ഹരിതയിടങ്ങളില് പരിശീലനം, ആരോഗ്യ വീണ്ടെടുപ്പിന് അബൂദബി മാതൃക
text_fieldsആരോഗ്യപൂര്‍ണമായ ജീവിതം പടുത്തുയര്‍ത്താം, കായിക പരിശീലനങ്ങള്‍ നേടാം, യോഗ ചെയ്യാം... പ്രകൃതി ഭംഗി ആസ്വദിച്ചും ഹരിത ഇടങ്ങള്‍ പ്രയോജനപ്പെടുത്തിയും ആരോഗ്യ പരിപാലനം സാധ്യമാക്കാനുള്ള അവസരം ഒരുക്കിയിരിക്കിയിരിക്കുകയാണ് അബൂദബിയിലെ പാര്‍ക്കുകള്‍. സുസ്ഥിര ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തിലേക്ക് ജനങ്ങളെ കൈപിടിച്ചാനയിക്കുകയാണ് ഭരണകൂടം.
അബൂദബി- അല്‍ ഐന്‍ മേഖലകളിലെ മദീനത്ത് സായിദ്, അല്‍ റുവൈസ് പാര്‍ക്ക് -2, അല്‍ ദഫ്ര മേഖലയിലെ അല്‍ മിര്‍ഫ നാഷനല്‍ പാര്‍ക്ക്, അല്‍ ഐന്‍ നഗരത്തിലെ അല്‍ ജാഹിലി, അല്‍ തോവയ്യാ പാര്‍ക്കുകള്‍, അബൂദബി നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള ഖലീഫ സിറ്റി പാര്‍ക്ക് -3, ശൈഖ ഫാത്തിമ പാര്‍ക്ക്, ഡോള്‍ഫിന്‍ പാര്‍ക്ക്, എം.ബി.ഇസഡ്. പാര്‍ക്ക്, അല്‍ ഖലീജ് അല്‍ അറബി പാര്‍ക്ക്, ഇലക്ട്രാ പാര്‍ക്ക്, അല്‍ ഷംഖ പാര്‍ക്ക് -4 തുടങ്ങിയ ഇടങ്ങളിലാണ് സമൂഹിക ആരോഗ്യ പരിപാലന പരിശീലനം നല്‍കുന്നത്. ആക്ടീവ് പാര്‍ക്ക്‌സ് എന്ന പേരില്‍ നടപ്പിലാക്കുന്ന സാമൂഹിക ആരോഗ്യ പരിപാടിയാണിത്.
2021 ഡിസംബര്‍ 30ന് ആരംഭിച്ച് ഈ മാസം 26 വരെ എമിറേറ്റുകളിലെ 12 പാര്‍ക്കുകളിലും നഗര ഇടങ്ങളിലും നിത്യ ആരോഗ്യ സംരക്ഷണത്തിന്‍റെ ഭാഗമാവാം. ഡാന്‍സ് ഫിറ്റ്, റണ്‍ഫിറ്റ്, ബൂട്ട് ക്യാമ്പുകള്‍, ക്രോസ് ഫിറ്റ്, യോഗ എന്നിവയുള്‍പ്പെടെ നിരവധി ആരോഗ്യ സംരക്ഷണ പരിപാടികളില്‍ പരിശീലനം ലഭിക്കുന്നു. അബൂദബി കമ്മ്യൂണിറ്റി ഡെവലപ്‌മെന്‍റ് ഡിപ്പാര്‍ട്ട്‌മെന്‍റ് (ഡി.സി.ഡി.), അബൂദബി സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി സഹകരിച്ച് അബൂദബി സിറ്റി, അല്‍ ഐന്‍ സിറ്റി, അല്‍ ദഫ്‌റ മേഖലാ കമ്മ്യൂണിറ്റി മാനേജ്‌മെന്‍റ് ഡിപ്പാര്‍ട്ട്‌മെന്‍റ്, അല്‍ ദഫ്‌റ റീജിയന്‍ അഫയേഴ്‌സ് എന്നിവയാണ് കമ്മ്യൂണിറ്റി ഫിറ്റ്‌നസ് പ്രോഗ്രാം പ്രഖ്യാപിച്ചിരിക്കുന്നത്.
15 വയസ്സും അതില്‍ കൂടുതലുമുള്ള ആര്‍ക്കും 380ലധികം സെഷനുകളിലായി ആരോഗ്യ സംരക്ഷണ പാഠങ്ങള്‍ കരസ്ഥമാക്കാം. യോഗ്യരായ പരിശീലകരുടെ നേതൃത്വത്തിലാണ് പരിപാടി നടന്നുവരുന്നത്. വൈകുന്നേരം നാലുമുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ ഓരോ ദിവസങ്ങളിലും വ്യത്യസ്ഥമായ കായിക പരിശീലനമാണ് ചെയ്തുവരുന്നത്. ഇതിനായി പ്രത്യേക പാഠ്യ പദ്ധതി തന്നെ തയ്യാറാക്കിയിട്ടുമുണ്ട്. ആക്ടീവ് പാര്‍ക്ക്‌സ് പ്രോഗ്രാമിന് പൊതുജനങ്ങള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. തണുപ്പേറി വരുന്നതിനാല്‍ കുടുംബമായി തന്നെ പാര്‍ക്കുകളില്‍ എത്തുന്നവരും വര്‍ധിച്ചിട്ടുണ്ട്. ഇത് പദ്ധതിയെ കൂടുതല്‍ ജനകീയമാക്കാനും സഹായകമായി. നാലാഴ്ചത്തെ പരിശീലനത്തിലൂടെ സ്ഥിരമായ കായിക പരിശീലനം നേടുന്ന സമൂഹത്തെ കെട്ടിപ്പടുക്കുകയാണ് ആക്ടീവ് പാര്‍ക്ക്‌സ് പദ്ധതിയുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.