ഹെപ്പറ്റൈറ്റിസ്-എ: തദ്ദേശീയ വാക്സിൻ റെഡി
text_fieldsകരളിനെ ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ്-എ രോഗ പ്രതിരോധത്തിനായി ഇതാദ്യമായി ഇന്ത്യയിൽ വാക്സിൻ വികസിപ്പിച്ചു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഇമ്യൂണോളജിക്കൽ ലിമിറ്റഡ് എന്ന ബയോഫാർമ കമ്പനിയാണ് ‘ഹെവിഷ്യൂവർ’ എന്ന പേരിൽ വാക്സിൻ പുറത്തിറക്കിയത്. കഴിഞ്ഞ എട്ടുവർഷമായി ഇതുസംബന്ധിച്ച ഗവേഷണത്തിലായിരുന്നു സ്ഥാപനം. രണ്ട് ഘട്ടങ്ങളിലായി നടത്തിയ മരുന്ന് പരീക്ഷണത്തിന്റെ ഫലങ്ങൾ നേരത്തെ വിവിധ വാക്സിൻ ജേർണലുകൾ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചത്. പ്രതിവർഷം പത്ത് ലക്ഷം ഡോസ് വരെ വാക്സിൻ നിർമിക്കാനാവുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഒരു ഡോസിന് രണ്ടായിരം രൂപക്ക് മുകളിൽ വരും. നിലവിൽ പുറത്തുനിന്ന് വരുന്ന വാക്സിനാണ് രാജ്യത്ത് ഉപയോഗിക്കുന്നത്. ഹെപ്പറ്റൈറ്റിസ്-എ വൈറസ് മനുഷ്യന്റെ കരളിനെ ബാധിക്കുമ്പോൾ ഉണ്ടാക്കുന്ന ഒരുതരം പകർച്ച രോഗമാണ് ഹെപ്പറ്റൈറ്റിസ്-എ. മലിനമായ വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ അല്ലെങ്കിൽ രോഗിയുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയോ ആണ് വൈറസ് പകരുന്നത്. ലോകത്ത് വലിയ തോതിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെടാറുണ്ടെങ്കിലും മരണനിരക്ക് ആയിരത്തിലൊന്ന് മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.