വ്യാജ ചികിത്സകർ പെരുകുന്നു; കുടുക്കാൻ ‘നമ്പറു’മായി ഡോക്ടർമാരുടെ സംഘടന
text_fieldsപാലക്കാട്: സംസ്ഥാനത്ത് ആധുനിക വൈദ്യശാസ്ത്രശാഖയിൽ നിശ്ചിത യോഗ്യതയില്ലാത്ത നൂറുകണക്കിന് വ്യാജ ഡോക്ടർമാർ. അനധികൃത ചികിത്സകരെക്കൊണ്ട് പൊറുതിമുട്ടി പ്രത്യേക സെൽ (ക്വാക്ക് സെൽ) രൂപവത്കരിച്ച് വ്യാജന്മാരെക്കുറിച്ച് വിവരം നൽകാൻ ഫോൺ നമ്പർ പ്രസിദ്ധപ്പെടുത്തി പ്രചാരണത്തിലാണ് ആധുനിക വൈദ്യ-ചികിത്സ രംഗത്തെ സംഘടനയായ ജനറൽ പ്രാക്ടീഷനേഴ്സ് അസോസിയേഷൻ (ജി.പി.എ). ഫോൺനമ്പർ പ്രസിദ്ധപ്പെടുത്തി സമൂഹ മാധ്യമങ്ങളിൽ നടത്തിയ പ്രചാരണത്തിൽ ഒരാഴ്ചക്കിടെ എത്തിയത് 15 പരാതികൾ. മിക്ക ജില്ലകളിൽനിന്നും പരാതികളെത്തി.
കേരളത്തിൽ ആധുനിക വൈദ്യശാസ്ത്രത്തിൽ ചികിത്സകരാകാൻ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ആവശ്യമാണ്. മറ്റു സംസ്ഥാനങ്ങളിലോ രാജ്യങ്ങളിലോ മെഡിസിൻ പഠിച്ചവർക്ക് പോലും മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നമ്പർ വേണമെന്നാണ് ചട്ടം.
വിദേശങ്ങളിൽ കോഴ്സ് കഴിഞ്ഞ ശേഷം സംസ്ഥാനത്ത് ചികിത്സിക്കുന്നതിനു മുമ്പ് ഫോറിൻ ഗ്രാജ്വേറ്റ് മെഡിക്കൽ എക്സാം പാസാകണം. തുടർന്ന് ഒരു വർഷം ഇന്റേൺഷിപ്പും ചെയ്താൽ മാത്രമാണ് അംഗത്വം ലഭിക്കുക. ഇത്തരത്തിൽ രജിസ്ട്രഷൻ എടുക്കാത്ത ചികിത്സകർ ഏറെയാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വെളിവാകുന്നതെന്ന് ജി.പി.എ ജനറൽ സെക്രട്ടറി ഡോ. ആഷിക് ബഷീർ ‘മാധ്യമ’ത്തോട് പറഞ്ഞു.
യോഗ്യതയില്ലാത്ത ബിരുദക്കാർ മുതൽ കോവിഡ് മഹാമാരിയിൽ യുക്രെയിനിൽനിന്ന് മെഡിക്കൽ പഠനം ഉപേക്ഷിച്ച് വന്നവർ വരെ വ്യാജ ചികിത്സകരായി ജനങ്ങളെ കബളിപ്പിക്കുകയാണെന്നാണ് പരാതികളുടെ സ്വഭാവം വെളിപ്പെടുത്തുന്നത്. ഒ.പിയിൽ ചികിത്സിക്കുന്നവർ മുറിക്കുള്ളിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കണമെന്നാണ് നിയമം. കുറിപ്പടിയിൽ ഒപ്പും പേരും മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നമ്പറും വേണം. ഇവ ഒഴിവാക്കിയോ വ്യാജ രജിസ്ട്രേഷൻ നമ്പറിട്ടോ ചികിത്സിക്കുന്നവരെ സംബന്ധിച്ച പരാതികൾ സംഘടനക്ക് ലഭിച്ചിട്ടുണ്ട്.
എം.ബി.ബി.എസ് യോഗ്യത ഇല്ലാത്തവർ, ആധുനിക ചികിത്സ ചെയ്യുന്ന മറ്റു വൈദ്യവിഭാഗത്തിലുള്ളവർ, പഠനം പൂർത്തിയാക്കിയിട്ടും രജിസ്ട്രേഷൻ ഇല്ലാത്തവർ, പരീക്ഷ പാസാകാത്തവർ, മെഡിക്കൽ വിദ്യാർഥികൾ എന്നീ ഗണത്തിൽപ്പെടുന്ന ചികിത്സകരെപ്പറ്റി പരാതികൾ നിരവധിയാണ്. സാമ്പത്തിക ലാഭത്തിനായി ആശുപത്രി മാനേജ്മെന്റ് അറിഞ്ഞുകൊണ്ട് നിശ്ചിത യോഗ്യതയില്ലാത്തവരെ നിയമിക്കുന്നുമുണ്ട്. ഇതും എതിർക്കപ്പെടേണ്ടതുണ്ടെന്ന് ആഷിക് ബഷീർ പറഞ്ഞു.
വ്യാജ ചികിത്സകരുടെ വിവരങ്ങൾ സമാഹരിച്ച് മുഖ്യമന്ത്രി, ആരോഗ്യ -പൊലീസ് മേധാവികൾ, മെഡിക്കൽ കൗൺസിൽ എന്നിവർക്ക് തുടർനടപടിക്കായി സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ക്വാക്ക് സെൽ ഫോൺ: 77365 93003.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.