സംസ്ഥാനത്ത് എലിപ്പനി മരണത്തിൽ വൻ വർധന
text_fieldsതൃശൂർ: സംസ്ഥാനത്ത് എലിപ്പനി മരണങ്ങളിലും വൻ വർധന. 2023ൽ ഇതുവരെ 13 എലിപ്പനി മരണങ്ങളാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. രോഗം സംശയിക്കപ്പെടുന്ന 16 മരണങ്ങളുമുണ്ടായതായി ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷങ്ങളേക്കാൾ കൂടിയ നിരക്കാണിത്.
സംശയിക്കപ്പെട്ടതുൾപ്പെടെ 531 എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത് 210 എണ്ണമാണ്. 2021ലെ ആദ്യ രണ്ട് മാസങ്ങളിൽ 186 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ ആറുപേർ മാത്രമാണ് മരിച്ചത്. 2022ൽ 216 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ അഞ്ചുപേർ മരിച്ചു. ഈ വർഷം സംശയകരമായ എലിപ്പനി കേസുകളിൽ പലതിലും പരിശോധനഫലം എത്തിയിട്ടില്ല. ഈ വർഷത്തെ നാലു മരണങ്ങൾ കോഴിക്കോടാണ്. തൃശൂരിൽ മൂന്നുപേരും കൊല്ലത്ത് രണ്ടുപേരും തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തരും മരിച്ചു.
തിരുവനന്തപുരം -34, ആലപ്പുഴ -25, കോഴിക്കോട് -25, വയനാട് -24 എന്നിവയാണ് ഈ വർഷം കൂടുതൽ കേസുകളുള്ള ജില്ലകൾ. ഫെബ്രുവരി 16നു ശേഷം സംസ്ഥാനത്ത് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്ത 37 കേസുകളിൽ രണ്ടുപേർ മരിച്ചു. ആലപ്പുഴയിലും കോഴിക്കോടുമായിരുന്നു ഈ മരണങ്ങൾ. മുൻ വർഷത്തെ അപേക്ഷിച്ച് സ്ഥിരീകരിക്കപ്പെട്ട എലിപ്പനി കേസുകൾ കുറഞ്ഞിട്ടുണ്ടെങ്കിലും സംശയിക്കപ്പെടുന്നവയിൽ വൻ വർധനയുണ്ടായതായുള്ള ഔദ്യോഗിക വിശദീകരണവും റിപ്പോർട്ടിലുണ്ട്.
എലി, കന്നുകാലികൾ, നായ്, പന്നി, കുറുക്കൻ, ചിലയിനം പക്ഷികൾ എന്നിവയാണ് എലിപ്പനി രോഗവാഹകർ. കൈകാലുകളിലെ മുറിവുകൾ, കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെയാണ് എലിപ്പനി രോഗാണു ശരീരത്തിലെത്തുന്നത്.
1,03,445 പനി ബാധിതർ
തൃശൂർ: ഫെബ്രുവരി 15 മുതൽ മാർച്ച് വരെ 1,03,445 പേരാണ് പനി ബാധിതരായതെന്നാണ് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്ക്. 90 പേർക്ക് ഡെങ്കിപ്പനി ബാധിക്കുകയും ഒരാൾ മരിക്കുകയും ചെയ്തു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പനി ബാധിതർ ഈ വർഷം കൂടിവരുന്നുണ്ട്. മലപ്പുറം ജില്ലയിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. കോഴിക്കോട്, കണ്ണൂർ ജില്ലകളാണ് തൊട്ടുപിറകിൽ. ഡെങ്കി കേസുകളും കഴിഞ്ഞ വർഷത്തേക്കാൾ വർധിച്ചു. എറണാകുളത്ത് 36 കേസുകളുണ്ടായി.
തിരുവനന്തപുരം -21, ആലപ്പുഴ -ഒമ്പത് എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ എണ്ണം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മലേറിയയും ഹെപ്പറ്റൈറ്റിസും കൂടി. ആകെ ഒമ്പത് കേസുകളിൽ തൃശൂരിൽ നാല് മലേറിയ കേസുകളുണ്ടായി. 14 കേസുകളിൽ കോഴിക്കോട്ട് ആറും മലപ്പുറത്ത് അഞ്ചും കേസുകൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.