Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightനല്ല ആരോഗ്യം, നല്ല...

നല്ല ആരോഗ്യം, നല്ല നോമ്പ്

text_fields
bookmark_border
നല്ല ആരോഗ്യം, നല്ല നോമ്പ്
cancel

ഉപവാസത്തിലൂടെ ആത്​മീയ ചൈതന്യം മാത്രമല്ല, ആരോഗ്യദായക ജീവിതവും സാക്ഷാത്കരിക്കാൻ നമുക്ക് സാധിക്കും. ആത്മീയ ഉണർവിന്‍റെ പൂക്കാലം തന്നെയാണ് റമദാൻ. ഒപ്പം കൂടുതൽ മെച്ചപ്പെട്ട ആരോഗ്യം വീണ്ടെടുക്കാനുള്ള മികച്ച അവസരം കൂടിയാണിത്. വ്രതമാസത്തെ നാം എങ്ങനെ വിനിയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇതെന്നു മാത്രം. ജീവിതരീതിയിലെ മാറ്റങ്ങൾക്കൊപ്പം ഭക്ഷണക്രമത്തിലും ബോധപൂർവം ചില മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയണം.

രോഗികളുടെ റമദാൻ

പലതരം രോഗങ്ങൾ മൂലം വലയുന്ന നിരവധി പേരുണ്ട്. റമദാന്‍റെ ചൈതന്യവുമായി ചേർന്നു നിൽക്കാൻ രോഗികൾക്കും കഴിയും. പക്ഷെ, കൃത്യമായ നടപടികളും മുന്നൊരുക്കങ്ങളും വേണം.

മരുന്നുകൾ നിർത്താതെ വ്രതമെടുക്കുന്നവർ നിരവധി. രക്തസമ്മർദം, പ്രമേഹം ഉൾപ്പെടെ ജീവിത ശൈലീ രോഗങ്ങൾ മൂലം വലയുന്നവർ പകൽ ഭക്ഷണം കഴിക്കുന്നില്ല എന്ന ന്യായം പറഞ്ഞാണ് മരുന്ന് ഉപയോഗം വർജിക്കുന്നത്. ഇത് ദോഷം ചെയ്യും.

മരുന്നുകളുടെ ഡോസേജിൽ മാറ്റം വരുത്തി ഇവർക്കും ഉപവാസം അനുഷ്ഠിക്കാം. പക്ഷെ, വിദഗ്ധ ഡോക്ടറുടെ നിർദേശപ്രകാരമായരിക്കണം അത്. രക്തസമ്മർദത്തിന്‍റെ, പ്രമേഹത്തിന്‍റെ തോത് പകൽനേരത്ത് കൃത്യമായി നിരീക്ഷിക്കുകയും വേണം. മാനസിക, ശാരീരിക സമ്മർദം ലഘൂകരിച്ചു വേണം റമദാനെ ഉൾക്കൊള്ളാൻ.

മനസിനെ സന്തോഷദായകമാക്കി മാറ്റുക എന്നതാണ് പ്രദാനം. ആത്മീയമായ ഉണർവിലൂടെ എളുപ്പം ഇതു സാധിക്കാൻ റമദാൻ വേളയിൽ കഴിയും. ജീവിതക്രമം താളം തെറ്റുന്ന സാഹചര്യമാണ് റമദാനിൽ. എങ്കിലും ആവശ്യത്തിന് വിശ്രമവും ഉറക്കവും വ്രതവേളയിൽ നാം ഉറപ്പാക്കിയേ തീരൂ. ഇഫ്താറും അത്താഴവും കൃത്യസമയത്തു തന്നെ കഴിക്കാൻ മനസു വെക്കണം.

ഇഫ്ത്താർ:

എന്തും ഏതും ഭക്ഷിക്കുക എന്ന രീതി പാടില്ല. ഈത്തപ്പഴവും വെള്ളവും പഴവർഗങ്ങളും നോമ്പുതുറ വേളയിൽ മുഖ്യം. എളുപ്പം ദഹിക്കാനും മികച്ച ധാതുലവണങ്ങൾ നൽകി ശരീരത്തെ ഉത്തേജിപ്പിക്കാനും ഇവക്ക് കഴിയും.

രാത്രിഭക്ഷണം:

തറാവീഹ് നമസ്കാരത്തിനു മുമ്പു തന്നെ പോഷകസമൃദ്ധവും സന്തുലിതവുമായ ഭക്ഷണം കഴിക്കുന്നതാണ് അഭികാമ്യം. ധാന്യങ്ങൾ, പയർ വർഗങ്ങൾ, പച്ചക്കറികൾ, പാൽ, പാൽ ഉൽപന്നങ്ങൾ എന്നിവക്ക് ഭക്ഷണത്തിൽ ഊന്നൽ നൽകുക. നോമ്പുകാലത്തെ ജീരക കഞ്ഞി ആരോഗ്യത്തിന് അത്യുത്തമം.

അത്താഴം എങ്ങനെ:

നോമ്പെടുക്കുന്നവർ അത്താഴം ഒരു നിലക്കും മുടക്കരുത്. പകൽ മുഴുവൻ നേരത്തേക്കുമുള്ള ഊർജം ലഭിക്കേണ്ടത് ഇതിലൂടെയാണ്. ബാർലി, ഓട്ട്സ്, ഗോതമ്പ്, റാഗി, തവിട് കളയാത്ത ധാന്യങ്ങൾ, അവൽ എന്നിവ ഗുണകരം. കൂടുതൽ നാരുകൾ അടങ്ങിയതിനാൽ ശരീരത്തിൽ കെട്ടിക്കിടക്കുന്ന വിഷാംശങ്ങളെ അകറ്റാൻ ഇതിലൂടെ കഴിയും.

ഇവ ശ്രദ്ധിക്കാം:

. എണ്ണയിൽ പൊരിച്ച വിഭവങ്ങൾ പരമാവധി ഉപേക്ഷിക്കുക

. പഞ്ചസാര, മൈദ എന്നിവയുടെ ഉപയോഗം നിജപ്പെടുത്തുക

. കഫീൻ ഉൾപ്പെടുന്ന ചായ, കാപ്പി എന്നിവ ശരീരത്തിലെ ജലാംശം കുറക്കുമെന്നതിനാൽ നിയന്ത്രണം വേണം

ചൂടുകാലവും നോമ്പും:

ഗൾഫിലെ വേനൽകാലം മുൻനിർത്തി രാത്രികാലങ്ങളിൽ വെള്ളം പരമാവധി കുടിക്കാൻ മറക്കരുത്. ചുരുങ്ങിയത് മൂന്ന് ലിറ്റർ എങ്കിലും കുടിക്കണം. പകൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ ജാഗ്രത പുലർത്തണം. ഇഫ്ത്താറിനു ശേഷം കുറച്ച്​ സമയം നടക്കുകയോ സാധ്യമായ വ്യായാമങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്നത് നന്നാകും.

മാറ്റാം, ദുശ്ശീലം:

പുകവലി ശീലവും മറ്റും ജീവിതത്തിൽ നിന്ന് പാടെ മാറ്റാനുള്ള മികച്ച അവസരം കൂടിയാണ് റമദാൻ. പകൽ പുകവലി വർജിച്ച് ഇഫ്ത്താറിനു ശേഷം കൂടുതൽ പുകവലിക്കുന്ന ചിലരുണ്ട്. അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പകൽ പുകവലിക്കാതെ പിടിച്ചു നിൽക്കാൻ കഴിഞ്ഞവർക്ക് രാത്രിയിലും അതിനു കഴിയും, കഴിയണം. അവിടെയാണ് ഇഛാശക്തിയുടെ കരുത്ത്.

ഉറക്കം:

റമദാനിലെ ജീവിതക്രമ മാറ്റങ്ങളും അനുഷ്ഠാനങ്ങളും മുൻനിർത്തി ശരിയായ ഉറക്കം ഉറപ്പാക്കാൻ നമുക്ക് കഴിയണം. ചുരുങ്ങിയത് ആറ്​ മണിക്കൂർ നേരമെങ്കിലും ഉറക്കം നിർബന്ധം. അനാവശ്യ കാര്യങ്ങൾക്കായി രാത്രി സമയം ചെലവിടുന്നത് വർജിച്ചാൽ തന്നെ ഇത് എളുപ്പം നടന്നേക്കും.

നല്ല ശീലങ്ങളുടെ വസന്തകാലം:

റമദാൻ ക്ഷമയുടെ കൂടി മാസമാണ്. ജീവിതത്തിൽ ക്ഷമയുടെ നല്ല പാഠങ്ങൾ അഭ്യസിക്കാനുള്ള അവസരം. ഇഫ്താർ നേരത്ത് അമിതവേഗതയിൽ വണ്ടി ഓടിക്കുന്നത് റമദാനിൽ റോഡപകടങ്ങൾ ഉയർത്തുന്നതായാണ് ഗൾഫ് രാജ്യങ്ങളിലെ റിപ്പോർട്ട്. റോഡ് നിയമങ്ങൾ പാലിച്ച് ക്ഷമാപൂർവം വാഹനം ഓടിക്കണം. തൊഴിലിടങ്ങളിലെയും മറ്റും അനാവശ്യ സമ്മർദങ്ങളിൽ നിന്ന് അകന്നു നിൽക്കുകയും റമദാനിൽ പ്രധാനം.

ഗൾഭിണികൾ, കുഞ്ഞുങ്ങൾ, യാത്രക്കാർ:

ഗൾഭസ്ഥ ശിശുവിന് ദോഷം ചെയ്യില്ലെങ്കിൽ ഗർഭിണികൾക്ക് നോമ്പെടുക്കാം. ഡോകടറുടെ നിർദേശം തേടി വേണം വ്രതാനുഷ്ഠാനം. താൽപര്യപൂർവം നോമ്പെടുക്കുന്ന കുഞ്ഞുങ്ങൾ ധാരാളം. ചൂട് കാലാവസ്ഥ ആയതിനാൽ നോമ്പെടുക്കുമ്പോൾ കുഞ്ഞുങ്ങൾക്ക് നിർജലീകരണം ഉണ്ടാകുന്നില്ല എന്ന് രക്ഷിതാക്കൾ വേണം ഉറപ്പാക്കാൻ. യാത്രക്കാർക്ക് നോമ്പെടുക്കുന്നതിൽ ഇളവുണ്ട്. തങ്ങളുടെ ആരോഗ്യാവസ്ഥയും സാഹചര്യവും മുൻനിർത്തി എന്തു വേണമെന്ന് ഓരോരുത്തർക്കും തീരുമാനിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadan fasting
News Summary - healthy ramadan fasting
Next Story