'ഒമൈക്രോണ്' ഭീതിയുടെ വകഭേദം: ഇന്ത്യയും കരുതൽ നിയന്ത്രണങ്ങളിലേക്ക്
text_fieldsന്യൂഡൽഹി: ലോകത്തെ വീണ്ടും ഭീതിയിലാക്കി കോവിഡ് വൈറസിെൻറ 'ഒമൈക്രോൺ വകഭേദം'. കൂടുതൽ അപകടകാരിയെന്ന് ആശങ്ക ഉയർത്തിക്കഴിഞ്ഞ വകഭേദത്തെ ലോകാരോഗ്യ സംഘടന, 'അതിവ്യാപനശേഷിയുള്ള, ആശങ്ക ഉളവാക്കുന്ന വൈറസ് വകഭേദം എന്നവിഭാഗത്തിൽ പെടുത്തിയിരിക്കുകയാണ്. ബി.1.1.529 എന്ന ഈ വകഭേദത്തിന് ഒമൈക്രോൺ എന്നാണ് ലോകാരോഗ്യ സംഘടന കഴിഞ്ഞദിവസം പേരു നൽകിയത്.
ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ വകഭേദം ഭൂരിഭാഗം ഭൂഖണ്ഡങ്ങളിലും സാന്നിധ്യമറിയിച്ചതോടെ ലോകരാജ്യങ്ങൾ യാത്രനിരോധനവും നിയന്ത്രണവും കൊണ്ടുവന്നുതുടങ്ങി. ഒമൈക്രോൺ കോവിഡ് വകഭേദത്തെക്കുറിച്ച ആഗോള ആശങ്കകൾ മുൻനിർത്തി ഇന്ത്യ കരുതൽ നിയന്ത്രണങ്ങളിലേക്ക് നീങ്ങി.
ഡിസംബർ 15ന് അന്താരാഷ്ട്ര വിമാന സർവിസുകൾ പഴയപടി പുനരാരംഭിക്കാനുള്ള നീക്കം പുനഃപരിശോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചു. മറ്റു രാജ്യങ്ങളിൽനിന്ന് വരുന്ന യാത്രക്കാരുടെ നിരീക്ഷണ, പരിശോധന നടപടികൾ വിമാനത്താവളങ്ങളിൽ ശക്തമാക്കും.
ഡൽഹി, മുംബൈ, അഹ്മദാബാദ് നഗരങ്ങൾ കൂടുതൽ ജാഗ്രതയിലാണ്. തയാറെടുപ്പുകൾ വിലയിരുത്താൻ ഡൽഹിയിൽ തിങ്കളാഴ്ച ദുരന്തകാര്യ നിർവഹണ അതോറിറ്റിയുടെ യോഗം വിളിച്ചു. ഒമൈക്രോൺ കണ്ടെത്തിയ രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾ അടിയന്തരമായി വിലക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കാൻ പ്രധാനമന്ത്രി വിളിച്ച മുതിർന്ന ഉദ്യോഗസ്ഥരുടെ അവലോകന യോഗം നിർദേശിച്ചു. നിരീക്ഷണവും പരിശോധനയും മാസ്ക് ധരിക്കൽ, ആളകലം പാലിക്കൽ തുടങ്ങിയ സാമൂഹിക സുരക്ഷ മാർഗനിർദേശങ്ങളും ശരിയായ രീതിയിൽ നടക്കുന്നുവെന്ന് സംസ്ഥാനങ്ങൾ ഉറപ്പുവരുത്തണം. കാബിനറ്റ്, ആഭ്യന്തര, ആരോഗ്യ സെക്രട്ടറിമാരും കോവിഡ് ദൗത്യസേന മേധാവിയും പെങ്കടുത്ത യോഗമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്നത്. യൂറോപ്പിലും മറ്റും കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതു കണക്കിലെടുത്ത് ആശുപത്രികളിൽ ഓക്സിജൻ, വെൻറിലേറ്റർ സൗകര്യങ്ങൾ സജ്ജമാക്കണം.
വിമാനത്താവളങ്ങളിൽ വന്നിറങ്ങുന്ന അന്താരാഷ്ട്ര യാത്രക്കാരിൽനിന്ന് ജീനോം സീക്വൻസിങ് സാമ്പ്ൾ ശേഖരിച്ച് പരിശോധന നടത്തണം. രണ്ടാം ഡോസ് വാക്സിനെടുക്കുന്നതിൽ അലംഭാവം പാടില്ല. മഹാമാരി കടന്നുപോയിട്ടില്ലെന്ന തിരിച്ചറിവോടെ സാമൂഹിക അകലത്തിെൻറ ജാഗ്രതനിർദേശങ്ങൾ കാര്യക്ഷമമായി നടപ്പാക്കണമെന്ന് ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.