എച്ച്.എം.പി.വി; കരുതൽ വേണം, വൃക്കകളെ ബാധിക്കാം
text_fieldsരാജ്യത്തിന്റെ പലഭാഗങ്ങളില്‍ എച്ച്.എം.പി.വി സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ന്യൂമോവിരിഡേ ഗണത്തില്‍പ്പെട്ട വൈറസ് ശ്വാസകോശ അണുബാധയിലേക്കും വൃക്കകളുടെ തകരാറിലേക്കും നയിക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു.
അടുത്തിടെ എച്ച്.എം.പി.വി വൈറസ് ബാധയെ തുടർന്ന് ചികിത്സയില്‍ കഴിയുന്ന കുട്ടികളില്‍ നടത്തിയ പഠനത്തില്‍ ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് അക്യൂട്ട് കിഡ്‌നി ഇന്‍ജുറി(എ.കെ.ഐ)യുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. വൃക്ക, കരള്‍ മാറ്റി വെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞവരില്‍ എച്ച്.എം.പി.വി ഗുരുതരമായ രോഗാവസ്ഥക്ക് കാരണമാകും. ഇത് ഗുരുതരമായ ശ്വാസകോശ അണുബാധകള്‍ക്കും അക്യൂട്ട് റെസ്‌പിറേറ്ററി ഡിസ്‌ട്രെസ് സിൻഡ്രത്തിനും കാരണമാകും.
വൃക്ക മാറ്റി വെക്കല്‍ ശസ്ത്രക്രിയക്ക് മുന്‍പ് ഇമ്മ്യൂണോഫ്ലൂറസെൻസ് അല്ലെങ്കിൽ ആർ.ടി-പി.സി.ആർ പരിശോധന നിര്‍ബന്ധമാക്കണം. രോഗപ്രതിരോധശേഷി കുറഞ്ഞ രോഗികളിൽ വൈറൽ വ്യാപനം തടയുന്നതിന് ഉചിതമായ അണുബാധ നിയന്ത്രണ രീതികൾ നടപ്പിലാക്കുന്നത് ഇത് സഹായിക്കും. എച്ച്.എം.പി.വി മൂലം നേരിട്ടുള്ള വൃക്ക തകരാറുകൾ വ്യാപകമായി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ഉയര്‍ന്ന അപകട സാധ്യതയുള്ള വിഭാഗങ്ങളിൽ (പ്രായമായർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ) വൈറസ് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
കടുത്ത ചുമ, മൂക്കൊലിപ്പ്, അടഞ്ഞ മൂക്ക്, പനി, തൊണ്ടവേദന എന്നിവയാണ് എച്ച്.എം.പി.വിലക്ഷണങ്ങള്‍. രോഗബാധിതരായ വ്യക്തികളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയോ മലിനമായ ചുറ്റുപാടുകളുമായുള്ള സമ്പര്‍ക്കത്തിലൂടെയോ ഇത് പകരാം. മൂന്ന് മുതല്‍ അഞ്ച് ദിവസം വരെയാണ് വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ്. ശൈത്യകാലത്തും വസന്തകാലത്തുമാണ് ഏറ്റവും കൂടുതല്‍ വ്യാപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.