ആശുപത്രി മാലിന്യ സംസ്കരണം: അടൂരിൽ ഇമേജ് പ്ലാന്റുമായി ഐ.എം.എ
text_fieldsപാലക്കാട്: ബയോമെഡിക്കൽ മാലിന്യ സംസ്കരണം ലക്ഷ്യമിട്ട് അടൂരിൽ ഇമേജ് മാലിന്യ സംസ്കരണ പ്ലാന്റ് പദ്ധതിയുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ). പാലക്കാട് മലമ്പുഴയില്‍ 26 ഏക്കറില്‍ പ്രവര്‍ത്തിക്കുന്ന ബയോമെഡിക്കല്‍ മാലിന്യ സംസ്കരണ പദ്ധതി വികേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പ്ലാന്റ്. പത്തനംതിട്ട ജില്ലയില്‍ അടൂര്‍ കേന്ദ്രമാക്കി മൂന്നര ഏക്കറിലാണ് രണ്ടാമത്തെ പ്ലാന്റ് വരുന്നത്. ഇതിനു വേണ്ടി സര്‍ക്കാര്‍ അനുമതി നേടിയെന്നും നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും ഐ.എം.എ ഭാരവാഹികള്‍ വ്യക്തമാക്കി.
നിലവില്‍ പാലക്കാട്ട് പ്രവര്‍ത്തിക്കുന്ന പ്ലാന്റില്‍ പ്രതിദിനം 55.8 ടണ്‍ ബയോമെഡിക്കല്‍ മാലിന്യമാണ് സംസ്കരിക്കുന്നത്. സംസ്ഥാന വ്യാപകമായി ആശുപത്രികളില്‍നിന്നുള്ള മുഴുവന്‍ മാലിന്യവും ഇപ്പോള്‍ പാലക്കാട്ടെ കേന്ദ്രത്തിലേക്കാണ് കൊണ്ടുവരുന്നത്. അടൂരിലെ പ്ലാന്റ് പ്രവര്‍ത്തനസജ്ജമാകുന്നതോടെ എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ആശുപത്രി മാലിന്യങ്ങള്‍ അവിടെ സംസ്കരിക്കാനാകും.
20,000ത്തിലേറെ സ്ഥാപനങ്ങളിലെ മാലിന്യമാണ് ഇമേജ് സംസ്കരിക്കാന്‍ ഏറ്റെടുക്കുന്നത്. 67 വാഹനങ്ങളും 700 ജീവനക്കാരും ഈ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എം.ബി.ബി.ആര് ടെക്നോളജി ഉപയോഗിച്ച് മാലിന്യം പുറന്തള്ളാതെ പ്രവര്‍ത്തിക്കുന്ന പ്ലാന്റാണ് പാലക്കാട്ടുള്ളത്. കോവിഡ് കാലത്ത് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍നിന്ന് 10,000 ടണ്‍ കോവിഡ് അനുബന്ധ മാലിന്യങ്ങളാണ് ഇമേജ് ഏറ്റെടുത്ത് സംസ്കരിച്ചത്. ഐ.എം.എ കേരള ഘടകത്തിന്റെ നിയന്ത്രണത്തില്‍ ചെയര്മാന് ഡോ. എബ്രഹാം വര്‍ഗീസ്, സെക്രട്ടറി ഡോ. കെ.പി. ഷറഫുദ്ദീന് എന്നിവരുടെ നേതൃത്വത്തിലുള്ള ഇമേജ് ഭരണസമിതിയുടെ നേതൃത്വത്തിലാണ് പ്ലാന്റിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.