വേദന അളക്കുന്നതെങ്ങനെ?
text_fieldsഊഞ്ഞാലിൽനിന്ന് വീണ് കൈ പൊട്ടിയ മകനെയുമായി അമ്മ ആശുപത്രിയിലെത്തിയപ്പോൾ നഴ്സ്, ‘‘മോന്റെ വേദന, പൂജ്യം മുതൽ 10 വരെ സ്കെയിലിൽ എത്രാമത്തെ നമ്പറായിരിക്കും’’ എന്നു ചോദിക്കുന്നു. കരഞ്ഞുകൊണ്ടിരിക്കുന്ന പയ്യൻ, ‘‘10 എന്നാൽ എത്ര വേദനയാണമ്മേ?’’ എന്നു ചോദിക്കുന്നു. മറുപടിയും നഴ്സിന്റെതായിരുന്നു, ‘‘മോന് സങ്കൽപിക്കാൻ കഴിയുന്ന ഏറ്റവും വലിയ വേദന.’’ ‘‘എങ്കിൽ 10 ആണ് എന്റേത്’’ -മകന്റെ മറുപടി.
ഒരാൾക്കുണ്ടാകുന്ന വേദനയുടെ തീവ്രത അളക്കാനുള്ള ആഗോള സംവിധാനമായ ‘വേദന തീവ്രത അളവ് മാപിനി’ എത്രമാത്രം കാര്യക്ഷമമാണ്?
വേദന സ്കെയിൽ
ഏറ്റവും പ്രചാരമുള്ള വേദന സ്കെയിൽ സംവിധാനത്തിന് 50 വർഷം പഴക്കമുണ്ട്. വേദനയുടെ തീവ്രത അനുസരിച്ച് പൂജ്യം (വേദനയില്ലാത്ത അവസ്ഥ) മുതൽ 10 (അനുഭവിക്കാവുന്നതിൽ ഏറ്റവും വലിയ വേദന) വരെ നമ്പർ തെരഞ്ഞെടുത്താണ് ഇത് കണക്കാക്കുന്നത്. എത്രമാത്രം വേദന അനുഭവപ്പെടുന്നു, കൂടുന്നുണ്ടോ, ചികിത്സകൊണ്ട് കുറയുന്നുണ്ടോ എന്നെല്ലാം മനസ്സിലാക്കാൻ വേദന ട്രാക്കിങ് സ്കെയിൽ സഹായിക്കും. സ്കെയിലിൽ എട്ടിൽനിന്ന് നാലിലേക്ക് വന്നാൽ, ആശ്വാസമുണ്ട് എന്നാണർഥം. അതേസമയം, ‘നാല്’ എന്ന നമ്പറിൽ നിങ്ങൾക്ക് അനുഭവപ്പെടുന്ന തീവ്രത മറ്റൊരാൾക്ക് വ്യത്യസ്തമായിരിക്കാമെന്നുമാത്രം.
‘ഏറ്റവും കൂടിയ വേദന’
ഏറ്റവും കൂടിയ വേദന എല്ലാവർക്കും ഒരുപോലെ ആയിരിക്കുമോ? അല്ലെന്നാണ് ഗവേഷകർ പറയുന്നത്. കുട്ടികൾ പോലും വേദനയെപ്പറ്റി ചിന്തിക്കുന്നത് വ്യക്തിഗതമായാണെന്ന് പഠനങ്ങൾ പറയുന്നു. ഓരോരുത്തരും അവരുടെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിലായിരിക്കും വേദനക്ക് റേറ്റിങ് നടത്തുക. അതായത്, മുമ്പ് വലിയ മുറിവൊന്നും ഉണ്ടായിട്ടില്ലാത്ത ഒരാൾ, ഇപ്പോഴത്തെ വേദനക്ക് ഉയർന്ന റേറ്റിങ് നടത്തിയേക്കാം. എന്നാൽ, നേരത്തേ വലിയ വേദന അനുഭവിച്ചവർ ഇപ്പോൾ അത്ര കൂടിയ റേറ്റിങ് നൽകിക്കൊള്ളണമെന്നില്ല.
വേദന കണക്കാക്കുന്നതെങ്ങനെ?
ഒരാളുടെ വേദന റേറ്റ് ചെയ്യുമ്പോൾ, ദൈനംദിന പ്രവർത്തനങ്ങളെ അത് എത്രത്തോളം ബാധിക്കുന്നു, എത്ര ക്ഷീണിപ്പിക്കുന്നു, മാനസിക നിലയെ ബാധിക്കുന്നുവോ എന്നീ കാര്യങ്ങൾ കൃത്യമായി സ്വാധീനിക്കും. രോഗിയുടെ പ്രായം, ലിംഗം, സാംസ്കാരിക-ഭാഷ പശ്ചാത്തലം, വിദ്യാഭ്യാസം എന്നിവയും സ്വാധീനിക്കുന്നു.
ചികിത്സകനും രോഗിയും വ്യത്യസ്ത ഭാഷയാണ് സംസാരിക്കുന്നതെങ്കിൽ ഇത് സ്വാധീനിക്കും.
എന്തു ചെയ്യണം?
വേദന സ്കെയിൽ രോഗിക്ക് സമയമെടുത്ത് വിവരിച്ച് നൽകണം.
നമ്പറിന്റെ പിന്നിലെ കഥ കേൾക്കണം. ഒരേ നമ്പർ പലർക്കും പല വേദനയാണ്.
കൂടുതൽ പ്രഫഷനലായ വിലയിരുത്തലിനുള്ള അടിസ്ഥാന മാനദണ്ഡമായി മാത്രം റേറ്റിങ്ങിനെ കാണുക.
രോഗി, സ്കെയിൽ അനുസരിച്ച് റേറ്റ് ചെയ്യുകയാണെങ്കിൽ സാഹചര്യവും ചികിത്സകനോട് വിശദീകരിക്കണം.
വേദനയുടെ സ്വഭാവവും (കുത്തുന്ന വേദന, പൊള്ളുന്ന വേദന തുടങ്ങിയവ) മുൻ വേദനകളുമായി താരതമ്യവും പരിഗണിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.