പ്രവാസികളിലെ ഹൃദയാഘാതം; ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ...
text_fieldsമനാമ: ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളികൾ മരിക്കുന്നത് നിത്യസംഭവമാകുമ്പോൾ ആരോഗ്യകാര്യങ്ങളിൽ കുറച്ചധികം ശ്രദ്ധവേണമെന്ന അഭിപ്രായമാണ് വിദഗ്ധർ പങ്കുവെക്കുന്നത്. അടുത്ത സമയത്ത് ഹൃദയാഘാതം മൂലം നിരവധിപേരാണ് ബഹ്റൈനിൽ മരിച്ചത്. ഒരുമാസത്തെ കണക്കെടുത്താൽ മരണം സംഭവിച്ച പ്രവാസികളിലേറെയും പേരുടെ ജീവനെടുത്തത് ഹൃദയാഘാതമായിരുന്നു എന്ന് കാണാം. മരണം തേടിയെത്തുന്നവരിൽ നല്ലൊരു ശതമാനവും ചെറുപ്പക്കാരാണെന്നത് പ്രശ്നം ഗുരുതരമാക്കുന്നു. കോവിഡ് വന്നുപോയവരിൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ കണ്ടുവരുന്നതായി ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു.
കുഴഞ്ഞുവീണാണ് പല മരണങ്ങളും സംഭവിക്കുന്നത്. അനാവശ്യമായ രോഗഭീതിയുടെ ആവശ്യമില്ലെങ്കിലും അൽപമൊരു ജാഗ്രത ആരോഗ്യകാര്യങ്ങളിൽ പുലർത്തുക തന്നെ വേണം. നിസ്സാരമായി കാണുന്ന പല ലക്ഷണങ്ങളും ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പുകളാകാം. അതുകൊണ്ട് ഇടക്കിടക്കുള്ള മെഡിക്കൽ പരിശോധനകൾ അനിവാര്യമാണ്. ആരോഗ്യകരമല്ലാത്ത ഭക്ഷണക്രമവും വ്യായാമത്തിന്റെ കുറവുമാണ് ഏറെപേരിലും ഹൃദയാഘാതത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നത്. ഇതുകൂടാതെ മാനസിക സംഘർഷങ്ങളും രോഗസാധ്യത വർധിപ്പിക്കുന്നു.
ആരോഗ്യകരമല്ലാത്ത ഭക്ഷണരീതി
ആരോഗ്യകരമല്ലാത്ത ഭക്ഷണരീതി പൊണ്ണത്തടിക്കും കൊളസ്ട്രോള്‍, അമിത രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾക്കും കാരണമാകുന്നു. ഭക്ഷണക്രമീകരണമില്ലായ്മയും സമയം തെറ്റിയുള്ള ഭക്ഷണവും അർധരാത്രി യഥേഷ്ടം മാംസാഹാരം കഴിക്കുന്നതും ഹൃദയത്തിന്റെ താളം തെറ്റിക്കുന്നു. വ്യായാമം ഇല്ലാത്ത ജീവിതശൈലി, പുകവലി, അമിത മദ്യപാനം ഇവയും ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന കാര്യങ്ങളാണ്.
വ്യായാമം ചെയ്യാൻ മടി
വ്യായാമം ചെയ്യാൻ ഏറെപ്പേർക്കും മടിയാണ്. വ്യായാമത്തിനുള്ള സമയം കൂടി സോഷ്യല്‍ മീഡിയക്ക് മുന്നില്‍ വിനിയോഗിക്കുന്നു. ജോലി കഴിഞ്ഞുവന്നാൽ മുഴുവൻ സമയവും ഫോണിലാണ്. സിനിമയും വാട്സ് ആപ്പും ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ടിക്ക്ടോക്കും പ്രവാസികളുടെ വിശ്രമസമയം അപഹരിക്കുന്നു. പലരും ഏറെ വൈകി ഉറങ്ങുകയും നേരത്തെ ഉണരുകയും ചെയ്യുന്നു. വ്യായാമത്തിന് ആരും താൽപര്യം കാണിക്കുന്നുമില്ല.
രക്തക്കുഴലുകളില്‍ കൊഴുപ്പടിഞ്ഞ് ഹൃദയാഘാതത്തിന് വഴിവെക്കും മുമ്പേ ഭക്ഷണത്തിലും ജീവിതശൈലിയിലും മാറ്റം കൊണ്ടുവരുകയാണ് ആരോഗ്യത്തിന് ഏറ്റവും ഗുണകരം. സ്വന്തം ആരോഗ്യത്തിലുള്ള അമിതമായ ആത്മവിശ്വാസവും ആരോഗ്യ പരിശോധനക്കുള്ള മടിയും ചെറുപ്പക്കാരിലുണ്ട്. സമീപകാലത്ത് ഹൃദയാഘാതത്തിനിരകളായവരിൽ ഏറിയ പങ്കും ചെറുപ്പക്കാരുമാണ്.
കടുത്ത അസുഖം അനുഭവപ്പെടുമ്പോൾ പോലും സ്വയം രോഗ നിർണയം നടത്തുന്നവരാണ് പലരും. തുടർന്ന് സ്വയം ചികിത്സ നടത്തുകയും ചെയ്യുന്നു. ഇത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്.
മാനസിക സംഘർഷങ്ങൾ
പ്രവാസജീവിതത്തിന്റെ കൂടെപ്പിറപ്പായ മാനസിക സംഘർഷങ്ങളും ഹൃദയതാളം തെറ്റിക്കുന്നതാണ്. മാനസിക സംഘർഷത്തിന് ഒരിടത്തുനിന്നും ആശ്വാസം ലഭിക്കുന്നില്ല. മനസ്സിനെ മദിക്കുന്ന കാര്യങ്ങൾ തുറന്നുപറയാൻ ആളെ കിട്ടുന്നില്ല. എല്ലാവരും അവരവരുടെ കാര്യങ്ങളിലാണ്. പണ്ടൊക്കെ ഭക്ഷണം ഒരുമിച്ച് തയാറാക്കി കഴിക്കുമ്പോൾ അതുവഴിയുണ്ടാകുന്ന ഐക്യവും യോജിപ്പും മാനസിക സംഘർഷങ്ങൾക്കൊരു പരിഹാരമായിരുന്നു. ഇന്ന് പുറത്തുനിന്നുള്ള ഭക്ഷണവും സാങ്കേതികവിദ്യയുടെ വികാസവും അത്തരം കൂട്ടായ്മകളും ഒരുമിച്ച് ചെലവഴിക്കുന്ന മൂഹൂർത്തങ്ങളും കുറച്ചു.
കടുത്ത മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നവർക്ക് വിഷമങ്ങൾ പറയാനോ ആശ്വസിപ്പിക്കപ്പെടാനോ സാഹചര്യം ഉണ്ടാകുന്നില്ല. വിഷമങ്ങൾ ഉള്ളിലൊതുക്കി നീറിനീറി കഴിയുകയാണ് പലരും. ജോലി സ്ഥലം, താമസിക്കുന്ന സ്ഥലം, കുടുംബം എന്നിവിടങ്ങളിൽ നിന്നെല്ലാമുള്ള ആശ്വാസകരമായ സമീപനങ്ങൾ ഒരാളുടെ ഹൃദയത്തെയും ജീവിതത്തെയും കൂടുതൽ മെച്ചപ്പെടുത്തും.
സാമ്പത്തിക ബാധ്യതകൾ
സാമ്പത്തിക ബാധ്യതകളാണ് മാനസിക സംഘർഷത്തത്തിലേക്ക് നയിക്കുന്ന മറ്റൊരു കാരണം. അടുത്തിടെ കുഴഞ്ഞുവീണ് മരിച്ചവരിൽ പലരും സാമ്പത്തിക പ്രശ്നങ്ങളുടെ പേരിൽ കടുത്ത ടെൻഷൻ അനുഭവിച്ചിരുന്നവരാണെന്നാണ് സൂചന. സാമ്പത്തിക ബാധ്യതകൾ പ്രവാസിയുടെ കൂടപ്പിറപ്പാണ്. ഒരു ബാധ്യത തീർന്നു കഴിയുമ്പോൾ അടുത്തത് കടന്നുവരുന്നു. അത് തീർക്കാനായി ആയുഷ്കാലം മുഴുവനായി പ്രവാസം നീളുന്നു. കുടുംബാംഗങ്ങളും വീട്ടുകാരും സുഹൃത്തുക്കളുമെല്ലാം ഇത് തിരിച്ചറിയേണ്ടിയിരിക്കുന്നു.
വരുമാനം കൂടാതിരിക്കുകയും ജീവിതച്ചെലവുകൾ വർധിക്കുകയും ചെയ്യുന്ന കാലത്ത് കൃത്യമായ സാമ്പത്തിക ആസൂത്രണത്തിലൂടെ മുന്നോട്ടുപോകേണ്ടതുണ്ട്. സാമൂഹിക കാര്യങ്ങളിലിടപെട്ടുകൊണ്ടും ജീവകാരുണ്യപ്രവർത്തനം നടത്തുന്ന സംഘടനകളിൽ അംഗങ്ങളായിക്കൊണ്ടും പരിധി വരെ ചിന്തകളെ ഗുണപ്രദമായ തലത്തിലേക്ക് ഉയർത്താം. ആരോഗ്യകരമായ രാഷ്ട്രീയ, സാമൂഹിക ചർച്ചകളും മാനസിക സംഘർഷങ്ങളെ വഴിതിരിച്ചുവിടാൻ സഹായകരമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഹൃദയാഘാതം ഒഴിവാക്കാൻ 13 ടിപ്സ്
- രക്തസമ്മർദം < 130/80mmHg ആയി നിലനിർത്തുക
- രക്തത്തിലെ പഞ്ചസാരയുടെ അളവ് ഫാസ്റ്റിങ്ങിൽ < 110mg/dlലും ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂറിന് ശേഷം < 140mg/dlലും നിലനിർത്തുക
- . ടോട്ടൽ കൊളസ്ട്രോൾ, എൽ.ഡി.എൽ (മോശം കൊളസ്ട്രോൾ) എന്നിവ ചെക്ക് ചെയ്യുക. ടോട്ടൽ കൊളസ്ട്രോൾ 200 mg/dlലും എൽ.ഡി. എൽ 130mg/dlലും താഴെയായിരിക്കണം. വറുത്തതും പൊരിച്ചതും ബേക്കറി പലഹാരങ്ങളും കഴിക്കുന്നത് കുറക്കുക. റെഡ് മീറ്റ് മിതമായി ഉപയോഗിക്കണം.
- ഫിറ്റ്നസ് നിലനിർത്തുക. ശരീരഭാരം കുറക്കുക. കഴിയുന്നതും എല്ലാദിവസവും മുടങ്ങാതെ വ്യായാമം ചെയ്യുക. തീവ്രമായ വ്യായാമ മുറകളാണെങ്കിൽ, കുറഞ്ഞത് 15 മിനിറ്റെങ്കിലും ആഴ്ചയിൽ മൂന്ന് ദിവസം ചെയ്യുക. മിതമായ വ്യായാമമാണെങ്കിൽ ആഴ്ചയിൽ അഞ്ച് ദിവസം 30 മിനിറ്റ് ചെയ്യുക.
- ആനുപാതിക ഭാരം നിലനിർത്തുക. നിങ്ങളുടെ ഉയരത്തിൽ നിന്നും (സെ.മി) 100 കുറച്ചാൽ ആനുപാതിക ഭാരം ലഭിക്കും. അരക്കെട്ടിന്റെ അളവ് പുരുഷന്മാർ 90 സെ.മിൽ കുറവും സ്ത്രീകൾ 80 സെ.മി കുറവുമായി നിലനിർത്തുക.
- പുകവലി പാടില്ല
- നന്നായി ഉറങ്ങുക. ദിവസം ആറ് മണിക്കൂറെങ്കിലും നിർബന്ധമായി ഉറങ്ങണം
- മദ്യപാനം ഒഴിവാക്കുക
- ഉപ്പ്, അച്ചാർ, പപ്പടം, സംസ്കരിച്ച ഭക്ഷണം, ബേക്കറി സാധനങ്ങൾ എന്നിവയുടെ ഉപയോഗം കുറക്കുക
- സ്ട്രെസ് കുറക്കാൻ ശ്വസന വ്യായാമങ്ങളും യോഗയും ശീലിക്കുക.
- ഡോക്ടർ നിർദേശിച്ച മരുന്നുകൾ മുടങ്ങാതെ കഴിക്കുക. ഇടക്ക് ഡോക്ടറെ കൺസൽട്ട് ചെയ്യുക. ഇടക്കിടെ ബി.പി പരിശോധിക്കുക. ഫാസ്റ്റിങ് ബ്ലഡ് ഷുഗർ, ലിപിഡ് പ്രൊഫൈൽ, സെറം ക്രിയാറ്റിനിൻ, ലിവർ ഫങ്ഷൻ ടെസ്റ്റുകൾ, ഹീമോഗ്ലോബിൻ, യൂറിൻ മൈക്രോ ആൽബുമിൻ തുടങ്ങിയ പരിശോധനകൾ ഡോക്ടറുടെ നിർദേശപ്രകാരം നടത്തുക.
- നെഞ്ചുവേദനയുണ്ടെങ്കിൽ ‘ഗ്യാസ്’ ആണെന്ന് വിചാരിച്ച് ആശുപത്രിയിൽ പോകാതിരിക്കരുത്. ഉടൻ ഒരു ഡോക്ടറെ സമീപിക്കുക. ഇത്തരം സന്ദർഭങ്ങളിൽ വൈദ്യസഹായം തേടാൻ വൈകുന്നത് ജീവൻ അപകടത്തിലാക്കിയേക്കും.
- ആഞ്ജിയോപ്ലാസ്റ്റിയോ ബൈപാസ് സർജറിയോ കഴിഞ്ഞവർ അസ്പിരിൻ ഡോക്ടറുടെ നിർദേശപ്രകാരം എല്ലാദിവസവും മുടങ്ങാതെ കഴിക്കണം.
ഡോ. ജൂലിയൻ ജോണി തോട്ട്യാൻ(കൺസൽട്ടന്റ് - കാർഡിയോളജി), കിംസ് ഹെൽത്ത് ആശുപത്രി ബഹ്റൈൻ MBBS, MD (ജനറൽ മെഡിസിൻ), DM (കാർഡിയോളജി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.