നേരത്തേ ഉറങ്ങി, കാലത്തേ ഉണർന്നാൽ...
text_fieldsരാവിലെ നേരത്തേ എഴുന്നേറ്റാൽ മൊത്തത്തിൽ ഒരു ‘പോസിറ്റീവ് വൈബ്’ ആണെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ, നേരത്തേ എഴുന്നേൽക്കാൻ നേരത്തേ ചില പദ്ധതികൾ തയാറാക്കണം. വൈകുന്നേരം മുതൽ പ്ലാനിങ് വേണമെന്ന് ചുരുക്കം.
ഉറക്കത്തിന്റെ സമയം കൃത്യമായി ആസൂത്രണം ചെയ്താൽ എഴുന്നേൽക്കാനും ഉഷാറുണ്ടാകും. അധികം വൈകാതെ, നിശ്ചിത സമയത്ത് ഉറങ്ങിയാൽ നേരത്തേ എഴുന്നേൽക്കാം.
ഉറക്കത്തിന് മുമ്പ് ഫോണിൽ കുത്തി സമയം ചെലവഴിച്ചാൽ എഴുന്നേൽക്കൽ അൽപം വൈകും. കമ്പ്യൂട്ടറും ടി.വിയും ഈ സമയത്ത് വേണ്ട. ഫോണിന്റെയും മറ്റും നീലവെളിച്ചം സ്ഥിരമായി ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോനിൻ എന്ന ഹോർമോണിന്റെ ഉൽപാദനം കുറയ്ക്കും. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പേ ഫോണെല്ലാം മാറ്റിവെക്കണം.
ഉറങ്ങാൻ പോകുന്നതിന് മുമ്പ് മനസ്സും ശരീരവും ശാന്തമായിരിക്കണം. പെട്ടെന്നുള്ളതും തുടർച്ചയായുള്ളതുമായ ഉറക്കത്തിന് ശാന്തതയാണ് ‘മരുന്ന്’. ശ്വസന വ്യായാമങ്ങളടക്കം സമ്മർദവും ഉത്കണ്ഠയും കുറയ്ക്കും.
മികച്ച ഉറക്കത്തിന് മികച്ച സാഹചര്യങ്ങളും വേണം. കിടപ്പുമുറി ശാന്തമായിരിക്കണം. നല്ല കിടക്കയും തലയണവും ശരീരത്തിനും ഉറക്കത്തിനും സഹായമേകുന്ന ഘടകമാണ്. ഉറക്കം തടസ്സപ്പെടാതിരിക്കാൻ വെളിച്ചം മുറിയിലേക്ക് എത്താതിരിക്കാനും ശ്രമിക്കണം. സുഖകരമായ ഇത്തരം സാഹചര്യങ്ങൾ രാവിലെ നവോന്മേഷമേകും.
രാത്രി വയറ് നിറച്ച് കഴിച്ചാൽ രാവിലെ എഴുന്നേൽക്കാൻ ബുദ്ധിമുട്ടാകും. കൊഴുപ്പും പഞ്ചസാരയും കഫീനും കൂടുതലുള്ള ഭക്ഷണം ഉറങ്ങുന്നതിന് മുമ്പ് ഒഴിവാക്കണം. കാപ്പി, ചായ, സോഡ എന്നിവ ഉറക്കം വരാൻ തടസ്സമാകും. ഹെർബൽ ടീയാണ് വിദഗ്ധർ നിർദേശിക്കുന്നത്. എളുപ്പം ദഹിക്കുന്നവ കഴിക്കാൻ ശീലമാക്കുക. മദ്യപാനമടക്കമുള്ള ദുശ്ശീലങ്ങളും പുലർച്ച എഴുന്നേൽക്കുന്നതിന് തടസ്സമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.