ശൈത്യകാലമായി; കൊതുകേ കടിക്കരുതേ...
text_fieldsദോഹ: രാജ്യം ശൈത്യകാലത്തിലേക്ക് പ്രവേശിച്ചിരിക്കെ ആരോഗ്യ സംരക്ഷണത്തിൽ മുന്നറിയിപ്പുമായി മന്ത്രാലയം ഹമദ് മെഡിക്കൽ കോർപറേഷനും പി.എച്ച്.സി.സിയും. തണുപ്പ് കാലത്ത് കൊതുകുകൾ പെരുകുന്നതും കൊതുകുകടി മൂലമൂള്ള രോഗങ്ങൾ പടരുന്നതും ഒഴിവാക്കാൻ ആവശ്യമായ മാർഗനിർദേശങ്ങളും ഇതോടൊപ്പം അധികൃതർ മുന്നോട്ടുവെച്ചു.
ശൈത്യകാലമടുക്കുകയും മഴക്കാലം ആരംഭിക്കുകയും ചെയ്യുമ്പോൾ കൊതുകുകളുടെ വ്യാപനം വർധിക്കുന്നുവെന്നും ജലസേചന വെള്ളം, എയർ കണ്ടീഷനിങ് യൂനിറ്റുകളിൽ നിന്നുള്ള വെള്ളം ശേഖരിക്കുന്ന സ്ഥലങ്ങൾ, കൊതുകുകൾക്ക് പെരുകാൻ കഴിയുന്ന മറ്റ് ജലാശയങ്ങൾ എന്നിവയുൾപ്പെടെ കെട്ടിക്കിടക്കുന്ന വെള്ളത്തിന് സമീപമുള്ള പ്രദേശങ്ങളിൽ കൊതുകുകളെ കൂടുതലായി കാണപ്പെടുന്നുവെന്നും രോഗങ്ങൾ പരത്താൻ കഴിയുന്ന തരത്തിലുള്ള കൊതുകുകൾ ഇവയുടെ കൂട്ടത്തിലുണ്ടാകുമെന്നും പൊതുജനം മുൻകരുതലുകൾ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി.
കൊതുകുകടി ഒഴിവാക്കാനും അവയുടെ വ്യാപനം തടയാനുമായി മന്ത്രാലയം പുറത്തിറക്കിയ പൊതുനിർദേശങ്ങൾ താഴെ പറയുന്നു.
•പാർക്കുകളും പൂന്തോട്ടങ്ങളും പോലുള്ള തുറസ്സായ സ്ഥലങ്ങളിൽ കൊതുകിനെ അകറ്റുന്ന സ്പ്രേ അല്ലെങ്കിൽ ക്രീം ഉപയോഗിക്കുക.
•പുറത്തിറങ്ങുമ്പോൾ കൈയും കാലും മറയുന്ന നീളൻ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക.
•വീട്ടിൽ ജനലുകളും വാതിലുകളും കഴിയുന്നത്ര അടച്ചിടുക. വായുസഞ്ചാരത്തിനായി തുറക്കുകയാണെങ്കിൽ വിൻഡോകളിൽ സംരക്ഷണ സ്ക്രീനുകൾ സ്ഥാപിക്കുക.
•ബക്കറ്റുകളിലും വീടിനകത്തും പുറത്തും പൂച്ചട്ടികളിലും നീന്തൽക്കുളങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക.
•വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള പഴയ ടയറുകൾ പോലുള്ള ഖരമാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കുക.
•എല്ലാ വീടുകളിലെയും ജല സംഭരണികളും ഒഴിഞ്ഞ പാത്രങ്ങളും കെട്ടിക്കിടക്കുന്ന വെള്ളമുള്ള പൂച്ചട്ടികളും ആഴ്ചയിൽ ഒരിക്കലെങ്കിലും മൂടിവെക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.