ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്താൻ ‘ഹെല്‍ത്തി പ്ലേറ്റു’മായി ഭരണകൂടം
text_fieldsഹെല്‍ത്തി പ്ലേറ്റ് ജില്ല കലക്ടര്‍ വി.ആര്. വിനോദ് ഡി.എം.ഒ ഡോ. ആർ. രേണുകക്ക് കൈമാറുന്നു
മലപ്പുറം: ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്തിയെടുക്കാന്‍ ജില്ല ഭരണകൂടത്തിന്റെ ‘ഹെല്‍ത്തി പ്ലേറ്റ്’ പദ്ധതിക്ക് തുടക്കം. ജില്ല ഭരണകൂടവും ഭക്ഷ്യസുരക്ഷ വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയാണിത്.
വര്‍ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കാൻ ആരോഗ്യകരമായ ഭക്ഷണശീലം ഉറപ്പുവരുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി സിവില്‍ സ്റ്റേഷന് കാന്റീനില്‍ പ്രത്യേകം ഹെല്‍ത്തി പ്ലേറ്റ് ഒരുക്കിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. നല്ല ആരോഗ്യത്തിനായി നമ്മുടെ ഭക്ഷണശൈലിയില്‍ കാര്യമായ മാറ്റം വരുത്തണമെന്നും കാര്‍ബോ ഹൈഡ്രേറ്റിന്റെ അമിതമായ അളവ് കുറക്കണമെന്നും കലക്ടറേറ്റില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ ജില്ല കലക്ടര്‍ വി.ആര്. വിനോദ് പറഞ്ഞു.
കാലാവസ്ഥക്ക് അനുയോജ്യമായ ഭക്ഷണം ശീലിക്കണം. ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ ആളുകള്‍ക്ക് താൽപര്യമുണ്ട്. എന്നാല്‍, അതിന്റെ ലഭ്യതക്കുറവാണ് നേരിടുന്ന വെല്ലുവിളി. ഇത് മറികടക്കാന്‍ ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും ഹെല്‍ത്തി ഫുഡ് മെനു കൊണ്ടുവരും. പെട്ടെന്നൊരു മാറ്റം സാധ്യമായില്ലെങ്കില്‍ പോലും ഹെല്‍ത്തി ഫുഡ് പതിയെ ശീലമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷണശീലങ്ങള്‍ ആരിലും അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്ന് തന്നെയാണ് നിലപാട്.
എന്നാല്‍, നല്ല ഭക്ഷണത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്താന്‍ ജില്ല ഭരണകൂടം മുന്‍കൈയെടുക്കുമെന്നും കലക്ടര്‍ വിശദീകരിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ മലപ്പുറം സിവില്‍ സ്റ്റേഷന് കാന്റീനിലെ ഭക്ഷണ മെനുവില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
സാധാരണ ഭക്ഷണത്തിന് പുറമെ, ഇനി മുതല്‍ പ്രത്യേകം തയാറാക്കിയ ആരോഗ്യപൂര്‍ണമായ ഭക്ഷണവും കാന്റീനില്‍നിന്ന് ലഭിക്കും. ധാന്യങ്ങള്‍, പച്ചക്കറികള്‍, പയര്‍വര്‍ഗങ്ങള്‍, പഴങ്ങള്‍, ഇലക്കറികള്‍, പാലും പാലുല്‍പ്പന്നങ്ങളും, മീന്‍, ഇറച്ചി, മുട്ട തുടങ്ങി മനുഷ്യന് ആവശ്യമുള്ളതെല്ലാം ഉള്‍പ്പെടുത്തിയാണ് ഹെല്‍ത്തി ഫുഡ് തയാറാക്കുന്നത്. ജീവിതശൈലീ രോഗങ്ങള്‍ ചെറുക്കാന്‍ ജില്ല കലക്ടര്‍ നേരത്തേ തുടങ്ങിവച്ച ‘നെല്ലിക്ക’ കാമ്പയിനിന്റെ ഭാഗമായാണ് ഹെല്‍ത്തി പ്ലേറ്റ് പദ്ധതിയും നടപ്പാക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.