ഫെബ്രുവരി 15നകം മൂന്നാം തരംഗമെന്ന് പഠനം
text_fieldsചെന്നൈ: ഫെബ്രുവരി ഒന്നിനും 15നും ഇടക്ക് കോവിഡ് മൂന്നാം തരംഗം രൂക്ഷമായേക്കുമെന്ന് മദ്രാസ് ഐ.ഐ.ടി പഠന റിപ്പോർട്ട്. ഐ.ഐ.ടി മാത്തമാറ്റിക്സ് വിഭാഗവും സെന്റർ ഓഫ് എക്സലൻസ് ഫോർ കമ്പ്യൂട്ടേഷനൽ മാത്തമാറ്റിക്സ് ആൻഡ് ഡേറ്റ സയൻസും ചേർന്ന് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നിഗമനം. കോവിഡ് ആർ വാല്യുവിന്റെ അടിസ്ഥാനത്തിലാണ് പഠനം. പകർച്ച വ്യാപന സാധ്യത, സമ്പർക്ക പട്ടിക, രോഗം പകരാനുള്ള ഇടവേള എന്നിവയുടെ അടിസ്ഥാനത്തിലാണ് ആർ വാല്യു കണക്കാക്കുന്നത്.
രോഗബാധിതനായ ഒരാളിൽനിന്ന് എത്രപേർക്ക് രോഗം പടരുമെന്നതാണ് ആർ മൂല്യം. പ്രാഥമിക വിശകലനത്തിൽ ആർ മൂല്യം ഉയർന്ന നിലയിലാണ്. ഡിസംബർ 25 മുതൽ 31വരെ ഇത് 2.5 ആയിരുന്നു. ജനുവരി നാല് മുതൽ ആറ് വരെ ഇത് നാലായി. ആർ വാല്യു ഒന്നിന് താഴെയെത്തിയാൽ മാത്രമെ രോഗവ്യാപനം അവസാനിച്ചുവെന്ന് കണക്കാക്കാൻ കഴിയൂ. കോവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കിയാൽ ക്രമേണ ആർ മൂല്യം കുറഞ്ഞേക്കും.
കോവിഡ് മരണങ്ങൾ ആറിരട്ടിയാകാം
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതിലും ആറിരട്ടിയാകാമെന്ന് പഠനം. 4,83,178 കോവിഡ് മരണങ്ങളാണ് ഇന്ത്യയിൽ ഇതുവരെ ഔദ്യോഗികമായി രേഖപ്പെടുത്തിയത്. സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഇത് 3.2 ദശലക്ഷം ആയേക്കാമെന്നാണ് പറയുന്നത്. ഇന്ത്യ, കാനഡ, യു.എസ് എന്നിവിടങ്ങളിലെ ഗവേഷകസംഘമാണ് പഠനം നടത്തിയത്.
കഴിഞ്ഞ വർഷം ഏപ്രിലിനും ജൂണിനുമിടയിൽ ഏകദേശം 2.7 ദശലക്ഷം മരണങ്ങൾ സംഭവിച്ചതായാണ് പഠനം പറയുന്നത്. 1.40 ലക്ഷം പേരിൽനിന്നും ലഭിച്ച വിവരങ്ങളും സർക്കാറിന്റെ ഹെൽത്ത് മാനേജ്മെന്റ് ഇൻഫർമേഷൻ വഴി രണ്ടുലക്ഷം ആശുപത്രികളിൽ റിപ്പോർട്ട് ചെയ്ത മരണങ്ങളും 10 സംസ്ഥാനങ്ങളിലെ സിവിൽ രജിസ്ട്രേഷൻ സിസ്റ്റത്തിൽ രേഖപ്പെടുത്തിയ മരണങ്ങളുടെയും കണക്കാണ് പഠനത്തിന് ഉപയോഗിച്ചത്. ഗ്രാമപ്രദേശങ്ങളിലാണ് മരണസംഖ്യ കൂടുതൽ. കോവിഡിനെ തുടർന്നുണ്ടായ പല മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പഠനം പറയുന്നത്.
മുംബൈയിൽ 68 സി.ബി.ഐ ഉദ്യോഗസ്ഥർക്ക് കോവിഡ്
മുംബൈ: മുംബൈയിൽ ശനിയാഴ്ച 68 സി.ബി.ഐ ഉദ്യോഗസ്ഥരടക്കം 20,138 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചു പേരാണ് മരിച്ചത്. ബാന്ദ്ര കുർള കോംപ്ലക്സിലെ സി.ബി.ഐ കാര്യാലയത്തിലെ ജീവനക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. സി.ബി.ഐ അപേക്ഷയെത്തുടർന്ന് 235 പേരെ മുംബൈ നഗരസഭ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. രോഗബാധിതർ അവരവരുടെ വീടുകളിൽ ക്വാറന്റീനിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.