ചൂടു കൂടുന്നു; സൂക്ഷിക്കണം മൂത്രാശയ രോഗങ്ങളെ
text_fieldsയു.എ.ഇയിൽ ചൂടുകാലമാണ്. വേനലിനു ശക്തിയേറുകയാണ്. വേനൽക്കാലത്തെ ആരോഗ്യ സംരക്ഷണം വളരെ പ്രധാനമാണ്. ഇക്കാലത്തു ശരീരം വിവിധതരം വെല്ലുവിളികളെ നേരിടുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനം മൂത്രാശയ സംബന്ധമായ രോഗങ്ങളാണ്. ശരീരത്തിലെ ധാതുക്കളും ഉപ്പും ചിലപ്പോള്‍ വൃക്കകളില്‍ അടിഞ്ഞ് കല്ലുകളായി രൂപപ്പെടാറുണ്ട്. ഇത് മൂത്രനാളിയിലേക്ക് നീങ്ങി വേദനയും പലവിധ പ്രശ്നങ്ങളും ഉണ്ടാക്കാം. ചില കല്ലുകള്‍ വേദനയുണ്ടാക്കാതെ തന്നെ മൂത്രത്തിലൂടെ പുറന്തള്ളപ്പെടാം. എന്നാല്‍, ചില കല്ലുകള്‍ വളര്‍ന്ന് വൃക്കകളിലോ മൂത്ര നാളിയിലോ തങ്ങി നില്‍ക്കും. ഈ കല്ല് പുറത്തുപോകുമ്പോൾ കുടുങ്ങിപ്പോകാൻ സാധ്യതയേറെയാണ്. വൃക്കയിലെ കല്ലുകൾക്ക് മണലിന്‍റെയോ ചരലിന്‍റെയോ വലിപ്പമോ മുത്തോളം വലുതോ അതിലും വലുതോ ആകാം. ഒരു കല്ലിന് നിങ്ങളുടെ മൂത്രത്തിന്‍റെ ഒഴുക്ക് തടയാനും വലിയ വേദന ഉണ്ടാക്കാനും കഴിയും. വൃക്കയിലെ കല്ലുകൾ പ്രധാനമായും നാല് തരത്തിലാണ്.
• കാൽസ്യം ആണ് ഏറ്റവും സാധാരണമായ കല്ല്. ഓക്സലേറ്റ് പോലെയുള്ള മറ്റ് പദാർഥങ്ങളുമായി കാൽസ്യം സംയോജിപ്പിച്ച് കല്ല് ഉണ്ടാക്കുന്നു.
• മൂത്രത്തിൽ കൂടുതൽ ആസിഡ് അടങ്ങിയിരിക്കുമ്പോൾ യൂറിക് ആസിഡ് കല്ല് രൂപപ്പെട്ടേക്കാം.
• മൂത്രാശയ വ്യവസ്ഥയിൽ ഒരു അണുബാധയ്ക്ക് ശേഷം ഒരു സ്ട്രോവൈറ്റ് (struvite) കല്ല് രൂപപ്പെട്ടേക്കാം. വളരെ വിരളമായി കാണുന്ന സിസ്റ്റിൻ കല്ലുകളാണ് നാലാമത്തേത്.
കല്ലുകൾ തടയാൻ ഇവ ശ്രദ്ധിക്കാം
ധാരാളം വെള്ളം കുടിക്കുക, മൂന്നു ലിറ്റർ വെള്ളമെങ്കിലും ഒരുദിവസം കുടിക്കണം. ഭക്ഷണത്തിൽ ഉപ്പിന്‍റെ അംശം കുറക്കുക.
ശിപാർശ ചെയ്യുന്ന അളവിൽ മാത്രം കാൽസ്യം കഴിക്കുക. (കാൽസ്യം കൂടുന്നതും കുറയുന്നതും ശരീരത്തെ ബാധിക്കും). ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക
പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് കല്ലുകൾ ഉണ്ടാകുന്നത് തടയാൻ സഹായിക്കുന്ന പോഷകങ്ങൾ നൽകും. കുറഞ്ഞ ഓക്സലേറ്റ് ഉള്ള ഭക്ഷണങ്ങൾ കഴിക്കുക. മൂത്രത്തിൽ ഓക്സലേറ്റ് ഉള്ള രോഗികൾ ഭക്ഷണത്തോടൊപ്പം കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പലപ്പോഴും മൂത്രത്തിലെ ഓക്സലേറ്റിന്‍റെ അളവ് നിയന്ത്രിക്കും. ചീര, ബദാം എന്നിവ ഇതിൽ പെട്ടതാണ്
.മാംസാഹാരത്തിന്റെ അളവും കുറക്കുക. ഒഴിവാക്കേണ്ട ഭക്ഷണത്തെ കുറിച്ചും ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കേണ്ടതാണ്.
കൃത്യ സമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ വേദനയ്ക്ക് മാത്രമല്ല വൃക്കകളുടെ നാശത്തിനും കല്ലുകള്‍ കാരണമാകും. രക്ത പരിശോധന, കിഡ്നി ഫംങ്ഷന്‍ ടെസ്റ്റ്, സിടി സ്കാന്‍ എന്നിവയെല്ലാം രോഗനിര്‍ണയത്തിന് സഹായകമാണ്. കല്ലുകളുടെ വലുപ്പം, തരം എന്നിവയെ അടിസ്ഥാനമാക്കിയാണ് ചികിത്സ നിര്‍ണയിക്കുന്നത്. ചില രോഗികള്‍ക്ക് നല്ല അളവില്‍ വെള്ളം കുടിക്കുന്നത് വഴി കല്ലുകള്‍ മൂത്രത്തിലൂടെ പുറത്തെത്തിക്കാന്‍ സാധിക്കും. വേദനസംഹാരികള്‍ ഇവര്‍ക്ക് വേണ്ടി വന്നേക്കാം.
കല്ലുകള്‍ വേഗത്തില്‍ പുറന്തള്ളാന്‍ ആല്‍ഫ-ബ്ലോക്കേഴ്സും ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യാറുണ്ട്. വലിയ കല്ലുകള്‍ ഉള്ളവര്‍ക്കും കല്ലുകള്‍ മൂത്രത്തെ തടസ്സപ്പെടുത്തുന്നവര്‍ക്കും ശസ്ത്രക്രിയ തന്നെ വേണ്ടി വന്നേക്കാം.
ഡോ. പ്രശാന്ത് എസ്. നായർ
യൂറോളജി (സ്പെഷ്യലിസ്റ്റ്)
MS(General Surgery), MCH(Urology)
ആസ്റ്റർ ഹോസ്പിറ്റൽ & ആസ്റ്റർ ക്ലിനിക്
കിംഗ് ഫൈസൽ സ്ട്രീറ്റ്, ഷാർജ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.