടുമുടി, മാരാരിക്കുളം സൗത്ത്, പള്ളിപ്പാട്, ചെട്ടിക്കുളങ്ങര പഞ്ചായത്തുകളാണ്. പകർച്ചവ്യാധികളുടെ കണക്കനുസരിച്ചാണ് പുതിയഹോട്ട് സ്പോട്ട് നിശ്ചയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.