ചുണങ്ങ് കൃത്യമായ ചികിത്സ തേടാം
text_fieldsചര്‍മത്തെ ബാധിക്കുന്ന ഫംഗല്‍ അണുബാധയാണ് ചുണങ്ങ്. വെള്ള, കറുപ്പ്, തവിട്ട് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളില്‍ കാണപ്പെടുന്നതിനാല്‍ ടീനിയ വെഴ്സികൊളാര്‍ (Tinea versicolor) അഥവാ പിറ്റിരിയാസിസ് വെഴ്സികൊളാര്‍ (Pityriasis versicolor) എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.
ചര്‍മത്തിന്റെ ഉപരിതലത്തില്‍ സാധാരണ കാണപ്പെടുന്ന ഒരു തരം ഫംഗസാണ് ചുണങ്ങിന് കാരണമാകുന്നത്. കാലാവസ്ഥ വ്യതിയാനങ്ങള്‍, അമിത വിയർപ്പ്, വൃത്തിക്കുറവ്, കുറഞ്ഞ പ്രതിരോധശേഷി തുടങ്ങി വിവിധ കാരണങ്ങളാലാണ് ശരീരത്തില്‍ ചുണങ്ങ് രൂപപ്പെടുന്നത്. കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവരില്‍ വരെ ചുണങ്ങ് കണ്ടുവരുന്നു. എന്നാല്‍, കൗമാരക്കാരിലും യുവാക്കളിലുമാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത്.
വിയര്‍പ്പുഗ്രന്ഥികള്‍ കൂടുതലുള്ള ശരീരഭാഗങ്ങളിലാണ് ചുണങ്ങ് കൂടുതലായി കണ്ടുവരുന്നത്. കഴുത്ത്, ചുമലുകള്‍, ശരീരത്തിന്‍റെ പിന്‍ഭാഗം തുടങ്ങിയിടങ്ങളിലാണ് സാധാരണ കാണുന്നത്. എന്നാല്‍, കുഞ്ഞുങ്ങളില്‍ കാലുകളുടെ ഉള്‍വശങ്ങളിലും ഇത് കണ്ടുവരാറുണ്ട്.
പലരിലും വ്യത്യസ്ത നിറങ്ങളിലാണ് ചുണങ്ങ് അനുഭവപ്പെടാറുള്ളത്. വെള്ള, കറുപ്പ്, തവിട്ട് തുടങ്ങിയവയില്‍ ഏതെങ്കിലും ഒരു നിറത്തിലാണ് സാധാരണ കണ്ടുവരുന്നത്. എന്നാല്‍, ചിലരില്‍ ശരീരത്തിന്‍റെ പല ഭാഗങ്ങളിലായി ഒന്നിലധികം നിറങ്ങളില്‍ അനുഭവപ്പെടാറുണ്ട്. വിയര്‍ക്കുന്ന സമയങ്ങളില്‍ അസഹനീയമായ ചൊറിച്ചില്‍ അനുഭവപ്പെടുന്നതാണ് ചുണങ്ങിന്‍റെ പൊതുസ്വഭാവം.
വളരെ പെട്ടെന്നുതന്നെ തിരിച്ചറിയാന്‍ സാധിക്കുന്ന രോഗാവസ്ഥയാണ്. ചില രോഗികളില്‍ ഇത് ബാധിച്ച ശരീരഭാഗം ചുരണ്ടിയെടുത്ത് പരിശോധന നടത്തേണ്ടത് രോഗനിര്‍ണയത്തിന് ആവശ്യമായി വരാറുണ്ട്. വളരെ ചുരുക്കം രോഗികളില്‍ മാത്രമാണ് സ്കിന്‍ ബയോപ്സി പോലുള്ള പരിശോധനരീതികളിലൂടെ ചുണങ്ങ് കണ്ടെത്തുന്നത്.
ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് കൂടുതലായി വിയര്‍ക്കുന്നതിന് കാരണമാകുന്നതിനാല്‍ ചുണങ്ങ് കൂടുതല്‍ രൂപപ്പെടാന്‍ വഴിവെക്കും. അതിനാല്‍ രോഗം ബാധിച്ചവര്‍ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാൻ ശ്രദ്ധിക്കണം. ശരീരം എല്ലായ്പോഴും വൃത്തിയായി സൂക്ഷിക്കണം. അതുകൊണ്ടുതന്നെ രാവിലെയും വൈകീട്ടും കുളിക്കുന്നത് നല്ലതാണ്. ചര്‍മത്തില്‍ എണ്ണമയം കൂടുതലുള്ളവരില്‍ രോഗം കൂടുതലായി കണ്ടുവരുന്നതിനാല്‍ രണ്ടു നേരം ശരീരം വൃത്തിയാക്കുന്നത് ഗുണം ചെയ്യും. എണ്ണമയത്തിന് കാരണമാകുന്ന ഉൽപന്നങ്ങള്‍ ചര്‍മത്തില്‍ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം. ഡോക്ടര്‍ നിർദേശിക്കുന്ന പ്രത്യേക ചര്‍മസംരക്ഷണ ഉൽപന്നങ്ങള്‍ ഉപയോഗിക്കാം.
ചുണങ്ങ് ബാധിച്ചവര്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍, ബാത്ത് ടവല്‍ തുടങ്ങിയവ മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത്തരത്തില്‍ ഉപയോഗിക്കുകയാണെങ്കില്‍ വളരെ പെട്ടെന്നുതന്നെ മറ്റുള്ളവരിലേക്ക് ചുണങ്ങ് ബാധിക്കാന്‍ ഇത് വഴിവെക്കും.
കൃത്യസമയത്ത് ചികിത്സിച്ചാൽ വേഗംതന്നെ മറ്റിയെടുക്കാവുന്ന ചര്‍മരോഗമാണ് ചുണങ്ങ്. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ പ്രാരംഭഘട്ടത്തില്‍തന്നെ ശരിയായ ചികിത്സ തേടുന്നത് ഗുണം ചെയ്യും. രണ്ടോ മൂന്നോ ആഴ്ചകൊണ്ടുതന്നെ പ്രകടമായ വ്യത്യാസം കാണാനാകും.
എന്നാല്‍, സ്വയംചികിത്സ ഉള്‍പ്പെടെയുള്ള തെറ്റായ ചികിത്സമാർഗങ്ങള്‍ സ്വീകരിക്കുന്നത് പലപ്പോഴും വിപരീത ഫലമുണ്ടാക്കുകയും ചെയ്യും. ഒരിക്കല്‍ രോഗം ഭേദമായ ശേഷം പിന്നീട് ശരീരത്തില്‍ അനുകൂല സാഹചര്യം രൂപപ്പെടുകയാണെങ്കില്‍ വീണ്ടും ചുണങ്ങ് അനുഭവപ്പെടാം. ശരീരത്തിലെ പാടുകള്‍ പൂര്‍ണമായി ഭേദപ്പെടാന്‍ നീണ്ടകാലത്തെ കൃത്യമായ ചികിത്സ അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.