Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഹൃദയമാണ്, പതിവായി...

ഹൃദയമാണ്, പതിവായി പരിശോധിക്കണേ...

text_fields
bookmark_border
Heart disease
cancel

മുതിർന്നവരിൽ ഏറെ പേർക്കും കണ്ടുവരുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് ഹൃദ്രോഗം. എന്നിരുന്നാലും പലപ്പോഴും ഇത് അറിയപ്പെടാതെ പോകുന്നു എന്നുള്ളതാണ് ദുഃഖകരമായ വസ്തുത. അതുകൊണ്ടുതന്നെ രോഗ സങ്കീർണതകൾ ഒഴിവാക്കാൻ കഴിയാതെ പോകുകയും ഹൃദയാഘാത സമയത്തുമാത്രം രോഗം കണ്ടെത്തപ്പെടുകയും ചെയ്യുന്നു. എന്നാൽ, തുടക്കത്തിൽ ഹൃദ്രോഗം കണ്ടെത്തിയാൽ പലവിധ ചികിത്സകളിലൂടെ ഹൃദയാഘാത സാധ്യത ഒഴിവാക്കാൻ കഴിയും.

പരിശോധനകളുടെ പ്രാധാന്യം

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് ഹൃദയം. ശരീരത്തിലെ മുഴുവൻ കോശങ്ങളിലേക്കും പ്രാണവായുവും പോഷകങ്ങളും എത്തിക്കുക എന്ന പരമപ്രധാന ധർമമാണ്, ജനനം മുതൽ മരണം വരെ അനുസ്യൂതം സ്പന്ദിക്കുന്ന ഹൃദയം ചെയ്തുകൊണ്ടിരിക്കുന്നത്. ഓരോ മിനിറ്റിലും ശരാശരി 80 തവണ ഹൃദയം രക്തധമനിയിലേക്ക് രക്തം പമ്പുചെയ്തുകൊണ്ടിരിക്കുന്നു.

ഈ സ്പന്ദനമാണ് നമ്മുടെ ജീവൻ പിടിച്ചുനിർത്തുന്നത്. ഇതൊന്ന് നിലച്ചാൽ മിനിറ്റുകൾക്കുള്ളിൽ മരണം സുനിശ്ചിതം. ഇത്രയും പ്രാധാന്യമുള്ള അവയവമായിട്ടും അതർഹിക്കുന്ന പരിരക്ഷ നമ്മൾ നൽകുന്നില്ല എന്നതല്ലേ പരമാർഥം? ഹൃദ്രോഗത്തിന്റെ ആദ്യലക്ഷണങ്ങൾ പലരും അവഗണിക്കുകയാണ് പതിവ്. നടക്കുമ്പോൾ അനുഭവപ്പെടുന്ന കിതപ്പ്, നെഞ്ചത്ത് ഭാരം കയറ്റിവെച്ചതുപോലുള്ള തോന്നൽ, ഇവയൊക്കെയാകാം ആദ്യലക്ഷണങ്ങൾ.

പ്രധാന ഹൃദയ പരിശോധനകൾ ഇ.സി.ജി

സാധാരണഗതിയിൽ ഹൃദയപരിശോധനയെന്നാൽ ഇ.സി.ജി മാത്രമാണ് നമ്മുടെ മനസ്സിൽ തെളിയുക. ഇ.സി.ജി (ഇലക്ട്രോ കാർഡിയോഗ്രാം) ഹൃദയത്തി​ന്റെ വൈദ്യുത സിഗ്നലുകൾ ഒരു കടലാസിൽ രേഖപ്പെടുത്തുന്ന പരിശോധനയാണ്. ഇതിലൂടെ ഹൃദയസ്പന്ദനങ്ങളുടെ താളവ്യതിയാനം, ഹൃദയഭിത്തികളുടെ വികാസം, ഹൃദയാഘാതം തുടങ്ങിയവ ഒരുപരിധിവരെ കണ്ടെത്താൻ സാധിക്കും.

എക്കോ കാർഡിയോഗ്രാം

അൾട്രാസൗണ്ട് സാ​ങ്കേതികവിദ്യ ഉപയോഗിച്ച് ഹൃദയത്തിന്റെ പ്രവർത്തനക്ഷമത, വാൽവുകളുടെ പ്രവർത്തനം, രക്തസഞ്ചാരം മുതലായവ വളരെ കൃത്യതയോടെ പരിശോധിക്കാൻ കഴിയും. സാധാരണ സ്കാൻ ചെയ്യുന്ന പോലെയേയുള്ളൂ.

ടി.എം.ടി (ട്രെഡ്മിൽ ടെസ്റ്റ്)

സാധാരണ ഇ.സി.ജി നമ്മൾ വിശ്രമവേളയിലാണ് എടുക്കുന്നത്. എന്നാൽ, ഒരാൾ വ്യായാമത്തിലേർപ്പെടുമ്പോൾ ഹൃദയം എത്ര നന്നായി രക്തം പമ്പ് ചെയ്യുന്നു, ഹൃദയത്തിനാവശ്യമായ രക്തവിതരണം ലഭിക്കുന്നുണ്ടോ, വ്യായാമത്തിലേർപ്പെടുമ്പോൾ ശാരീരിക അസ്വസ്ഥതകളുണ്ടാകുന്നത് ഹൃദയപ്രശ്നങ്ങൾ കൊണ്ടാണോ ഇവയെല്ലാം ഈ പരിശോധനയിലൂടെ വ്യക്തമാകും. എന്നാൽ, ഇതിന് ട്രെഡ്മില്ലിൽ കുറച്ചു മിനിറ്റുകൾ വേഗത്തിൽ നടക്കേണ്ടതായി വരും. ഇതിനുള്ള ശാരീരികക്ഷമതയുള്ളവർക്കേ ഇത് ചെയ്യാനാകൂ എന്ന പരിമിതിയുണ്ട്.

ഹോൾട്ടർ മോണിറ്ററിങ്

നമ്മുടെ ഹൃദയ താളത്തിലുണ്ടാകുന്ന അപാകതകൾ കണ്ടെത്താനാണ് ഹോൾട്ടർ ടെസ്റ്റ് നടത്തുന്നത്. ഒരാളുടെ ഒരു ദിവസത്തെ ഹൃദയമിടിപ്പുകളെല്ലാം ശരീരത്തിന്റെ പുറത്ത് ഘടിപ്പിക്കാവുന്ന ഒരു ചെറു ഉപകരണത്തിൽ റെക്കോഡ് ചെയ്ത് സൂക്ഷ്മപരിശോധനക്ക് വിധേയമാക്കുന്നു. ഹൃദയസ്പന്ദനത്തിലെ അൽപം നേരം മാത്രം കാണപ്പെടുന്ന തകരാറുകൾ പോലും ഇതുവഴി കണ്ടെത്തി ചികിത്സ വേണ്ടവയാണോ എന്ന് ഉറപ്പാക്കാം.

ആൻജിയോഗ്രാഫി

ഹൃദയധമനികളിൽ തടസ്സങ്ങളുണ്ടോയെന്നും ഉണ്ടെങ്കിൽ അവ എത്രത്തോളം ഗൗരവമുള്ളതാണെന്നും തിരിച്ചറിയുന്നതിന് പറ്റിയ ഏറ്റവും കൃത്യമായ പരിശോധനയാണിത്. കൈകളിലോ കാലുകളിലോ ഉള്ള ഒരു രക്തധമനി വഴി ഒരു കത്തീറ്റർ ഹൃദയധമനി വരെ എത്തിച്ച് പ്രത്യേക മരുന്ന് കുത്തിവെച്ച് എക്സ്റേയുടെ സഹായത്തോടെ ചെയ്യുന്ന ഈ പരിശോധനയിൽ ഹൃദയധമനിയിൽ തടസ്സമുണ്ടോ ഉ​ണ്ടെങ്കിൽ അതെവിടെയാണ്, അതെത്രത്തോളം പ്രശ്നമുള്ളതാണ്, അത് ഒരു സ്റ്റെന്റിന്റെ സഹായത്തോടെയോ ബലൂൺ ആൻജിയോപ്ലാസ്റ്റിയിലൂടെയോ മാറ്റാൻ കഴിയുന്നതാണോ എന്നെല്ലാം മനസ്സിലാക്കാൻ കഴിയും.

വലിത തടസ്സം (​ബ്ലോക്ക്) ആണെങ്കിൽ അപ്പോൾ തന്നെ സ്റ്റെന്റിന്റെ സഹായത്തോടെ തടസ്സങ്ങൾ മാറ്റാനും അതുവഴി സമീപഭാവിയിലുണ്ടാകാൻ സാധ്യതയുള്ള ഹൃദയാഘാതം ഒഴിവാക്കി ജീവിതദൈർഘ്യം വർഷങ്ങളോളം വർധിപ്പിക്കാനും കഴിയും.

കോറോണറി സി.ടി ആൻജിയോഗ്രാഫി

ശരീരത്തിനുള്ളിലേക്ക് കത്തീറ്റർ കടത്തി ചെയ്യുന്ന ആൻജിയോഗ്രാമിന് പകരം സി.ടി സ്കാൻ ഉപയോഗിച്ച് ഹൃദയത്തിന്റെ രക്തധമനികളുടെ ഘടന, തടസ്സം മുതലായവ കണ്ടെത്താൻ ഉപകരിക്കുന്ന പരിശോധനയാണിത്.

മറ്റ് പരിശോധനകൾ

ഹൃദയാരോഗ്യം കണ്ടെത്തുന്നതുപോലെ തന്നെ പ്രധാനമാണ് ഹൃദയത്തെ പ്രതികൂലമായി ബാധിക്കാവുന്ന ആപത്ഘടകങ്ങളെ കാലേകൂട്ടി കണ്ടെത്തുകയെന്നത്. ഹൃദ്രോഗം വന്നതിനുശേഷം ചികിത്സിക്കുക എന്നതല്ല, ഹൃദ്രോഗ സാധ്യത കണ്ടെത്തി അവയെ പ്രതിരോധിക്കുക എന്നതാണ് കൂടുതൽ ഉത്തമം. ഹൃദ്രോഗസാധ്യത കൂട്ടുന്ന രക്താതിസമ്മർദം, രക്തത്തിലെ പഞ്ചസാരയുടെയും കൊഴുപ്പുകളുടെയും നില, ശരീരഭാരം മുതലായവ കണ്ടെത്തി അവ അധികമെങ്കിൽ ചികിത്സയിലൂടെ സാധാരണനില കൈവരിക്കുക.

നല്ല ശീലങ്ങൾ

  • ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യുക
  • പുകവലിയുണ്ടെങ്കിൽ ഉപേക്ഷിക്കുക
  • ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്ന പച്ചക്കറികളും ഫലങ്ങളും ആഹാരത്തിൽ ​മുഖ്യമായും ചേർക്കുക
  • കൊഴുപ്പ് അധികമുള്ള ഭക്ഷണങ്ങൾ വർജിക്കുക
  • വർഷത്തിലൊരിക്കലെങ്കിലും ഹൃദയാരോഗ്യ പരിശോധന നടത്തി പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കുക. ആരോഗ്യവും സന്തുഷ്ടിയും നിറഞ്ഞ ജീവിതം കൈവരിക്കുക.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heart disease
News Summary - Heart disease in aged people
Next Story