കരുതാം, ചൂടിനെയും രോഗങ്ങളെയും
text_fieldsതൊടുപുഴ: വേനൽ കനക്കും മുമ്പേ വിയർക്കുകയാണ് ഇടുക്കി. ലോറേഞ്ചിൽ മാത്രമല്ല, ഹൈറേഞ്ചിലും പകൽച്ചൂടിനു കാഠിന്യം കൂടുകയാണ്. പുറത്തിറങ്ങിയാൽ കണ്ണുകാണാത്ത സ്ഥിതി. വീടിനുള്ളിൽ ഇരുന്നാലും അസഹ്യ ചൂട്. ഏതാനും ദിവസങ്ങളായി തൊടുപുഴ മേഖലയിൽ ചൂട് വർധിച്ച് അസഹനീയ നിലയിലായതോടെ പകൽ ജനത്തിന് പുറത്തിറങ്ങാൻ പോലുമാവാത്ത സ്ഥിതിയായി. തൊടുപുഴ മേഖലയിൽ 34-37 ഡിഗ്രി വരെയാണ് താപനില. പുലർച്ച തണുപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിലും പകലിലെ കനത്തചൂട് ജനങ്ങളെ അസ്വസ്ഥരാക്കുന്നു. ചൂടു കൂടിയതോടെ പുറം ജോലി ചെയ്യുന്ന കൽപണിക്കാർ, കെട്ടിട നിർമാണ തൊഴിലാളികൾ, പാടത്തും പറമ്പിലുമെല്ലാം ജോലി ചെയ്യുന്നവർ തുടങ്ങിയവരെല്ലാം വലിയ ബുദ്ധിമുട്ടിലാണ്.
പകൽ സമയം കാൽനടയാത്രക്കാരും ഇരുചക്ര വാഹനങ്ങളിലും മറ്റും യാത്ര ചെയ്യുന്നവരും വലയുകയാണ്. നഗരഗ്രാമ വ്യത്യാസമില്ലാതെ ഉയർന്ന പ്രദേശങ്ങളിൽ ശുദ്ധജല ക്ഷാമവും രൂക്ഷമായിട്ടുണ്ട്. ജലസ്രോതസുകൾ പലതും വറ്റിയതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണു ജനം.
ചിക്കൻപോക്സ്, ഡെങ്കി, മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തുതുടങ്ങി
വേനൽ കടുത്തതോടെ രോഗങ്ങളും ജില്ലയിൽ തലപൊക്കിത്തുടങ്ങി. ചിക്കൻപോക്സ്, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങൾ എന്നിവയാണ് വേനലിനൊപ്പം വ്യാപകമാകുന്ന പ്രധാന രോഗങ്ങൾ. രണ്ടാഴ്ചക്കിടെ 22 പേർക്ക് ഡെങ്കിപ്പനി സംശയിക്കുന്നുണ്ട്. രണ്ട് പേർക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാസം 16 പേർക്കാണ് ചിക്കൻപോക്സ് സ്ഥിരീകരിച്ചത്. പനി, തലവേദന എന്നീ പ്രാരംഭ ലക്ഷണങ്ങളിൽ തുടങ്ങി ദേഹത്ത് കുമിളകൾ ഉണ്ടാകുമ്പോഴാണ് പലരും തിരിച്ചറിയുന്നത്. മഞ്ഞപ്പിത്തവും മൂന്ന് മാസത്തിനിടയിൽ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈറൽ പനി ബാധിതരുടെ എണ്ണവും കൂടുന്നുണ്ട്. പത്ത് ദിവസത്തിനിടെ 2543 പേരാണ് വൈറൽ പനി ബാധിച്ച് ചികിത്സ തേടിയത്. വേനൽ കാലത്ത് ഡെങ്കിപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കൊതുകുകൾ പരത്തുന്ന ഈ രോഗത്തിനു പിന്നിൽ മനുഷ്യന്റെ അശ്രദ്ധമായ ഇടപെടലുകളാണ് പ്രധാന കാരണം. മുറ്റത്തും പറമ്പിലുമെല്ലാം വെള്ളം കെട്ടിനിൽക്കാതെ നോക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നിവയെല്ലാം കൊതുകുകൾ പെരുകുന്നത് തടയും. വരൾച്ച കടുത്തതോടെ ശുദ്ധജലത്തിന്റെ അഭാവം മൂലം വയറിളക്ക രോഗങ്ങൾ പിടികൂടാനുള്ള സാധ്യതയുള്ളതായി ഡോക്ടർമാർ പറയുന്നു.
കരുതൽ വേണം ഇക്കാര്യങ്ങളിൽ
കുടിക്കാനും ആഹാരം പാകം ചെയ്യാമെല്ലാം തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുക. ഹെപ്പറ്റൈറ്റിസ് എക്കും, വയറിളക്ക രോഗങ്ങൾക്കുമെല്ലാം പ്രധാനകാരണം ശുദ്ധജലത്തിന്റെ അഭാവമാണ്.
പഴവർഗങ്ങൾ ധാരാളം കഴിക്കണം. ചൂടുകൂടിയതിനാൽ ശരീരത്തിലെ ജലാംശം പെട്ടെന്ന് നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ധാരാളം വെള്ളം കുടിയ്ക്കുക. കരിക്ക്, ഉപ്പിട്ട കഞ്ഞിവെള്ളം എന്നിവയെല്ലാം ക്ഷീണം കുറക്കും.
സൂര്യാഘാതം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും തുടർച്ചയായി വെയിലത്ത് നിന്ന് ജോലി ചെയ്യുന്നവർക്ക് സൂര്യാഘാതം ഏൽക്കാൻ സാധ്യതയുണ്ട്. അതിനാൽ അധികം വെയിലുകൊള്ളാതെ ശ്രദ്ധിക്കണം. മാത്രമല്ല എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെട്ടാൽ ഉടൻ ചികിത്സ തേടണം.
താരം തണ്ണിമത്തൻ
വേനലിലെ താരം തണ്ണിമത്തൻ തന്നെ. വഴിയോര കച്ചവടവും ശീതളപാനീയ വിപണിയും സജീവമാകുന്നു. 30 രൂപയാണ് തണ്ണിമത്തന്റെ വില. മധുരമേറിയതും കുരു അധികമില്ലാത്തതുമായ കിരൺ ഇനം തണ്ണിമത്തനാണ് ഗാർഹിക ഉപഭോക്താക്കൾക്കിടയിൽ ഏറെ പ്രിയം. ഇപ്പോൾ പാതയോരത്തും പഴക്കടകളിലും 30-35 രൂപ വരെയാണ് വിൽപന നടക്കുന്നത്. ജലാംശം നിലനിർത്താൻ തണ്ണിമത്തൻ ഉത്തമമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ശരീര താപനിലയെ നിയന്ത്രിച്ചു നിർത്താനുള്ള കഴിവും പോക്കറ്റിലൊതുങ്ങുന്ന വിലയുമാണ് തണ്ണിമത്തനെ പ്രിയപ്പെട്ട വേനൽ ഫലമാക്കി മാറ്റിയത്. തണ്ണിമത്തനും പൈനാപ്പിളും പഴവും മധുരവും ചേർത്ത മിക്സഡ് ജ്യൂസിനും ആവശ്യക്കാരേറെയാണ്. വേനൽ കടുക്കുന്നതോടെ വിപണി കൂടുതൽ സജീവമാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. കരിക്കിനും ആവശ്യക്കാരേറെയാണെങ്കിലും നാടൻ കരിക്കിന്റെ ലഭ്യത നന്നേ കുറവാണ്. 40-50 രൂപയാണ് കരിക്കിന്റെ വില. കരിമ്പിൻ ജ്യൂസുകളാണ് വിപണിയിലെ മറ്റൊരു താരം. ജില്ലയിൽ വേനൽക്കാല സമയങ്ങളിൽ മാത്രം സാധാരണയായി കണ്ടുവരുന്ന കരിമ്പിൻ ജ്യൂസ് ഗ്ലാസ് ഒന്നിന് 25-30 രൂപക്കാണ് വിൽപന. ഫ്രഷ് ജ്യൂസുകൾക്കും നാരങ്ങാ വെള്ളത്തിനും വൻ ഡിമാൻഡാണ്.
കുപ്പിവെള്ള ഉൽപാദനം ഇരട്ടിയാക്കി ഹില്ലി അക്വ
വേനൽ കടുത്തതോടെ കുപ്പിവെള്ള ഉദ്ഘാടനം ഇരട്ടിയാക്കി സർക്കാർ കുപ്പിവെള്ള കമ്പനിയായ ഹില്ലി അക്വ. ഇടുക്കി മലങ്കരയിലും തിരുവനന്തപുരം അരുവിക്കരയിലുമുള്ള പ്ലാന്റുകളിലാണ് ഉൽപാദനം ഇരട്ടിയാക്കിയത്.
വിൽപന കൂടിയതോടെ മലങ്കരയിൽ ദിവസവും 28000 കുപ്പി വെള്ളം അധികമായി ഉത്പ്പാദിപ്പിക്കുന്നുണ്ട്. അരുവിക്കരയിൽ ആഴ്ചയിൽ കുറഞ്ഞത് മൂന്ന് ദിവസം അധിക ഉൽപാദനം നടക്കുന്നുണ്ട്. ജലസേചന വകുപ്പിന്റെ കീഴിലുള്ള ഹില്ലി അക്വ മറ്റ് കുപ്പിവെള്ളങ്ങളേക്കാൾ അഞ്ച് രൂപ കുറച്ച് ലിറ്ററിന് 15 രൂപ നിരക്കിലാണ് വർഷങ്ങളായി വിപണിയിലെത്തിക്കുന്നത്. ഇതിനൊപ്പം റേഷൻകടകൾ വഴി 10 രൂപക്ക് കുപ്പിവെള്ളം നൽകുന്ന സുജലം പദ്ധതിയും തുടങ്ങിക്കഴിഞ്ഞു.
ആദ്യ ഘട്ടമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. അടുത്ത മാസത്തോടെ മറ്റ് ജില്ലകളിലും വ്യാപിപ്പിക്കാനാണ് പദ്ധതി.
കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ സപ്ലൈകോ ഔട്ട്ലെറ്റുകളിലും കുപ്പിവെള്ളം എത്തിച്ചു കഴിഞ്ഞു. റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള വിൽപന കൂട്ടാനും പദ്ധതി ഒരുക്കിയിട്ടുണ്ട്. ആദ്യ ഘട്ടമായി പാലക്കാട് റെയിൽവെ സ്റ്റേഷനിൽ നടപ്പാക്കി. ഇടുക്കി ജില്ലയിൽ പോസ്റ്റൽ ഡിപ്പാർട്ട്മെന്റിലെ ചില യൂണിറ്റുകളിൽ വെള്ളമെത്തിക്കാനും ധാരണയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.