രോഗീപരിചരണം സിറ്റി ക്ലിനിക് ഗ്രൂപ്പും വെല്ലൂർമെഡിക്കൽ കോളജും ധാരണ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ആതുര സേവന ദാതാക്കളായ സിറ്റി ക്ലിനിക് ഗ്രൂപ്പും വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജും (സി.എം.സി) ചികിത്സ സഹകരണ ധാരണയിലെത്തി. കുവൈത്തിൽനിന്ന് വിദഗ്ധ ചികിത്സക്കായി ഇന്ത്യയിലേക്കു പോകുന്ന രോഗികൾക്ക് ആവശ്യമായ എല്ലാ രേഖകളും നിയമനങ്ങളും മറ്റു സംവിധാനങ്ങളും വെല്ലൂരിലെ മെഡിക്കൽ വിദഗ്ധരുമായി കൂടിയാലോചിച്ച് സിറ്റി ക്ലിനിക് ഗ്രൂപ് മുഖേന ചെയ്തുകൊടുക്കുന്നതാണ് കരാർ.
1900ൽ ഡോ. ഐഡ സോഫിയ സ്കഡറാണ് വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജ് സ്ഥാപിച്ചത്. വിദ്യാഭ്യാസം, സേവനം, ഗവേഷണം എന്നിവയിലൂടെ രോഗീശുശ്രൂഷ എന്ന കാഴ്ചപ്പാടിലാണ് തുടക്കം. സ്പെഷാലിറ്റികളും സൂപ്പർ സ്പെഷാലിറ്റികളും ഒരു കുടക്കീഴിലുള്ള ത്രിതീയ പരിചരണ കേന്ദ്രമാണ് സി.എം.സി.
അന്താരാഷ്ട്രതലത്തിൽ മികച്ച പ്രവൃത്തിപരിചയമുള്ള ഡോക്ടർമാർ സി.എം.സിയുടെ പ്രത്യേകതയാണ്. പ്രതിദിനം പതിനായിരത്തോളം രോഗികളെ പരിശോധിക്കാനും മൂവായിരത്തോളം കിടത്തിചികിത്സ ബെഡ് സൗകര്യവും സി.എം.സിക്കുണ്ട്. സി.എം.സി ചികിത്സ ആവശ്യമുള്ള രോഗികൾക്ക് മിർഖാബ്, ഫഹാഹീൽ, മഹ്ബൂല, ഖൈത്താൻ എന്നിവിടങ്ങളിൽ സ്ഥിതിചെയ്യുന്ന സിറ്റി ക്ലിനിക് ശാഖകളെ സമീപിക്കാം. ഇവർക്കു വേണ്ട സൗകര്യങ്ങൾ ക്ലിനിക് ഒരുക്കും.
ആവശ്യമുള്ളവർക്ക് വിമാനത്താവളത്തിൽനിന്നുള്ള പിക്കപ്പും താമസവും സൗകര്യവും സി.എം.സി ടീം തയാറാക്കും. സി.എം.സി ചികിത്സ പൂർത്തിയാക്കി കുവൈത്തിലേക്ക് മടങ്ങുന്നവർക്ക് സിറ്റി ക്ലിനിക്കുകൾ വഴി തുടർചികിത്സയും ഫോളോഅപ്പും തുടരാം. സിറ്റി ക്ലിനിക് ഗ്രൂപ് മാനേജിങ് ഡയറക്ടർ കെ.പി. നൗഷാദിനെ പ്രതിനിധാനംചെയ്ത് സിറ്റി ക്ലിനിക് ഗ്രൂപ് കുവൈത്ത് സി.ഇ.ഒ ആനി വത്സൻ ക്രിസ്റ്റ്യൻ മെഡിക്കൽ കോളജ് വെല്ലൂർ ഡയറക്ടർ ഡോ. വിക്രം മാത്യു എന്നിവർ കരാറിൽ ഒപ്പുവെച്ചു. സി.എം.സി വെല്ലൂർ മെഡിക്കൽ സൂപ്രണ്ട് ഡോ. ഐ. രാജേഷ്, ഇരു സ്ഥാപനങ്ങളിലെയും മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്കായി രോഗികൾക്കോ അവരുടെ ബന്ധുക്കൾക്കോ +965 50003396/1880020 നമ്പറുകളിൽ ബന്ധപ്പെടാമെന്ന് സിറ്റി ക്ലിനിക് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.