എച്ച്3എൻ2 വൈറസ് ബാധിച്ച് രണ്ടു മരണം, ഇന്ത്യയിൽ ആദ്യം
text_fieldsന്യൂഡൽഹി: എച്ച്3എൻ2 വൈറസ് ബാധിച്ച് രണ്ട് മരണം. ഒരാൾ കർണാടകയിലും ഒരാൾ ഹരിയാനയിലുമാണ് മരിച്ചത്. കർണാടകയിലെ ഹസനിൽ മരിച്ച 82 കാരനായ ഹിരെ ഗൗഡയാണ് എച്ച് 3എൻ2 ബാധിച്ച് ആദ്യമായി ഇന്ത്യയിൽ മരിച്ചതെന്നാണ് കരുതുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഫെബ്രുവരി 24നാണ് ഹിരെ ഗൗഡയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് ഒന്നിന് മരിച്ചു. അദ്ദേഹത്തിന് പ്രമേഹവും ഹൈപ്പർടെൻഷനുമുണ്ടായിരുന്നതായി പറയപ്പെടുന്നു.
രാജ്യത്ത് നിലവിൽ പനിക്കേസുകൾ കൂടുതലായി ഉയരുന്നുണ്ട്. ഭൂരിഭാഗവും എച്ച്3എൻ2 വൈറസ് ബാധമൂലമുണ്ടാകുന്നതാണ്. ‘ഹോങ്കോങ് ഫ്ലൂ’വെന്നാണ് ഇത് അറിയപ്പെടുന്നത്. ഇന്ത്യയിൽ ബാധിച്ച മറ്റ് ഇൻഫ്ലുവൻസ കേസുകളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ പേർക്കും ആശുപത്രി ചികിത്സ ആവശ്യമായി വരുന്നുവെന്നതാണ് എച്ച്3എൻ2 വിന്റെ ഗുരുതരാവസ്ഥ.
എച്ച്3എൻ2വും എച്ച്1എൻ1ഉം കോവിഡുമായി സാമ്യമുള്ള ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുന്നത്. നീണ്ടു നിൽക്കുന്ന ചുമ, പനി, ശ്വാസതടസം, ശ്വാസം കിട്ടാത്ത അവസ്ഥ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചില രോഗികൾക്ക് ഓക്കാനം, ഛർദി, തൊണ്ടവേദന, ശരീരവേദന, വയറിളക്കം എന്നിവയും കണ്ടുവരുന്നു. ഈ ലക്ഷണങ്ങൾ ഒരാഴ്ച വരെ നീണ്ടു നിൽക്കാം.
ചുമക്കുമ്പോഴും തുമ്മുമ്പോഴും അടുത്തു പൊരുമാറുമ്പോഴും വൈറസ് പടരാം. കോവിഡ് കാലത്ത് സ്വീകരിച്ചതുപോലുള്ള മുൻകരുതലുകളും ജാഗ്രതയും തന്നെയാണ് എച്ച്3 എൻ2 വിനെതിരെയും സ്വീകരിക്കേണ്ടതെന്ന് വിദഗ്ധർ നിർദേശിക്കുന്നു. രോഗബാധ വൃദ്ധരിലും കുഞ്ഞുങ്ങളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും ഗുരുതരമാകാം. രണ്ടു വർഷത്തെ മഹാമാരിക്ക് ശേഷം രാജ്യത്ത് ഉയരുന്ന പുതിയ കേസുകൾ ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നതാണ്.
അതേസമയം, രോഗം ബാക്ടീരിയ മൂലമാണോ എന്ന് ഉറപ്പുവരുത്താതെ ആന്റിബയോട്ടിക്കുകൾ നൽകുന്ന പ്രവണതക്കെതിരെ ഐ.എം.എ രംഗത്തെത്തിയിരുന്നു. ഇങ്ങനെ ചെയ്യുന്നത് രോഗാണുക്കൾക്ക് ആന്റിബയോട്ടിക്കിനെതിരായ പ്രതിരോധ ശേഷി വർധിപ്പിക്കുമെന്ന് ഐ.എം.എ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.