ഹെപ്പറ്റൈറ്റിസ് ബാധയിൽ ചൈനക്ക് പിന്നാലെ ഇന്ത്യ: ഹെപ്പറ്റൈറ്റിസ് ബി, സി കാരണം ആഗോളതലത്തിൽ പ്രതിദിനം 3,500 പേർ മരിക്കുന്നു...
text_fieldsജനീവ: ഹെപ്പറ്റൈറ്റിസ് ബി, സി വൈറസ് ബാധിതരുടെ എണ്ണം ഏറ്റവും കൂടുതലുള്ള രാജ്യം ചൈനയാണ്. രണ്ടാമത്തെ രാജ്യം ഇന്ത്യയാണെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) പറയുന്നു. ഹെപ്പറ്റൈറ്റിസ് ബി. ബാധിച്ച 2.98 കോടിപ്പേരും സി. ബാധിച്ച 55 ലക്ഷംപേരുമാണ് ഇന്ത്യയിലുള്ളത്. ഒന്നാം സ്ഥാനത്തുള്ള ചൈനയിൽ 8.3 കോടി രോഗികളാണുള്ളത്.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ ലോകാരോഗ്യ സംഘടനയുടെ 2024 ലെ ഗ്ലോബൽ ഹെപ്പറ്റൈറ്റിസ് റിപ്പോർട്ട് അനുസരിച്ച്, 2022 ൽ ആഗോളതലത്തിൽ 254 ദശലക്ഷം പേർ ഹെപ്പറ്റൈറ്റിസ് ബിയും 50 ദശലക്ഷം ഹെപ്പറ്റൈറ്റിസ് സിയും ബാധിച്ചവരാണ്.
കരളിനെ ഗുരുതരമായി ബാധിക്കുന്ന രോഗം മരണത്തിനുവരെ കാരണമായേക്കാം. 2022-ലെ കണക്കുപ്രകാരം ആഗോളതലത്തിൽ 25.4 കോടിപേർക്കാണ് ഹെപ്പറ്റൈറ്റിസ് ബി. ബാധയുള്ളത്. അഞ്ചുകോടി ഹെപ്പറ്റൈറ്റിസ് സി. ബാധിതരുമുണ്ട്.
എ, ബി, സി, ഡി, ഇ എന്നിങ്ങനെ അഞ്ച് പ്രധാന ഹെപ്പറ്റൈറ്റിസ് വൈറസുകളാണുള്ളത്. ഇവയെല്ലാം കരൾ രോഗത്തിന് കാരണമാകുമെങ്കിലും, പകരുന്ന രീതികൾ, രോഗത്തിൻ്റെ തീവ്രത, പ്രതിരോധം എന്നിവ വ്യത്യസ്തമാണ്.
187 രാജ്യങ്ങളിൽ നിന്നുള്ള പുതിയ കണക്ക് അനുസരിച്ച് വൈറൽ ഹെപ്പറ്റൈറ്റിസ് മൂലമുള്ള മരണങ്ങളുടെ എണ്ണം 2019-ൽ 1.1 ദശലക്ഷത്തിൽ നിന്ന് 2022-ൽ 1.3 ദശലക്ഷമായി ഉയർന്നിരിക്കയാണ്. ഇതിൽ 83ശതമാനവും ഹെപ്പറ്റൈറ്റിസ് ബി മൂലമാണ് 17ശതമാനം ഹെപ്പറ്റൈറ്റിസ് സി മൂലവുമാണ്. ഹെപ്പറ്റൈറ്റിസ് ബി, സി അണുബാധകൾ കാരണം ആഗോളതലത്തിൽ പ്രതിദിനം 3,500 പേർ മരിക്കുന്നുണ്ടെന്ന് ലോക ഹെപ്പറ്റൈറ്റിസ് ഉച്ചകോടിയിൽ പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.