വാർധക്യത്തിന് വയസ്സെത്ര?
text_fieldsപ്രായം 40കളിലെത്തുമ്പോൾ തന്നെ വാർധക്യത്തിന്റെ ജരാനരകൾ വന്നുവിളിക്കുന്നതായി പരാതികൾ പലത് നാം കേട്ടിട്ടുണ്ടാകും. മനസ്സ് മടുത്തവന്റെ അനാവശ്യ ആധികളായി പക്ഷേ, അവയെ തള്ളാൻ വരട്ടെ. 44ാം വയസ്സിലും പിന്നെ 60ാം വയസ്സിലും ശരീരം സ്വാഭാവികമായി വാർധക്യത്തിലേക്ക് ചില വലിയ ചുവടുകൾ വെക്കുന്നുവെന്നാണ് പുതിയ കണ്ടെത്തൽ. ശരീരത്തിൽ തന്മാത്ര മാറ്റങ്ങൾ ഈ ഘട്ടത്തിൽ വലിയ തോതിൽ സംഭവിക്കുന്നുവെന്നും സ്റ്റാൻഫോഡ് യൂനിവേഴ്സിറ്റി ഗവേഷകർ പറയുന്നു. പ്രായം കൂടുന്നതിനനുസരിച്ച് ക്രമപ്രവൃദ്ധമായി രോഗസാധ്യതയും വർധിക്കുമെന്ന ഏറെയായുള്ള സങ്കൽപങ്ങളും അത്ര ശരിയാകണമെന്നില്ലെന്ന് ‘നേച്വർ ഏജീയിങ്’ ജേണലിൽ പുറത്തുവിട്ട പഠനം പറയുന്നു. യു.എസിൽ കാലിഫോർണിയ സ്വദേശികളായ 25നും 75നുമിടയിൽ പ്രായമുള്ള 108 പേരിൽ 1.7 വർഷമെടുത്താണ് ഗവേഷണം നടത്തിയത്. ഓരോ ആറു മാസത്തിലും ഇവരുടെ രക്തം, മലം, നാവിൽനിന്നും മൂക്കിൽനിന്നുമുള്ള സാമ്പിളുകൾ തുടങ്ങിയവ എടുത്തായിരുന്നു പരിശോധന.
പ്രായം 44ലും പിന്നീട്, 60ലും വേറിട്ട ജൈവിക പ്രക്രിയകളും തന്മാത്രകളും ഗവേഷകർ കണ്ടെത്തി. ശരീരത്തിന്റെ രോഗപ്രതിരോധം, കാർബോഡ്രൈറ്റുകളുടെ വിഘടനം എന്നിവയിൽ പ്രായം 60ലെത്തുമ്പോൾ മാറ്റം വരുന്നു. എന്നാൽ, ഹൃദ്രോഗങ്ങൾ, കൊഴുപ്പുള്ള വസ്തുക്കളുടെ വിഘടനം എന്നിവ 40ൽ തന്നെ വന്നുതുടങ്ങുന്നു. പാർകിൻസൺസ്, അൽഷൈമേഴ്സ് തുടങ്ങിയ രോഗങ്ങൾക്ക് 40, 65 വയസ്സുകളിൽ പ്രത്യേക മാറ്റങ്ങൾ വരുന്നതായി നേരത്തെ ഗവേഷണങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ, പഠനം പ്രത്യേക പ്രദേശം കേന്ദ്രീകരിച്ചായതിനാലും പരിശോധനക്കെടുത്ത സമയം ചെറുതായതിനാലും പരിമിതികളുണ്ടെന്നും ഗവേഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.