കിടപ്പുരോഗികൾക്ക് കൈത്താങ്ങ്; ജനറൽ ആശുപത്രിയിൽ ‘ജി ഗൈറ്റർ’ എത്തി
text_fieldsതിരുവനന്തപുരം: കിടപ്പുരോഗികളെ കൈപിടിച്ച് നടത്താനും കൈത്താങ്ങാകാനും ജനറൽ ആശുപത്രിയിൽ ജി ഗൈറ്റർ എത്തി. തളർവാതവും പക്ഷാഘാതവുമടക്കം രോഗാവസ്ഥകൾ മൂലം ശരീരവും മനസ്സും ദുർബലമായിപ്പോയവരെ തിരികെ നടത്തിക്കാനുള്ള ഫിസിയോതെറപ്പി പരിചരണങ്ങളിലാണ് സഹായത്തിനായി ജി ഗൈറ്റർ പ്രയോജനപ്പെടുത്തുക. ഗൈറ്ററിന്റെ ഉദ്ഘാടനം കേരളീയം പരിപാടിയുടെ ഭാഗമായി ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തുടർന്ന് പൊതുജനങ്ങൾക്ക് സൗജന്യമായി യന്ത്രത്തിന്റെ സേവനം ലഭിക്കും.
1.86 കോടി മുടക്കി കെ-ഡിസ്കാണ് ജനറൽ ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിൽ ഉപകരണം സജ്ജമാക്കിയത്. വൈകാതെ സംസ്ഥാനത്തെ മറ്റ് ആശുപത്രികളിൽ ഉൾപ്പെടെ ഇതു സ്ഥാപിക്കും.നടക്കാൻ കഴിയാത്തവർക്ക് സാധാരണ ഇരുമ്പു ദണ്ഡുകളിൽ പിടിച്ച് നടത്തിച്ചുള്ള ഫിസിയോ തെറപ്പിയാണ് നൽകാറുള്ളത്. എന്നാൽ, എളുപ്പത്തിൽ തെറപ്പി നടത്തുന്നതിന് സഹായകമാകുന്ന ഉപകരണമാണ് ജി ഗൈറ്റർ.
ഒരു ദിവസം 16 രോഗികൾക്ക് 20 മിനിറ്റ് വീതം പരസഹായമില്ലാതെ ഈ യന്ത്രം ഉപയോഗിച്ച് നടന്ന് പരിശീലിക്കാനാകും. വീൽ ചെയറിലിരുത്തിയശേഷം ട്രാമ്പ് വഴിയാണ് രോഗികളെ ഉപകരണവുമായി കയറ്റുന്നത്. പിന്നീട് വീൽചെയർമാറ്റി ഉപകരണവുമായി രോഗിയെ ബന്ധിപ്പിക്കും. യന്ത്രം നിയന്ത്രിക്കാൻ ഒരാൾ ഉണ്ടാകും. യന്ത്രത്തിന് ഡ്രഗ്സ് കൺട്രോൾ ബോർഡിന്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. ട്രെഡ്മില്ലോടുകൂടി രൂപകൽപന ചെയ്തിട്ടുള്ള ജി ഗൈറ്റർ രോഗിയുടെ ഭാരം മുഴുവനായി വഹിക്കും. ഓരോ തവണയും ആരോഗ്യപുരോഗതി ഡോക്ടർക്ക് നേരിട്ട് മനസ്സിലാക്കാം. രോഗിയുടെ ഓക്സിജൻ ലെവൽ, ഹൃദയമിടിപ്പ് എന്നിവ സ്വയം അളക്കാം.
സാധാരണ ഗതിയിൽ 900 ചുവടുകൾ കൈപിടിച്ച് നടത്തിക്കുന്നതിന് മൂന്ന് മണിക്കൂർ വേണ്ടിവരുമെങ്കിൽ റോബോട്ടുകൾ ഈ സമയപരിധി വലിയ അളവിൽ ചുരുക്കും. ഫലത്തിൽ ഫിസിയോ തെറപ്പിയിലെ മനുഷ്യാധ്വാനവും സമയവും കുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.