എന്തൊരു ക്ഷീണം....!
text_fieldsവേനൽചൂട് കടുത്തതോടെ ഏറെയും ഉയർന്നുകേൾക്കുന്ന പരാതിയാണ് ശാരീരിക ക്ഷീണം. പ്രായമായവരിൽ ഇത് ഒരൽപം കൂടുതലായിരിക്കും. ശരീരത്തിലെ പേശികളുടെയും ആന്തരികാവയവങ്ങളുടെയും പ്രവർത്തനശേഷി കുറയുന്നതിനാൽ പ്രായം കൂടുന്നതിനനുസരിച്ച് ശാരീരിക ക്ഷീണം അനുഭവപ്പെടുന്നത് സ്വാഭാവികം. എന്നാൽ, ചിട്ടയായ ജീവിതശൈലിയിലൂടെയും ആരോഗ്യകരമായ ദിനകൃത്യങ്ങളിലൂടെയും ഇതിനെ മറികടക്കാനാവും. ഏതെങ്കിലും തരത്തിലുള്ള രോഗാവസ്ഥയുടെ ഭാഗമായോ, കഠിനമായ അധ്വാനത്തെ തുടർന്നോ അല്ലാതെ ഒരു വ്യക്തിക്ക് തുടർച്ചയായി ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിന് വൈദ്യസഹായം തേടേണ്ടതാണ്.
പൊതുവിൽ ക്ഷീണത്തിനുപിറകിൽ രണ്ട് തരത്തിലുള്ള കാരണങ്ങളാണ് കണ്ടുവരുന്നത്. ശാരീരികമായ കാരണങ്ങൾ മൂലമുണ്ടാവുന്ന ക്ഷീണവും (Organic reasons) ശാരീരികമായ കാരണങ്ങൾക്കൊണ്ടല്ലാതെയുണ്ടാവുന്ന ക്ഷീണവും (Unexplained Fatigue).
ചികിത്സാ രീതി
പ്രാഥമികമായി ക്ഷീണത്തിന്‍റെ അടിസ്ഥാനകാരണം കണ്ടെത്തുകയാണ് ചികിത്സയുടെ ആദ്യപടി. അണുബാധയുണ്ടെങ്കിൽ ആൻറിബയോട്ടിക്കുകളും, പ്രതിരോധശേഷി വർധിപ്പിക്കുന്ന മരുന്നുകളും, വിളർച്ചക്കും മറ്റും വൈറ്റമിൻ സപ്ലിമെന്‍റുകളും, ഹോർമോൺ തകരാറുകളുണ്ടെങ്കിൽ അവ പരിഹരിക്കാനുള്ള മരുന്നുകളും നൽകുകയാണ് സാധാരണ ചെയ്യുക.
ഉറക്ക തകരാറുകളുള്ളവർക്ക് ആവശ്യമുള്ള ചികിത്സയും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള മരുന്നുകളും നൽകും. മാനസിക പ്രശ്നമുള്ളവർക്ക് മനോരോഗ വിദഗ്ധന്റെ മേൽനോട്ടത്തിൽ ആവശ്യമായ ചികിത്സയാണ് നൽകേണ്ടത്.
ക്ഷീണം പലപ്പോഴും രോഗമല്ല, മറിച്ച് രോഗലക്ഷണമാണ്. അതുകൊണ്ടുതന്നെ രോഗനിർണയം നടത്തി ചികിത്സിക്കുകയാണ് യഥാർഥ പരിഹാര മാർഗം. ചികിത്സയോടൊപ്പം ജീവിതശൈലി ക്രമീകരിക്കാനുമുള്ള നിർദേശങ്ങളും പാലിക്കേണ്ടിവരും.
ക്ഷീണത്തിന്‍റെ കാരണങ്ങൾ
1. അമിതമായ വിയർപ്പും ആവശ്യത്തിന് ശുദ്ധജലം കുടിക്കാത്ത അവസ്ഥയുമാണ് വേനൽക്കാലത്തുണ്ടാവുന്ന ക്ഷീണത്തിന് പ്രധാനമായും കാരണം. വിയർപ്പിലൂടെ ജലാംശവും ലവണങ്ങളും നഷ്ടമാവുകയും ശരീരത്തിൽ നിർജലീകരണം സംഭവിക്കുകയും ചെയ്യുന്നതുകൊണ്ടാണിത്.
2. നിയന്ത്രണ വിധേയമല്ലാത്ത പ്രമേഹം മൂലം രക്തത്തിലെ പഞ്ചസാരയുടെ തോത് പരിധികടക്കുമ്പോഴും കടുത്ത ക്ഷീണം അനുഭവപ്പെടും. പ്രമേഹത്തിനുള്ള ശക്തിയേറിയ ചില മരുന്നുകളും ക്ഷീണത്തിന് കാരണമാവാറുണ്ട്. ഇത്തരം മരുന്നുകൾ കഴിച്ചശേഷം ഭക്ഷണം കഴിക്കാൻ താമസിച്ചുപോയാൽ രക്തത്തിലെ പഞ്ചസാര ക്രമാതീതമായി കുറയുന്നത് (ഹൈപോഗ്ലൈസീമിയ) കടുത്ത ക്ഷീണമുണ്ടാക്കും.
3. പ്രമേഹബാധിതരല്ലാത്തവരിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യാറുണ്ട്. ഇത് പ്രമേഹബാധക്ക് തൊട്ടുമുമ്പുള്ള ശാരീരികാവസ്ഥയാണ്.
ഇവരിൽ ഭക്ഷണം കഴിച്ചുകഴിഞ്ഞ് രണ്ടോ മൂന്നോ മണിക്കൂറുകൾ കഴിഞ്ഞാലും രാവിലെ എഴുന്നേറ്റാലുടനെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതായി കണ്ടുവരാറുണ്ട്. ഇവർ താമസിയാതെ പ്രമേഹബാധിതരാവാനുള്ള സാധ്യതയേറെയാണ്.
4. ക്ഷീണം അനുഭപ്പെടാനുള്ള മറ്റൊരുകാരണം തൈറോയ്ഡ് ഹോർമോണിന്‍റെ കുറവാണ്. തൈറോയ്ഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ടി-3, ടി-4 ഹോർമോണുകൾ കുറയുന്നതോടെ ‘ഹൈപ്പോ തൈറോയ്ഡിസം’ ബാധിച്ച് ശരീരത്തിന് ക്ഷീണം അനുഭവപ്പെടുന്നു. അലസത, വിഷാദരോഗം എന്നിവ ഇതിന്‍റെ ഫലമായുണ്ടാകുന്ന അവസ്ഥകളാണ്. ചർമം വരളുക, മുടി കൊഴിയുക എന്നിവയും ഇതോടൊപ്പം കണ്ടുവരാറുണ്ട്.
5. രക്തക്കുറവ് മൂലവും ക്ഷീണമുണ്ടാവാറുണ്ട്. പേഷകാഹാരക്കുറവ് മൂലമോ മറ്റ് രോഗങ്ങൾ കാരണമോ രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കുറയുന്ന അവസ്ഥയാണിത്.
6. പ്രായംചെല്ലുന്തോറും ആന്തരികാവയവങ്ങളായ ഹൃദയം, വൃക്കകൾ, ശ്വാസകോശം, കരൾ എന്നിവയുടെ പ്രവർത്തനങ്ങളിലുണ്ടാവുന്ന കുറവുമൂലവും ക്ഷീണം അനുഭവപ്പെടാം.
7. അർബുദം പോലെയുള്ള ഗുരുതരമായ രോഗങ്ങളുടെ ഭാഗമായും കടുത്ത ക്ഷീണം അനുഭവപ്പെടാറുണ്ട്.
ക്ഷീണത്തെ അതിജീവിക്കാം
പോഷകാഹാരങ്ങൾ കഴിക്കുകഎന്തൊരു ക്ഷീണം....!
ധാരാളം ശുദ്ധജലം കുടിക്കുക
കൃത്യസമയങ്ങളിൽ എട്ടു മണിക്കൂറെങ്കിലും ഉറങ്ങുക
ജോലിക്കിടയിൽ ആവശ്യത്തിന് വിശ്രമിക്കുക
ലഹരിവസ്തുക്കൾ പൂർണമായി ഒഴിവാക്കുക
ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ വിദഗ്ധ ഡോക്ടർമാരുടെ സഹായം തേടുക.
വേനൽചൂടിനെ നേരിടാം
1. ചൂടുള്ള കാലാവസ്ഥയിൽ സുഷിരങ്ങളുള്ള അയഞ്ഞ കോട്ടൻ വസ്ത്രങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുക.
2. ധാരാളം വെള്ളം കുടിക്കുന്നതോടൊപ്പം ഭക്ഷണത്തിൽ നാരുകൾ കൂടുതലുള്ള പച്ചക്കറികളും സാലഡുകളും ഉൾപ്പെടുത്തുകയും മത്സ്യ-മാംസങ്ങൾ കഴിയുന്നത്ര കുറക്കുകയും ചെയ്യുക.
3. പകൽ ചൂടുകൂടിയ സമയങ്ങളിൽ (11 മണിക്കും 3 മണിക്കും ഇടയിൽ) തുറസ്സായ സ്ഥലങ്ങളിലെ ജോലി ഒഴിവാക്കുക.
4. കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുക.
5. ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്താതിസമ്മർദം, വൃക്കരോഗങ്ങൾ, കരൾരോഗങ്ങൾ, ഹൃദയസംബന്ധമായ രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ എന്നിവയുള്ളവർക്ക് കൂടുതൽ ശ്രദ്ധയും ജാഗ്രതയും ആവശ്യമാണ്.
6. പ്രായമേറിയവർ, ഗർഭിണികൾ, കുട്ടികൾ എന്നിവരുടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധവേണം.
മറ്റ് കാരണങ്ങൾ
മാനസികമായ പ്രശ്നങ്ങൾമൂലം ഉറക്കം നഷ്ടമാവുമ്പോൾ. മനസ്സിൽ നിഷേധവികാരങ്ങൾ നിറയുമ്പോഴാണ് സാധാരണ അസ്വസ്ഥതകളും സമ്മർദങ്ങളും രൂപപ്പെടുക.
വിഷാദരോഗം, അമിതമായ ഉത്കണ്ഠ.
മയക്കുമരുന്നുകൾ, ലഹരി വസ്തുക്കൾ എന്നിവയുടെ ഉപയോഗം.
ചിലതരം മരുന്നുകളുടെ ഉപയോഗം. ആന്‍റിബയോട്ടിക്കുകൾ, രക്തസമ്മർദത്തിനുള്ള മരുന്നുകൾ, സ്റ്റിറോയിഡുകൾ, അലർജി രോഗങ്ങൾക്ക് കഴിക്കുന്ന ആന്‍റിഹിസ്റ്റമിൻ മരുന്നുകൾ, മാനസിക രോഗങ്ങൾക്കുള്ള മരുന്നുകൾ തുടങ്ങിയവ ക്ഷീണത്തിന് കാരണമാവാറുണ്ട്.
ശരീരത്തിലെ പോഷണങ്ങളുടെ കുറവുമൂലം. വൈറ്റമിൻ-ഡി, വൈറ്റമിൻ-ബി 12, ഇരുമ്പ് സത്ത്, ഫോളിക് ആസിഡ് എന്നിവയുടെ അപര്യാപ്തത ക്ഷീണത്തിന് കാരണമാകും.
(ലേഖകൻ കോഴിക്കോട്ടെ സീനിയർ കൺസൽട്ടന്‍റ് ഫിസിഷ്യനാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.